കടുവയെ പിടിക്കുന്ന കിടുവ; കഥ, Story, Tiger and, Fox, Kidsclub , Manorama Online

കടുവയെ പിടിക്കുന്ന കിടുവ; കഥ

പൂന്തോട്ടത്തു വിനയകുമാർ

വളരെ പണ്ട് ഒരു കാട്ടിൽ നടന്ന ഒരു കഥ ആണിത്.പണ്ടെന്നു പറഞ്ഞാൽ വളരെ പണ്ട്.
അന്നൊക്കെ മനുഷ്യരൊക്കെ വളരെ കുറവായിരുന്നു.
കാട്ടിൽ എല്ലാ മൃഗങ്ങൾ ഉണ്ടായിരുന്നു താനും.
മൃഗങ്ങളിൽ ഏറ്റവും ബുദ്ധിയുള്ളതു കുറുക്കനാണ്.
കുറുക്കൻ കൂടുണ്ടാക്കാറില്ല പണിയൊന്നും ചെയ്യാറില്ല .... അങ്ങനെ ബുദ്ധി ഉപയോഗിച്ച് ജീവിച്ചു പോകുന്നു.

തൊട്ടടുത്ത കാട്ടിൽ നിന്നും ആ കാട്ടിലേക്ക് ഒരു കുറുക്കനും ഭാര്യയും മക്കളായ മൂന്നു കുഞ്ഞി കുറുക്കന്മാരുമായിട്ടെത്തി ...അവർ അങ്ങനെ ഇടയ്ക്കൊക്കെ ടൂർ പോകാറുണ്ട്. ഇന്നാണെങ്കിൽ നമ്മൾ ഹോട്ടലുകളോ റിസോർട്ടുകളോ ഒക്കെ ബുക്ക് ചെയ്യും.
എന്നാൽ കുറുക്കൻ മാത്രം എവിടെ ചെന്നാലും മറ്റു ജീവികളുടെ മാളങ്ങളിൽ ആധിപത്യം സ്ഥാപിക്കുകയ്യാണ് ചെയ്യാറുള്ളത്.
മൃഗങ്ങളുടെ വീട് എന്ന് പറയുന്നത് വലിയ മരപ്പൊത്തുകളോ ഭൂമിയിലുള്ള വലിയ മാളങ്ങളും ഗുഹകളും ഒക്കെയാണ്.
അങ്ങനെ നോക്കിയപ്പോൾ പുതിയ ഒരു ഗുഹ ഒരു ചെറിയ മലയുടെ താഴ്ഭാഗത്തായി കുറുക്കൻ കണ്ടു...

ആ പ്രദേശം അച്ഛൻ കുറുക്കൻ വളരെ കാര്യമായി നിരീക്ഷിച്ചു. വളരെ നല്ല മനോഹരമായ സ്ഥലം. കുറുക്കച്ചൻ മനസ്സിലോർത്തു. അതിനകത്തു കയറിനോക്കി. ഭാഗ്യം ആരും അകത്തില്ല. തീറ്റ തേടിപ്പോയിരിക്കുന്ന ഏതോ മൃഗത്തിനതീതയായിരുന്നു ആ ഗുഹ. അവിടെയിരുന്നാൽ തണുത്ത കുളിർകാറ്റു ഏൽക്കും, പച്ചപുതച്ച കിടക്കുന്ന പുൽത്തകിടി കാണാം. അതിലെ വരുന്ന മുയലിനെയും, മാനിനെയും ഒകെ പിടിച്ചു തിന്നാം... അങ്ങനെ കുരുക്കച്ചന് വളരെ സന്തോഷമായി.

കുറുക്കച്ചൻ ഭാര്യയോട് പറഞ്ഞു. എടി, നമ്മൾ ഇവിടെ കുറെയേറെ ദിവസം താമസിക്കാൻ പോവുകയാണ്. ഇപ്പോൾ കാട്ടിലെ സ്കൂളിനൊക്കെ അവധിയുമാണല്ലോ. രണ്ടു മാസം നമുക്കിവിടെ ഉല്ലസിക്കാം. കുറുക്കച്ചിക്കും കുട്ടികൾക്കും വളരെ സന്തോഷമായി. കിച്ചണിൽ പോയപ്പോൾ കുറെ ആഹാരം ഉണ്ടാക്കി വെച്ചിച്ചുണ്ട്.
കുറുക്കനും കുരുക്കച്ചിയും മക്കളും കൂടി ആ ആഹാരമെല്ലാം അകത്താക്കി. അപ്പോഴത്തേക്കു സന്ധ്യയായി. കുറുക്കച്ചൻ പറഞ്ഞു. ഇന്ന് എല്ലാവരും വിശ്രമിച്ചോളൂ. നാളെ നമ്മൾ കാട്ടിലെ സർക്കസും, സൂപ്പർ സ്റ്റാർ ടുട്ടു കരടി അഭിനയിക്കുന്ന സിനിമ 'മനുഷ്യ മുരുകൻ' കാണാൻ പോകാമെന്നും പറഞ്ഞു.
നേരം ഇരുട്ടിത്തുടങ്ങി. അവ്യക്തമായി മാത്രം പുറം കാഴ്ചകൾ കാണാം. ഒന്ന് മയങ്ങിപ്പോയിരുന്നു കുറുക്കച്ചൻ. അപ്പോളതാ പുറത്തൊരു വലിയ ശബ്ദം. കുറുക്കച്ചൻ ഞെട്ടി കണ്ണുകൾ തുറന്നു.അപ്പൊ ആ കാഴ്ച കണ്ടു. അതാ ഒരു വലിയ കടുവ.

