കടലുകൾ കടന്ന് മക്കളുടെ സ്നേഹക്കൂട്ടിൽ അച്ഛൻ; മനം നിറച്ച് വിഡിയോ. NRI Father, Surprise visit Manorama Online

മക്കളുടെ സ്നേഹക്കടലിലേക്ക് അച്ഛൻ പറന്നെത്തി; ഹൃദയം നിറയ്ക്കും ഈ വിഡിയോ

പ്രവാസികളുടെ വേദനയോടെയുള്ള തിരിച്ചും പോക്കും സന്തോഷത്തോടെയുള്ള മടങ്ങിവരവുമൊക്കെ പല വിഡിയോകളിലൂടെ നാം കാണാറുണ്ട്. പ്രവാസികളുടെ ജീവിതം പലപ്പോഴുമിങ്ങനെയാണ്. നാട്ടിൽ അവധിക്കെത്തുന്ന ആ സന്തോഷവും ഉറ്റവരെ പിരിഞ്ഞ് തിരികെയുള്ള ആ യാത്രയും ഓരോ പ്രവാസിയുടേയും ജീവിതത്തിന്റെ ഭാഗമാണ്. യാത്ര പറയലിന്റെ കണ്ണുനിറയ്ക്കുന്ന പല വിഡിയോകൾ, അതിൽത്തന്നെ കുഞ്ഞുമക്കളുടെ സങ്കടങ്ങൾ, കാണുന്നവരേയും സങ്കടത്തിലാക്കും.

തിരികെ നാട്ടിലെത്തുന്ന വിവരം ഉറ്റവരെ അറിയിക്കാതെ എത്തി അവരെ ഞെട്ടിക്കുന്ന പ്രവാസികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. അവിചാരിതമായി മുന്നിലെത്തുന്ന പ്രിയപ്പെട്ടവരെ കാണുമ്പോള്‍ വീട്ടുകാരുടെ സന്തോഷം ഒന്നു കാണേണ്ടതുതന്നെയാണ്. മക്കളെ അറിയിക്കാതെ വീട്ടിലെത്തിയ ഒരച്ഛന്റെ വിഡിയോ വൈറലാകുകയാണ്.

അപ്രതീക്ഷിതമായി സ്വീകരണമുറിയിൽ അച്ഛനെ കണ്ട മൂന്നു മക്കളുടേയും സൂപ്പർ പ്രതികരണങ്ങൾക്ക് ആരാധകരേറെയാണ്. പാൽക്കുപ്പിയുമായി ആദ്യമെത്തിയത് ഒരു കുഞ്ഞുവാവയാണ്. അച്ഛനെക്കണ്ട സന്തോഷത്തിൽ കുഞ്ഞാവയ്ക്ക് ചിരിയടക്കാനായില്ല. പാൽക്കുപ്പിയുമായി സെറ്റിയിൽക്കിടന്ന് ചിരിയോട് ചിരിയാണ് കുഞ്ഞാവ. കിലുക്കത്തിൽ ഇന്നസെന്റിന് ലോട്ടറി അടിച്ചന്ന് കേൾക്കുമ്പോഴുള്ള ചിരി പോലെയെന്നാണ് ഈ സൂപ്പർ ചിരിക്കുള്ള കമന്റ്.

അടുത്തതായി എത്തിയ മൂത്തമകനാകട്ടെ അച്ഛനെ കണ്ട് ഷോക്കടിച്ചമാതിയൊരു നിൽപ്പാണ്. വിശ്വസിക്കാനാകാതെ നിൽക്കുന്ന ചേട്ടനു മുൻപിൽ നടുവിലത്തെയാളും എത്തി. ആ മോൾ തന്റെ സന്തോഷം പ്രകടിപ്പിച്ചതാണ് അതിലും സൂപ്പർ. ഒാടിയെത്തി അച്ഛനെ കെട്ടിപ്പിടിച്ച് ഉമ്മകൾകൊണ്ടാണവൾ തന്റെ സന്തോഷം അറിയിച്ചത്. പിന്നെ കുഞ്ഞാവയും ചേട്ടനും ഒട്ടും മടിച്ചില്ല. അച്ഛന്റെ മടിയിലേക്ക് ഓടിക്കയറി കുഞ്ഞാവയും അച്ഛനുമ്മകൾ നൽകി മകനും മകളും. ഈ മക്കളുടെ സ്നേഹവും അവരെ ചേർത്തു പിടിച്ചു നിൽക്കുന്ന അച്ഛനും സൂപ്പറാ.