രാജ്യം ഏറ്റവും കൂടുതൽ തിരഞ്ഞ പട്ടികയിൽ തൈമൂറും!

കരീനയുടെയും സെയ്ഫിന്റേയും പൊന്നോമന പുത്രൻ തൈമൂർ അലി ഖാൻ ഒരു തരംഗമാണ്. അതുകൊണ്ടല്ലേ ഈ കൊച്ചുമിടുക്കൻ യാഹുവിന്റെ 2018 റിവ്യൂവിൽ സ്ഥാനം പിടിച്ചത്. 2018 ൽ ഇന്ത്യയിലെ ജനങ്ങൾ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞ വ്യക്തികളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് യാഹൂ. ഇതിൽ ഏറ്റവും കൂടുതല്‍ തിരഞ്ഞ പ്രായം കുറഞ്ഞയാൾ സൈഫ്–കരീന ദമ്പതികളുടെ മകൻ തൈമൂര്‍ അലി ഖാനാണ്. ഒന്നാം സ്ഥാനത്തുള്ളത് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കാണ് രണ്ടാം സ്ഥാനം. മുത്തലാഖ്, സ്വവര്‍ഗരതി നിയമപരമാക്കൽ, ശബരിമല യുവതീപ്രവേശം തുടങ്ങിയ സുപ്രധാന വിധികള്‍ പുറപ്പെടുവിച്ച സുപ്രീംകോടതി ജഡ്ജി ദീപക് മിശ്രയാണ് മൂന്നാം സ്ഥാനത്തുളളത്.

കരീനയുടെയും സെയ്ഫിന്റേയും പൊന്നോമന പുത്രൻ തൈമൂർ സോഷ്യല്‍മീഡിയയുടെ പ്രിയ താരമാണ്. ജനിച്ച അന്ന് മുതൽ ഒരു കൊച്ചുരാജകുമാരനെപ്പോലെയാണ് കക്ഷിയുടെ ജീവിതം. ഈ കുഞ്ഞു പട്ടൗഡിക്ക് കരീനയേയും സെയ്ഫിനേയുംകാൾ ആരാധകരുണ്ടെന്നാണ് പറയപ്പെടുന്നത്. അതിനു പുറമേ ബോളിവുഡിലുമുണ്ട് കക്ഷിക്ക് ആരാധകർ. തൈമൂർ എങ്ങോട്ട് തിരിഞ്ഞാലും ആരാധകരും പാപ്പരാസികളും പുറകെക്കാണും. കക്ഷിയുടെ രൂപസാദൃശ്യമുള്ള പാവക്കുട്ടിയിറങ്ങിയതും ഇക്കൊല്ലമാണ്.

കുഞ്ഞിന്റെ സകലകാര്യങ്ങളും നോക്കുന്ന പ്രിയപ്പട്ടെ നാനി സാവിത്രിയും ഇക്കൊല്ലം വാർത്തയിലിടം നേടിയിരുന്നു. തൈമൂറിനെ നോക്കുന്നതിന് അവരുടെ മാസശമ്പളം ഒന്നരലക്ഷം രൂപയാണെന്നത് വലിയ വാർത്തയായിരുന്നു.

തൈമൂറിന്റെ ചിത്രങ്ങളും വിശേഷങ്ങളും എപ്പോഴും വൈറലാണ്. ബോളിവുഡിലെ ഏറ്റവും താരത്തിളക്കമുള്ള കുഞ്ഞായി മാറിയിരിക്കുകയാണ് കക്ഷി. കുട്ടിനവാബിന്റെ ആരാധകരുടെ എണ്ണം കൂടിക്കൊണ്ടിരുക്കുകയാണിപ്പോൾ. അതിന്റെ ഏറ്റവും വലിയ തെളിവാണല്ലോ ഇന്റര്‍നെറ്റില്‍ ഏറ്റവും തിരഞ്ഞ ആളുകളുടെ പട്ടികയിൽ ഈ കുട്ടിത്താരം ഉൾപ്പെട്ടത്.

തൈമൂർ എന്ന പേരിനെ ചൊല്ലിയും ചില്ലറ വിവാദങ്ങളൊന്നുമല്ലായിരുന്നു സമൂഹമാധ്യമത്തിൽ നടന്നത്. കരീനയുടെ അച്ഛൻ രൺധീർ കപൂർ ഒരിക്കൽ പറ‍ഞ്ഞത് രസകരമാണ്, 'എല്ലാ ദിവസവും രാവിലത്തെ പത്രത്തിൽ എന്റെ കൊച്ചുമകന്റെ ചിത്രമുണ്ടാകും, അവന്റെ ആയയെപ്പോലും ഇപ്പോൾ എല്ലാവർക്കും അറിയാം.' എന്നാൽ കരീന പറയുന്നത് ഒരു സാധാരണ കുട്ടിയായി തൈമൂറിനെ വളർത്താനാണിഷ്ടമെന്നാണ്. സ്റ്റാർ കിഡ് ആയി വളരാതെ അവനിഷ്ടമുള്ളത് പോലെ ജീവിക്കട്ടെ എന്നും അവർ പറയുന്നു.