'ഞാൻ വിരൂപയാണ്'; പൊട്ടിക്കരഞ്ഞ് പെണ്‍കുട്ടി; വിഡിയോ പങ്കുവച്ച് സുപ്രിയ, Supriya Prithviraj, post a video of little girl, body shaming, social media post, Kidsclub,  Manorama Online

'ഞാൻ വിരൂപയാണ്'; പൊട്ടിക്കരഞ്ഞ് പെണ്‍കുട്ടി; വിഡിയോ പങ്കുവച്ച് സുപ്രിയ

നിറത്തിന്റേയും ഉയരക്കുറവിന്റേയും മറ്റ് ശാരീരിക പ്രശ്നങ്ങളുടേയും പേരിൽ മറ്റുള്ളവരുടെ കളിയാക്കലുകൾ ഏറ്റുവാങ്ങേണ്ടി വരുന്നവർ ഏറെയുണ്ട്. ചിലർ കുഞ്ഞുങ്ങളാണെന്ന പരിഗണണ പോലും കൊടുക്കാതെ വളരെ ക്രൂരമായി കളിയാക്കാറുണ്ട്. ഉയരക്കുറവിന്റെ പേരിൽ കളിയാക്കലേറ്റു വാങ്ങിയ ക്വാഡന്റെ കരച്ചില്‍ നാം കണ്ടിട്ട് അധികനാളായിട്ടില്ല. സമാനമായൊരു വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. പൃഥിരാജിന്റെ ഭാര്യ സുപ്രിയയും ഈ വിഡിയോ പങ്കുവച്ചിട്ടുണ്ട്. 'If there is one thing you watch today let it be this. To all the little girls out there, you are more than your looks. Let nobody tell you otherwise. We can be all that we want to be and more.' എന്ന കുറിപ്പോടെയാണ് സുപ്രിയ കണ്ണുനിറയ്ക്കുന്ന ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. പുറമെ കാണുന്നതിനേക്കാളും നിറത്തേക്കാളും ഉയരെയാണ് നാം എന്നാണ് സുപ്രിയ പറയുന്നത്.

ഒരു കൊച്ചുപെൺകുട്ടിയും സ്ത്രീയുമാണ് വിഡിയോയിലുള്ളത്. പെൺകുട്ടിയുടെ മുടികെട്ടി കൊടുക്കുകയാണ് ആ സ്ത്രീ. താൻ വളരെ വിരൂപയാണെന്ന് സങ്കടത്തൊടെ ആ കുഞ്ഞ് അവരോട് പറയുന്നു. അങ്ങനെ പറയരുതെന്നും ആരാണ് അങ്ങനെ പറഞ്ഞത് അവർ ചോദിക്കുന്നുണ്ട്. നീ വളരെ സുന്ദരിയാണെന്നും നല്ല മനോഹരമായ നുണക്കുഴികളുണ്ടെന്നും ‌അവർ കുഞ്ഞിനെ ആശ്വസിപ്പിക്കുന്നുണ്ട്. പക്ഷേ ആ ആശ്വാസവാക്കുകൾക്കൊന്നും അവളുടെ സങ്കടം മാറ്റാനാകുന്നില്ല. സങ്കടത്തോടെ വിങ്ങിക്കരയുകയാണ് ആ കുരുന്ന്. അവളെ വാരി പുണർന്നുകൊണ്ട് നിറയെ ആശ്വാസവാക്കുകൾ പറയുകയാണ് ആ സ്ത്രീ. ബോഡി ഷെയ്മിങ് എത്രമാത്രം ഒരാളുടെ മനസിനെ വേദനിപ്പിക്കുമെന്നതിന് ഉത്തമ ഉദാഹരണമാണീ വിഡിയോ.