ഞങ്ങളുടെ അമ്മമാരെ ഓർത്ത് ഒന്ന് വീട്ടിലിരിക്കൂ; കണ്ണുനിറച്ച് കുട്ടികളുടെ ക്യാംപെയിൻ ,  Corona virus, Stay home campaign, by children and, covid19, Kidsclub, Manorama Online

ഞങ്ങളുടെ അമ്മമാരെ ഓർത്ത് ഒന്ന് വീട്ടിലിരിക്കൂ; കണ്ണുനിറച്ച് കുട്ടികളുടെ ക്യാംപെയിൻ

കൊറോണ നാടെങ്ങും വ്യാപിക്കുകയാണ്. ഇനി മരുന്ന് കണ്ടെത്താത്ത വൈറസ് വ്യാപനത്തെ ചെറുക്കാൻ ആകെയുള്ള പോംവഴി സാമൂഹിക അകലം പാലിച്ച് ഓരോരുത്തരും അവരവരുടെ വീടുകളിൽ കഴിയുക എന്നതാണ്. എന്നാൽ എത്ര പറഞ്ഞാലും അനുസരിക്കാതെ നാല്ലൊരു ശതമാനം ആളുകളും വീടിനകത്തും പുറത്തുമായി കൂട്ടം കൂടുന്നതിനുള്ള പ്രവണത കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇനിയും വീടിനകത്ത് ഇരിക്കാൻ മടിക്കുന്നവരെ പിടിച്ചിരുത്താൻ ക്യാംപെയിനുമായി എത്തിയിരിക്കുകയാണ് ആരോഗ്യപ്രവർത്തകരുടെ മക്കൾ.

'എന്റെ 'അമ്മ ഒരു ഡോക്ടർ ആണ് .'അമ്മ എന്നിൽ നിന്നും അകന്നു നിൽക്കുന്നത് നിങ്ങളെ സഹായിക്കുന്നതിന് വേണ്ടിയാണ്. അതിനാൽ വീട്ടിൽ തന്നെ അടങ്ങിയിരുന്ന് നിങ്ങൾക്ക് എന്റെ അമ്മയെ സഹായിച്ചു കൂടെ' എന്ന വാചകം എഴുതിയ കാർഡ് ഉയർത്തിക്കാട്ടിയാണ് കുട്ടികൾ ക്യാംപെയിനിന്റെ ഭാഗമായിരിക്കുന്നത്. കൊറോണ ചികിത്സയുടെ ഭാഗമായി ഡ്യൂട്ടിയിലുള്ള ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും മക്കളാണ് ക്യാംപെയിനിൽ പങ്കെടുത്തിരുന്നത്.


സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്ന ക്യാംപെയിയിനിന്‌ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാതാപിതാക്കളുടെ സോഷ്യൽ മീഡിയ അകൗണ്ട് വഴിയാണ് ചിത്രങ്ങൾ പങ്കുവയ്ക്കപ്പെടുന്നത്. സർക്കാർ പറഞ്ഞിട്ടും അനുസരിക്കാൻ മനസ് കാണിക്കാത്ത ചില വിരുതന്മാരെ വരെ വീട്ടിലിരുത്താൻ കുട്ടികളുടെ നിഷ്കളങ്കമായ ഈ ക്യാംപെയിൻ കൊണ്ട് സാധിക്കുന്നുണ്ട്.

മാത്രമല്ല, ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ഓരോ വ്യക്തിയുടെയും കുടുംബം ഈ സമയത്ത് എത്ര കടുത്ത മാനസിക സമർദ്ദത്തിലൂടെയാണ് കടന്നു പോകുന്നത് എന്ന് തെളിയിക്കാനും ക്യാംപെയിൻ സഹായകമാകുന്നു. ഈ കൊറോണക്കാലത്തെങ്കിലും പരസ്പരം മനസിലാക്കിയില്ലെങ്കിൽ പിന്നെ സഹജീവികളുടെ വേദന എപ്പോൾ മനസ്സിലാക്കാനാണ്? ഈ കുഞ്ഞുങ്ങളുടെ കണ്ണ് നിറയാതിരിക്കാനെങ്കിലും സാമൂഹിക ഉത്തരവാദിത്വത്തോടെ നമുക്കൊരുത്തർക്കും വീട്ടിലിരിക്കാം എന്നാണ് ക്യാംപെയിയിനിന്റെ പോസ്റ്റർ ഷെയർ ചെയ്യുന്നവരും പറയുന്നത്.