അത് ഏതോ വലിയ ഒരു മൃഗത്തിനെ കൊന്നു അതിനേം കൊണ്ട് വന്നിരിക്കുകയാണ്. അപ്പൊ കുറുക്കച്ചന് ഒരു കാര്യം മനസിലായി. ആപ്പ ഊപ്പ ഒന്നുമല്ല വന്നിരിക്കുന്നത്. അതിക്രമിച്ചു തങ്ങൾ കടന്നിരുക്കുന്ന ഈ ഗുഹ ഭീകരനായ ഈ കടുവയുടേതാണ്. കടുവ ഇതറിഞ്ഞാൽ ആ നിമിഷം തങ്ങളെ പൊറോട്ട കീറുന്നത് പോലെ കഥ കഴിക്കും. കുറുക്കനും, കുറുക്കിയും കുറുക്ക കുഞ്ഞുങ്ങളും എല്ലാം പേടിച്ചു വിറച്ചു. ഏതു നിമിഷവും കടുവ അകത്തേക്ക് വരാം. അങ്ങനെ വന്നാൽ കഥ കഴിഞ്ഞത് തന്നെ. എന്തെങ്കിലും ഒരു ബുദ്ധി പ്രയോഗിക്കണമല്ലോ ...

കുറുക്കച്ചൻ ആലോചിച്ചു. കടുവ ഗുഹയുടെ കവാടത്തിലെത്തിക്കഴിഞ്ഞു. പെട്ടെന്ന് കുറുക്കച്ചൻ കുറുക്കിയോടു പറഞ്ഞു. നീ ആ പിള്ളാരെയൊന്നു നുള്ള്... ഇത് കേൾക്കേണ്ട നിമിഷം കുറുക്കി കുഞ്ഞുങ്ങളെ നല്ല പോലെ ഒന്ന് നുള്ളി. അപ്പോൾ കുറുക്ക കുഞ്ഞുഞ്ഞല്ലാം കൂടി ഉറക്കെ കരയുവാൻ തുടങ്ങി. ഇത് കേട്ട കടുവ ഒന്നു പകച്ചു.

