മാമുണ്ണാൻ കാടിന്റെ തണൽ, ചുറ്റും സ്വയം നട്ട മരതൈകൾ, കളിക്കാൻ പശുക്കുട്ടി; ഇത് സുചേത് സാഹിയുടെ ലോകം , Social Media, photo series of lillte girl Arpitha, parents, kidsclub,, Manorama Online

മാമുണ്ണാൻ കാടിന്റെ തണൽ, ചുറ്റും സ്വയം നട്ട മരതൈകൾ, കളിക്കാൻ പശുക്കുട്ടി; ഇത് സുചേത് സാഹിയുടെ ലോകം

ലക്ഷ്മി നാരായണൻ

ഭൂമിയിൽ മനുഷ്യൻ ആദ്യമായി പിറന്നു വീണത് കാടിന്റെ മടിത്തട്ടിലേക്കാണ്. അവിടെ നിന്നും പിച്ച വച്ച് നടന്നു തുടങ്ങിയ മനുഷ്യൻ പിന്നീട് കാട് തെളിച്ചു നാടാക്കി വാസം ആരംഭിച്ചു. എന്നിരുന്നാലും കാടിനോടും മരങ്ങളോടും മരത്തണലിനോടുമുള്ള അവന്റെ പ്രണയം അവൻ പലപ്പോഴായി തന്റെ അനന്തരാവകാശികളിലൂടെ കാണിച്ചുകൊണ്ടിരുന്നു. അത്തരത്തിൽ കാടിനേയും പച്ചപ്പിനേയും സ്നേഹിച്ച ആദിമ മനുഷ്യന്റെ പിൻഗാമിയാണ് സുചേത് സാഹി എന്ന ആറ് വയസുകാരൻ.

കൊയിലാണ്ടി സ്വദേശിയായ സുചേത് സാഹി എന്ന സാഹി നാട്ടുകാർക്കും വീട്ടുകാർക്കും ഇടയിൽ അറിയപ്പെടുന്നത് തന്നെ കുട്ടിക്കർഷകൻ എന്ന പേരിലാണ്. ആരുടേയും നിർബന്ധത്തിലോ പ്രലോഭനത്തിലോ കൃഷിയെ സ്നേഹിച്ചതല്ല സാഹി. പറമ്പിലും തൊടിയിലുമെല്ലാമായി മുത്തശ്ശൻ ദാമോദരനും അമ്മൂമ്മയും അച്ഛനുമെല്ലാം ചെടികളും സസ്യങ്ങളും നടുകയും നനയ്ക്കുകയും ചെയ്യുന്നത് കണ്ട് കുഞ്ഞു സാഹി ആ വഴിക്ക് വരികയായിരുന്നു.

സ്വന്തം അധ്വാനത്തിന്റെ ഫലമായി നട്ട ഒരു തണ്ട് കപ്പ, നാല് വേണ്ട തൈകൾ, തക്കാളി ചെടി അങ്ങനെ വളരെ ചെറിയ നിലയ്ക്ക് തുടങ്ങിയ കൃഷികൾ. കൃഷി ചെയ്യെടുക്കുന്ന വിളവിനേക്കാൾ ഏറെ മണ്ണിനോടും സസ്യങ്ങളോടും സാഹി കാണിക്കുന്ന സ്നേഹവും കരുതലുമാണ് ഈ കുരുന്നിനെ വ്യത്യസ്തനാക്കുന്നത്. ടിവിയിൽ കാർട്ടൂൺ കണ്ടിരിക്കാനോ, കൂടുതൽ സമയം കളിപ്പാട്ടങ്ങളുമായി കളിക്കാനോ കക്ഷിക്ക് വലിയ താല്പര്യമില്ല. പകരം ആ സമയം കൂടി തൊടിയിൽ ഇറങ്ങി നടക്കാനും ചെടികൾ നടാനുമാണ് താല്പര്യം.


