'നീ എന്റെ മകളല്ല’; സുസ്മിത അത് പറഞ്ഞപ്പോൾ 'മകളുടെ' മറുപടി!, Susmitha sen, Daughters, Adoption, Viral post, Social Media, Manorama Online

'നീ എന്റെ മകളല്ല’; സുസ്മിത അത് പറഞ്ഞപ്പോൾ 'മകളുടെ' മറുപടി!

സൂപ്പർ സ്ട്രോങ് എന്ന വിശേഷണത്തിന് ഏറ്റവും അനുയോജ്യയായ സെലിബ്രിറ്റി അമ്മയാണ് സുസ്മിത സെൻ. 1994 ൽ മിസ് യൂണിവേഴ്സ് കിരീടം ചൂടിയ അന്നു മുതൽ സുസ്മിതയുടെ ഓരോ പ്രവർത്തികളും വ്യത്യസ്തമായിരുന്നു. സൗന്ദര്യ പട്ടം ലഭിച്ചതിന് ശേഷം ബോളിവുഡ് കീഴടക്കിയ സുസ്മിത ജീവിതത്തിലെടുത്ത വ്യത്യസ്തമായ രണ്ട് തീരുമാനങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. അവിവാഹിതയായ സുസ്മിത രണ്ട് പെണ്‍കുഞ്ഞുങ്ങളെ ദത്തെടുക്കുക എന്ന തീരുമാനമെടുത്തപ്പോൾ ലോകം അവളെ ഹൃദയത്തോട് ചേർത്തു നിൽത്തി. വെറും ഇരുപത്തിരണ്ടാമത്തെ വയസിലാണ് പെണ്‍കുഞ്ഞിനെ ദത്തെടുക്കുക എന്ന ശക്തമായ തീരുമാനം അവർ എടുത്തത്. ശക്തമായ തീരുമാനങ്ങളെടുക്കാനും അവയിൽ ഉറച്ചുനിൽക്കുവാനും സുസ്മിത കാട്ടുന്ന മിടുക്ക് ഒന്നു വേറെതന്നെയാണ്. .. റെനീ, അലീസാ, എന്നീ രണ്ട് ദത്തു പുത്രിമാരാണ് സുസ്മിതയ്ക്കുള്ളത്. ഇന്നു തന്റെ പെൺമക്കൾക്കായാണ് സുസ്മിതയുടെ ജീവിതം.

18-ാമത്തെ വയസിൽ വിശ്വസുന്ദരി പട്ടംനേടിയ വേദിയിൽ വച്ചായിരുന്നു താൻ ഒരു കുഞ്ഞിനെ ദത്തെടുക്കുമെന്ന സുസ്മിതയുടെ പ്രഖ്യാപനം. അതാണ് ഏറെക്കഴിയും മുമ്പേ അവർ യാഥാർത്ഥ്യമാക്കിയതും. ഇപ്പോഴിതാ, തന്റെ മൂത്ത മകളോട് അവളൊരു ദത്തുപുത്രിയാണെന്ന സത്യം തുറന്നു പറഞ്ഞ നിമിഷത്തെക്കുറിച്ച് സുസ്മിത വെളിപ്പെടുത്തിയിരിക്കുന്നു.

റെനിക്ക് 16 വയസായപ്പോഴാണ് അവളൊരു ദത്തു പുത്രിയാണെന്ന സത്യം സുസ്മിത തുറന്നു പറഞ്ഞത്. അതിന്, സത്യമാണോ എന്നായിരുന്നു അവളുടെ ആദ്യ പ്രതികരണം. അപ്പോൾ, നീ എന്റെ രക്തത്തിൽ അല്ല ഹൃദയത്തിലാണ് ജനിച്ചതെന്ന് സുസ്മിത മറുപടി നൽകി.

എപ്പോൾ വേണമെങ്കിലും സ്വന്തം മാതാപിതാക്കളെ അന്വേഷിച്ച് പോകാം എന്നും താൻ ഒരിക്കലും ആ സ്വാതന്ത്ര്യത്തിന് തടസമാകില്ലെന്നും സുസ്മിത മകളെ അറിയിച്ചു. അവർ ആരെണന്നും എന്താണെന്നും അറിയില്ല, അതുകൊണ്ട് തന്നെ തെറ്റായ വിവരങ്ങൾ തന്ന് വഴിതെറ്റിക്കാനില്ലെന്നും സുസ്മിത വ്യക്തമാക്കി. എന്നാൽ തനിക്ക് അതിന്റെ ആവശ്യമില്ലെന്നും, അവരെ കാണണമെന്നുള്ള ആഗ്രഹമില്ലെന്നും അവരെക്കുറിച്ച് അറിയേണ്ടെന്നുമായിരുന്നു റെനിയുടെ പ്രതികരണം. അമ്മ എന്ന നിലയിൽ പരിപൂർണ്ണയായി തോന്നിയ നിമിഷമായിരുന്നു അതെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുസ്മിത മനസ് തുറന്നു.