കടുവച്ചാർ ചുമന്നു കൊണ്ടുവന്നു വലിയ മൃഗത്തിനെ താഴേക്കിട്ടു. ആരോ തന്റെ ഗുഹക്കകത്തുണ്ടെന്നു കടുവച്ചാർക്കു മനസിലായി. കടുവയെ പേടിക്കാത്ത മൃഗമോ? എന്നാൽ അതൊന്നു കാണണമല്ലോ. കടുവച്ചാർ മനസ്സിലോർത്തു. ധൈര്യപൂർവം അകത്തേക്ക് കയറാനായി കടുവ ഒരുങ്ങിയതും കുറുക്കച്ചൻ വളരെ ഉച്ചത്തിൽ കുറുക്കത്തിയോട് ചോദിച്ചു എന്തിനാടീ പിള്ളാര് കിടന്നു കരയുന്നത് ?
അപ്പൊ കുറുക്കത്തി പറഞ്ഞു 'വിശന്നിട്ടാണ്' അപ്പൊ കുറുക്കൻ 'വിശന്നിട്ടോ, കുറച്ചുമുമ്പല്ലേ ഞാൻ രണ്ടുമൂന്നു കടുവകളെ തല്ലിക്കൊന്നു കൊടുത്തത്; ഈ സന്ധ്യക്കു ഞാൻ ഇനീം എവിടെപ്പോയി കടുവയെപ്പിടിക്കാനാ...'
കുറുക്കച്ചൻ ഇത് പറഞ്ഞു തീർന്നതും പിടിച്ചുകൊണ്ടു വന്ന മൃഗത്തിനെയും വലിച്ചെറിഞ്ഞിട്ടു കടുവച്ചാർ ഒരൊറ്റ ഓട്ടമായിരിന്നു. കടുവ ഇനി തിരിച്ചുവരില്ലെന്ന് കുറുക്കൻ ഉറപ്പിച്ചു...
ആ ശല്യം ഒഴിഞ്ഞ സന്തോഷത്തിൽ ഒരു മൂളിപ്പാട്ടൊക്കെ പാടി കുറുക്കൻ സുഖമായി കിടന്നുറങ്ങാൻ തുടങ്ങി. കടുവയാകട്ടെ ഓടി ഓടി തളർന്നു ഒരു പാറപ്പുറത്തു കയറിയിരുന്നു കിതച്ചുകൊണ്ടിരിക്കുമ്പോൾ കടുവയുടെ സുഹൃത്തായ പാണ്ടൻ നായ അതുവഴി വന്നു. 'എന്താ ചേട്ടാ ...ഇവിടിരുന്നു കിതയ്ക്കുന്നത്...എന്ത് പറ്റി, സുഖമില്ലേ ..' പാണ്ടൻ നായ ചോദിച്ചു.
അപ്പോൾ കടുവ പറഞ്ഞു. എന്റെ പൊന്നു ചങ്ങാതി ഞാൻ ഈ കാട് വിട്ടു വേറെ എവിടെയെങ്കിലും പോവാണ്....
എന്ത് പറ്റി.. "- വീണ്ടും പാണ്ടൻ നായ ചോദിച്ചു.
ഒന്നും പറയേണ്ട എന്റെ ചങ്ങാതി , കടുവയെ പിടിക്കുന്ന ഒരു കിടുവ എന്റെ ഗുഹയ്ക്കകത്തു ഇരിപ്പുണ്ട്... ഭാഗ്യത്തിന് ..അതെന്നെ കണ്ടില്ല..."-
വിറയലോടെ കടുവച്ചാർ പറഞ്ഞു
കടുവയെ പിടിക്കുന്ന കിടുവയോ...
പാണ്ടൻ നായക്ക് ഒരെത്തും പിടിയും കിട്ടിയില്ല.
നായ പറഞ്ഞു..."ചേട്ടനെ ഇതാരോ പറ്റിക്കാൻ ചെയ്യുന്നതാണ്.."
'അയ്യോ അല്ലല്ല , ഹോ ഓർക്കാൻ കൂടി വയ്യ...-കടുവച്ചാർ പറഞ്ഞു.
പാണ്ടൻ നായ പറഞ്ഞു..".ചേട്ടാ ഇതുവരെ അങ്ങനെ ഒരു മൃഗത്തിനെ കുറിച്ചു ന്യൂസ് പേപ്പറിലോ, ടിവിയിലോ വന്നിട്ടില്ല. എങ്ങനെ ഇത് വിശ്വസിക്കും..ഒക്കെ ഒരു കാര്യം ചെയ്യാം ...ഞാൻ കൂടി വരാം ...നമുക്കൊന്നിച്ചു പോയി നോക്കിയാലോ...?"
ഒത്തിരി പറഞ്ഞു കഴിഞ്ഞപ്പോൾ കടുവച്ചാർക്കും തോന്നി തിരികെ പോയിനോക്കാമെന്നു. പക്ഷെ ഒരു കരാർ കടുവച്ചാരുടെയും പാണ്ടൻ നായയുടെയും വാലുകൾ തമ്മിൽ കൂട്ടിക്കെട്ടണം. അങ്ങനെ ചെയ്‌താൽ ഒരു പക്ഷെ കടുവയെ പിടിക്കുന്ന കിടുവയുണ്ടെങ്കിൽ പാണ്ടൻ നായയെയും അവൻ പിടിക്കുമല്ലോ. ഒടുവിൽ ഇരുവരുടെയും വാലുകൾ തമ്മിൽ കൂട്ടിക്കെട്ടി അവർ ഒരു ചൂട്ടൊക്കെ കത്തിച്ചു രാത്രിയിൽ കടുവച്ചാരുടെ ഗുഹ ലക്ഷ്യമാക്കി നടന്നു. ഇടക്കെപ്പോഴോ ഉണർന്ന കുറക്കച്ചൻ പുറത്തേക്കു നോക്കിയപ്പോൾ അതാ വരുന്നു വാലൊക്കെ കൂട്ടിക്കെട്ടി കടുവയും പാണ്ടൻ നായയും.. കഥ കഴിഞ്ഞത് തന്നെ.
കുറുക്കിയും കുറക്കകുഞ്ഞുങ്ങളും സുഖമായിട്ടുറങ്ങുകയാണ്. എന്തു ചെയ്യും. കുറുക്കച്ചൻ ആലോചിച്ചു. പെട്ടെന്ന് കുറുക്കച്ചന്റെ ബുദ്ധിയിൽ ഒരാശയം ഉദിച്ചു. കുറുക്കച്ചൻ വളരെ ഉറക്കെ വിളിച്ചു ചോദിച്ചു. 'ആഹാ , പാണ്ടൻ നായേ നീ അഞ്ചു കടുവയുടെ അഡ്വാൻസും മേടിച്ചിട്ടു ഉണങ്ങിയ ഒരു കടുവമായിട്ടാണോ വന്നേക്കുന്നത്' ഇത് കേട്ടതും കടുവ തിരിഞ്ഞു കുതിച്ചു പാഞ്ഞു ...പാവം പാണ്ടൻ നായയോ വാല് കൂട്ടിക്കെട്ടിയതിനാൽ രക്ഷപ്പെടാനും കഴിയില്ല....അങ്ങനെ കടുവ പാണ്ടൻ നായയെ നിലത്തുകൂടി വലിച്ചിഴച്ചു കൊണ്ടു പറപറക്കുന്നത് കണ്ടു കുറുക്കച്ചൻ പൊട്ടിച്ചിരിച്ചു.