കൊറോണക്കാലത്ത് കുഞ്ഞുങ്ങളുടെ ആശങ്കകൾ പറയുന്ന ഗാനവുമായി അധ്യാപകർ ,  lteachers-theater-with-video-song-on-lock-down-time, Kidsclub,,  Manorama Online

കൊറോണക്കാലത്ത് കുഞ്ഞുങ്ങളുടെ ആശങ്കകൾ പറയുന്ന ഗാനവുമായി അധ്യാപകർ

മിത്രൻ

കോഴിക്കോട്∙ ‘‘വിദ്യാലയമേ എന്നിനി നിന്നുടെ മുറ്റത്തെത്താനാവും ചങ്ങാതികളുടെ വിരലുപിടിച്ച് ചെന്നിനിയോടാനാവും? തൊട്ടു നടക്കാനെന്നാവും?’’ സ്കൂളിലെ രസങ്ങളും തമാശകളുമില്ലാത്ത കൊറോണക്കാലത്ത് കുഞ്ഞുങ്ങളുടെ ആശങ്കകൾ പറയുന്ന വിഡിയോ ഗാനവുമായി ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ അധ്യാപകർ. പാട്ടിനാവശ്യമായ ചിത്രങ്ങൾ വരച്ചതും ജില്ലയിലെ വിവിധ സ്കൂളുകളിലെ 8 ചിത്രകലാ അധ്യാപകരാണ് . ‘ശലഭങ്ങളായി വരും’ എന്നു പേരിട്ടിരിക്കുന്ന ഗാനം വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥാണ് ഇന്നലെ പ്രകാശനം ചെയ്തത്.

ജില്ലയിൽ നാടക പ്രവർത്തകരായ പൊതുവിദ്യാലയ അധ്യാപകരുടെ കൂട്ടായ്മയായ ‘ടീച്ചേഴ്സ് തിയറ്ററാ’ണ് ഈ പാട്ടിനു പിന്നിൽ എഴുത്ത്, സംഗീതം, സംവിധാനം, അഭിനയം, ചിത്രകല എന്നീ വിവിധ മേഖലകളിൽ കഴിവു തെളിച്ചിട്ടുള്ള അധ്യാപകരാണ് പാട്ടൊരുക്കിയത്. പാട്ടിന്റെ ആശയവും സർഗാത്മക നേതൃത്വവും നിർവഹിച്ചത് കോഴിക്കോട് ഡയറ്റ് കലാ വിഭാഗം ലക്ചറർ മിത്തു തിമോത്തിയാണ്. നാടക പ്രവർത്തകനും തിരുവങ്ങൂർ ഹൈസ്ക്കൂളിലെ ഇംഗ്ലീഷ് അധ്യാപകനുമായ ശിവദാസ് പൊയിൽക്കാവ് ക്രിയാത്മക നിർദേഷ്ടാവാണ്.

ചലചിത്ര ഗാന രചയിതാവും കവിയും ഫറോക്ക് ജിഎംയുപി സ്ക്കൂൾ ഹെഡ് മാസ്റ്ററുമായ രമേശ് കാവിലാണ് വരികൾ ചിട്ടപ്പെടുത്തിയത്. സംഗീതവും ഓർക്കസ്ട്രേഷനും നടത്തിയത് സംഗീത സംവിധായകനും കീ ബോർഡ് ആർട്ടിസ്റ്റുമായ നടക്കാവ് ജിഎച്ച്എസ്സിലെ ഹൈസ്ക്കൂൾ വിഭാഗം ഹിന്ദി അധ്യാപകൻ സന്തോഷ് നിസ്വാർത്ഥയാണ്. തൃക്കുറ്റിശ്ശേരി ജിയുപി സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർഥി നിരഞ്ജനയുംഎസ്എൻ ട്രസ്റ്റ് എച്ച്എസ്എസ്സിലെ മലയാളം അധ്യാപകൻ യു.പി. ഭാനുപ്രകാശുമാണ് പാട്ടുപാടിയത്. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ ചിത്രകലാ അധ്യാപകൻ ഹാരൂൺ അൽ ഉസ്മാൻ , പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂളിലെ സുരേഷ് ഉണ്ണി, ജെഡിടി ഹൈസ്കൂളിലെ സാജിത് ചോല, ഹിമായത്തുൽ ഇസ്‌ലാം സ്കൂളിലെ ഫൈസൽ പുത്തലത്ത്, ഫറോക്ക് സിഎം എച്ച്എസ്എസ്സിലെ കലേഷ്.കെ.ദാസ്, ചെറുവണ്ണൂർ ജിവിഎച്ച്എസ്എസ്സിലെ രാംദാസ് കക്കട്ടിൽ, കുന്നമംഗലം ഹയർസെക്കന്ററി സ്കൂളിലെ കൃഷ്ണൻ പാതിരിശ്ശേരി, പാലോറ സ്കൂളിലെ സതീഷ് കുമാർ പാലോറ എന്നിവരാണ് ചിത്രങ്ങൾ വരച്ചത്. നടക്കാവ് സ്കൂളിലെ ചിത്രകല അധ്യാപകൻ ടി.മൻസൂറാണ് എഡിറ്റു ചെയ്തത്. സബ്ടൈറ്റിൽ ഒരുക്കിയത് ആംഗ്ലോഇന്ത്യൻ സ്കൂളിലെ അധ്യാപികയായ എം.എസ് ജിസ്മയാണ്.