എല്ലാം തുടങ്ങിയത് ആ സപ്പോട്ട ചെടിയിൽ നിന്നും
സാഹിയുടെ ഒന്നാം പിറന്നാളിനാണ് കക്ഷി ആദ്യമായി ഒരു ചെടി നടുന്നത്. മുത്തശ്ശൻ ദാമോദരൻ സമ്മാനമായി നൽകിയ ഒരു സപ്പോട്ട ചെടിയായിരുന്നു അത്. അന്ന് ചെടി എന്നാലെന്തെന്നോ, അതിന്റെ പരിപാലനം എങ്ങനെയെന്നോ യാതൊരു ധാരണയും സാഹിക്ക് ഉണ്ടായിരുന്നില്ല. അന്ന് നട്ട സപ്പോട്ട മരം എന്നും സാഹിയെക്കൊണ്ട് തന്നെയാണ് നനപ്പിച്ചിരുന്നത്. അങ്ങനെ പയ്യെ പയ്യെ വെള്ളമൊഴിച്ചാലാണ് ചെടികൾ വളരുന്നത് എന്ന തിരിച്ചറിവിലേക്ക് സുചേത് സാഹി എത്തി.

മണ്ണിൽ ഇറങ്ങി കളിക്കുവാനും മണ്ണിനെയും കൃഷിയെയും വളരെ ചെറിയ പ്രായത്തിൽ തന്നെ അറിയുവാനും മാതാപിതാക്കളും മുത്തശ്ശനും അമ്മൂമ്മയുമെല്ലാം അവസരം ഒരുക്കിയത് സാഹിയുടെ പ്രകൃതി സ്നേഹത്തെ വല്ലാതെ സ്വാധീനിച്ചു. ധാരാളം സ്ഥലമുള്ള വീടാണ് കൊയിലാണ്ടിയിലേത്. അവിടെ ഇടതൂർന്നു നിൽക്കുന്ന വൃക്ഷങ്ങളും തണുപ്പും കിളികളുടെ പാട്ടുകളും സാഹിക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ്. ഒപ്പം ഭൂമിശാസ്ത്ര അധ്യാപികയായ 'അമ്മ ശ്രീലൂ ശ്രീപദിയും റൂറൽ ഡെവലപ്മെന്റ് വകുപ്പ് ഉദ്യോഗസ്ഥനായ അച്ഛൻ അനീഷും നൽകുന്ന പ്രകൃതി സംരക്ഷണ പാഠങ്ങൾ ഉൾക്കൊണ്ടാണ് സുചേത് വളർന്നത്.

'അമ്മ ദിനത്തിൽ 'അമ്മ മരം
ഭൂമിയുമായി ബന്ധപ്പെട്ട ദിനങ്ങളിൽ മാത്രമല്ല, പ്രത്യേകതയുള്ള ഏതൊരു ദിവസവും കുഞ്ഞു സാഹി ഒരു മരം നടും. അതിപ്പോൾ തന്റെ പിറന്നാൾ ആയാലും അമ്മയുടെ പിറന്നാൾ ആയാലും അച്ഛന്റെ പിറന്നാൾ ആയാലും അത് അങ്ങനെ തന്നെ. നടാൻ താല്പര്യമുള്ള മരത്തിന്റെ പേര് സാഹി തന്നെ പറയും. അങ്ങനെ മരത്തൈ കണ്ടെത്തുന്നതും കുഴിയെടുത്ത് തൈ നടുന്നതുമെല്ലാം ഈ കൊച്ചു മിടുക്കൻ തന്നെ.

ഇക്കഴിഞ്ഞ മദേഴ്‌സ് ഡേയ്ക്ക് തനിക്ക് എന്താണ് സമ്മാനമായി തരാൻ പോകുന്നത് എന്ന് 'അമ്മ ശ്രീലൂ ചോദിച്ചപ്പോൾ, ഒരു ആലോചനയ്ക്കും ഇട നൽകാതെ സുചേത് ഉത്തരം നൽകി 'അമ്മയ്ക്ക് വേണ്ടി സമ്മാനമായി ഞാൻ ഒരു പ്ലാവ് നടുന്നുണ്ട്'. വീടിന് പിന്നാമ്പുറത്ത് ഇന്നും കുഞ്ഞു സാഹിയുടെ പരിലാളനകൾ ഏറ്റു വാങ്ങി ആ പ്ലാവിൻ തൈ വളരുകയാണ്. 'അമ്മ മരം' എന്നാണ് സാഹി താൻ നട്ട പ്ലാവിന് പേര് നൽകിയിരിക്കുന്നത്.

