വീണ്ടും തരംഗമായി ലോകത്തിലെ ഏറ്റവും ഭംഗിയുള്ള ഇരട്ടകൾ!

2010 ജൂലൈ 7 നാണ് കാലിഫോർണിയക്കാരി ജാക്വി രണ്ട് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. ആ കുരുന്നു മുഖങ്ങൾ ആദ്യമായി കണ്ടപ്പോൾത്തന്നെ ആ അമ്മയ്ക്ക് എന്തൊക്കെയോ പ്രത്യേകതകൾ തോന്നി. അസാമാന്യ സാമ്യമുള്ള സ്വരൂപ ഇരട്ടകളായിരുന്നു അവർ. ആ കുരുന്നു കണ്ണുകളിൽ വല്ലാത്ത ഒരു കാന്തിക ശക്തിയുണ്ടായിരുന്നു.

ലെ റോസ് എന്നും ആവാ മരിയയെന്നും പേരിട്ട ആ കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ ജാക്വി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ടപ്പേന്നാണ് ആ സുന്ദരിക്കുട്ടികളുടെ ചിത്രങ്ങൾ ജാക്വിയെപ്പോലും ഞെട്ടിച്ചു കൊണ്ട് വൈറലായത്. നിരവധി മോഡലിങ് ഏജൻസികൾ തങ്ങളുടെ പരസ്യങ്ങൾക്കായി കുട്ടികളെ ചോദിച്ചുകൊണ്ട് സമീപിക്കാൻ തുടങ്ങി. അങ്ങനെ ആറാം മാസത്തിൽ ആ കുരുന്നുകൾ തങ്ങളുടെ ആദ്യ മോഡലിങ്ങ് ആരംഭിച്ചു.

ഇവരെക്കൂടാതെ ഒരു കുട്ടികൂടെയുണ്ടായിരുന്നു ജാക്വിക്ക്. കുരുന്നുകളുടെ മോഡലിങ്ങും അവരെ വളർത്തലും എല്ലാം കൂടെ ശരിയാവില്ലെന്നു മനസിലായ ആ അമ്മ വന്നുകൊണ്ടിരുന്ന മോഡലിങ് അവസരങ്ങളൊക്കെ പതിയെ ഒഴിവാക്കി.

എന്നാൽ ആ സുന്ദരിക്കുട്ടികൾക്ക് ഏഴ് വയസായപ്പോൾ ജാക്വി അവരുടെ ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ഒറ്റ ദിവസം കൊണ്ടാണ് ആ സഹോദരിമാർ ലോകപ്രശസ്തരായത്. ആ ചിത്രത്തിന് അത്ര സ്വീകാര്യതയായിരുന്നു കിട്ടിയത്. തുടർന്ന് വീണ്ടും ധാരാളം മോഡലിങ്ങ് ഏജൻസികളും അവരെ സമീപിക്കാൻ തുടങ്ങി. മോഡലിങ്ങ് കുട്ടികൾക്കും താല്‍പര്യമായിരുന്നു.

വെറും ഒന്‍പത് വയസ്സുമാത്രം പ്രായമുള്ള സൂപ്പർ മോഡലുകള്‍ വീണ്ടും തരംഗമായി മാറിയിരിക്കുകയാണ്. ഇന്ന് ഇൻസ്റ്റഗ്രാമിലെ അവരുെട ആരാധകരുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിക്കുകയാണ്. ഈ സുന്ദരിക്കുട്ടികളുടെ ഓരോ ചിത്രത്തിനും കിട്ടിക്കൊണ്ടിരിക്കുന്ന ഇഷ്ടം കണ്ടാൽ അറിയാം ഫാഷൻ ലോകത്തെ ഇവരുടെ സ്വീകാര്യത.

ഇന്ന്, ധാരാളം കമ്പനികളുടെ മോഡലുകളാണ് ഈ ക്യൂട്ട് ഇരട്ടകൾ. സൂപ്പർ മോഡലുകളെപ്പോലും ഞെട്ടിക്കുന്നത്ര ആരാധകരുണ്ട് ഇവർക്ക്. ലോകത്തിലെ ഏറ്റവും ഭംഗിയുള്ള സ്വരൂപ ഇരട്ടകളായ കുട്ടികളെന്നാണ് ഇവർ ഇപ്പോൾ അറിയപ്പെടുന്നത്.