ശ്രീയ്ക്ക് തോൽക്കാൻ മനസ്സില്ല ജീവിതത്തിൽ; മകൾക്കൊപ്പമുള്ള വിഡിയോ വൈറൽ!

റിയാലിറ്റി ഷോയിലെ പരാജയമൊന്നും ശ്രീശാന്തിനെ ഒട്ടും ബാധിച്ചില്ലെന്നു തോന്നും മകളുമൊത്തുള്ള ഈ സൂപ്പർ ഡാൻസ് കണ്ടാൽ. ശ്രീയുടെ പരാജയത്തിൽ ആരാധകരുണ്ടാക്കുന്ന കോലാഹലങ്ങളിൽ നിന്നെല്ലാം വിട്ട് കുടുംബവുമൊത്ത് ആഘോഷത്തിമിർപ്പിലാണ് കക്ഷി. ശ്രീശാന്തിന് രണ്ട് കുട്ടികളാണ്, ശ്രീ സാൻവിക എന്ന സുന്ദരിക്കുട്ടിയും സൂര്യശ്രീ എന്ന ക്യൂട്ട് മോനും. മകൾ ജനിച്ചപ്പോൾ തൊട്ട് കുഞ്ഞുങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ശ്രീശാന്ത് ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി കുമാരിയും മക്കളുടെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ മടിക്കാറില്ല.

മകളുടെ പാട്ടിനൊത്ത് ഡാൻസുകളിക്കുന്ന വിഡിയോ ശ്രീ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്ക് വച്ചിരിക്കുന്നത്. "My love my world"എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മകളുടെ ചുവടുകൾ അനുകരിച്ച് നൃത്തം വയ്ക്കുകയാണ് ഈ അച്ഛന്‍. ഈ ഒരൊറ്റ വിഡിയോയിലൂടെ ഈ ക്യൂട്ട് അച്ഛനും ക്യൂട്ടസ്റ്റ് മകൾക്കും കുറേ ആരാധകരേയും കിട്ടി. '2019 ലെ ഏറ്റവും മനോഹരമായ 55 നിമിഷങ്ങളെ'ന്നാണ് ഒരു ആരാധകൻ കുറിച്ചിരിക്കുന്നത്.

'അച്ഛനൊരു ഡാൻസറാണെന്നറിയാം എന്നാൽ ക്യൂട്ട് സാൻവികയെ ജയിക്കാനാവില്ലെന്നും', 'അച്ഛന്റേയും മകളുടേയും ഡാൻസ് കെമിസ്ട്രി സൂപ്പറാണെ'ന്നുമൊക്കയുള്ള കമന്റുകളാൽ നിറയുകയാണ് വിഡിയോയ്ക്കു താഴെ. കഴിഞ്ഞിടെ സാൻവികയുടെ സ്കൂളിലെ ഗ്രാന്‍ഡ് പേരന്‍റ്സ് ഡേയ്ക്ക് നടത്തിയ ഫാഷൻ ഷോയിയിലെ സൂപ്പർ പ്രകടനത്തിന്റെ വിഡിയോയും വൈറലായിരുന്നു