ഡൈനിംഗ് ടേബിൾ തൊടിയിൽ
വീടിനകത്ത് ഫാനിന്റെ കാറ്റും കൊണ്ട് ഇരുന്നു ഭക്ഷണം കഴിക്കാൻ സാഹിക്ക് തീരെ ഇഷ്ടമല്ല. അതിപ്പോൾ രാവിലത്തെ ബ്രേക്‌ഫാസ്റ്റ് ആയാലും വൈകിട്ടത്തെ ചായ ആയാലും ശരി. ഏക്കറുകണക്കിന് പറന്നു കിടക്കുന്ന കാടിനു സമാനമായ തൊടിയിൽ നാലഞ്ച് കല്ലുകൾ കൂട്ടിച്ചേർത്ത് മേശയുണ്ടാക്കി അവിടെ ഇരുന്നു കിളികളുടെ പാട്ടും കേട്ട് കാറ്റും കൊണ്ട് ഭക്ഷണം കഴിക്കാനാണ് ഇഷ്ടം. ചെറുപ്പത്തിൽ തൊടിയിൽ കൊണ്ടുനടന്നു ഭക്ഷണം കഴപ്പിച്ചിരുന്നു. അതിനാൽ അല്പം വലുതായിട്ടും ആ ശീലം മാറ്റാൻ സാഹി ഒരുക്കമല്ല. ചിത്രരചനയും വീടിന് പുറത്തിരുന്നു ചെയ്യാനാണ് കക്ഷിക്ക് ഇഷ്ടം.


സാഹിക്ക് കളിയ്ക്കാൻ കൂട്ടിനായി ഉള്ളത് ഒരു പശുക്കുട്ടിയാണ്. വീട്ടിലുള്ള വെച്ചൂർ പശുവിന്റെ കുഞ്ഞുങ്ങളെ പിറന്നു വീഴുമ്പോൾ മുതൽ നോക്കുന്നത് സാഹിയാണ്. വളരുമ്പോൾ പശുക്കുട്ടികളെ വിൽക്കുന്നു. അപ്പോയ്‌ഴേക്കും അടുത്ത പശുക്കുട്ടി ജനിക്കും. ഒരു വിരസതയുമില്ലാതെ മണിക്കൂറുകളോളം ചെടിനടലും നനയ്ക്കലുമായി സമയം കളയുന്നതിനു സാഹിക്ക് സന്തോഷമേയുള്ളൂ. പറമ്പിലെ ഭീമൻ മരങ്ങളെ നോക്കി താൻ നട്ട മരം എന്ന് അത്രയും വലുതാകും എന്ന് അമ്മൂമ്മയോട് ചോദിക്കലാണ് കക്ഷിയുടെ സ്ഥിരം പരിപാടി.

ചോദ്യത്തിന് പിന്നാലെ, മരത്തൈ വേഗം വളരുന്നതിനായി വെള്ളവും ഒഴിക്കും. വീട്ടിലെ ചെടികളുടെ പരിപാലനവും നനയും സാഹിയുടെ തന്നെ ചുമതലയാണ്. ഒപ്പം പക്ഷി നിരീക്ഷണവുമുണ്ട്. മൺവെട്ടി എടുത്ത് മണ്ണിൽ കുഴിവെട്ടുന്നതിൽ പോലും സുചേതിൽ മെയ്‌വഴക്കമുള്ള കർഷകനെ കാണാം. അഗ്രിക്കൾച്ചർ സ്പെഷ്യലിസ്റ്റ് ആയ എളേമ്മ അമിതയുടെ ഉപദേശങ്ങളും മണ്ണിനെ പറ്റിയുള്ള കഥകളും സാഹിയെ പ്രകൃതിയോട് ഇണങ്ങുന്നതിൽ സഹായിച്ചിട്ടുണ്ട്. കൊയിലാണ്ടി കോതമംഗലം സർക്കാർ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് സുചേത് സാഹി.

പ്രകൃതിയെ അറിഞ്ഞു വളരുന്നതിനാൽ തന്നെ മകന് മികച്ച രോഗപ്രതിരോധശേഷിയും ശാന്ത സ്വഭാവവുമാണുള്ളതെന്ന് അമ്മയും സമ്മതിക്കുന്നു. ഈ പരിസ്ഥിതി ദിനത്തിൽ കസ്റ്റേർഡ് ആപ്പിൾ ആണ് സാഹി തന്റെ തൊടിയിൽ നട്ടത്. നാളിതുവരെ കുഞ്ഞു വിരലുകളിൽ എണ്ണിയാൽ തീരാത്തത്ര എണ്ണം മരങ്ങൾ ഈ കുഞ്ഞു പ്രകൃതിസ്നേഹി നട്ടു കഴിഞ്ഞു.