'മക്കള്‍ ചീത്ത വാക്ക് ഉപയോഗിക്കാറുണ്ടോ?'; ഡോക്ടറുടെ കുറിപ്പ് ശ്രദ്ധേയം,Social Media, Dr Shimna Azeez, Bad Words, Kids affection, Manorama Online

'മക്കള്‍ ചീത്ത വാക്ക് ഉപയോഗിക്കാറുണ്ടോ?'; ഡോക്ടറുടെ കുറിപ്പ് ശ്രദ്ധേയം

ദേഷ്യം വരുമ്പോള്‍ കുഞ്ഞുങ്ങൾ മുന്നിലുണ്ടെന്നു പോലും നോക്കാതെ ചീത്തവാക്കുകൾ പറയുന്നവരുണ്ട്. എന്നാൽ ആ വാക്കുകളുടെ അർഥം എന്താണെന്നു പോലും മനസിലാക്കാതെ കുഞ്ഞുങ്ങൾ അത് പിന്നീട് പ്രയോഗിക്കുമ്പോഴാണ് പല മാതാപിതാക്കളും അപകടം മനസിലാക്കുന്നത്. ചിലപ്പോൾ പൊതുസദസിലാകും കുട്ടികൾ ഇവ പ്രയോഗിക്കുക. അതുകൊണ്ട് ഇത്തരം വാക്കുകൾ ഉപയോഗിക്കുമ്പോൾ മുതിർന്നവർ വളരെയേറെ ശ്രദ്ധിക്കുക തന്നെ വേണം. ഇതേക്കുറിച്ച് ഡോക്ടർ ഷിംന അസീസ് എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

ഡോക്ടർ ഷിംന അസീസ് പങ്കുവച്ച കുറിപ്പ് വായിക്കാം;


രണ്ടീസം മുന്നേ പനി കാണിച്ച്‌ മരുന്നെഴുതിക്കാനും ഫുഡടിക്കാനുമൊക്കെയായിട്ട്‌ സ്‌റ്റുഡന്റ്‌സ്‌ കുറച്ച്‌ പേര്‌ വീട്ടിൽ വന്നു. അവർക്ക്‌ ചായയുണ്ടാക്കാനായി അടുക്കളയിലേക്ക്‌ തിരിയുമ്പോഴാണ്‌ എൽകെജിക്കാരി മോൾ അവൾക്ക്‌ മുൻപരിചയമുള്ള 'ചേച്ചി'യോട്‌ അവളുടെ വായിൽ നിന്ന്‌ ഒരിക്കലും വരാൻ പാടില്ലാത്തൊരു ശാപവാക്ക്‌ ഉറക്കെ വിളിച്ചു പറയുന്നത്‌.

പെട്ടെന്ന്‌ ആ കുട്ടി എന്റെ മുഖത്തേക്ക്‌ നോക്കി. മുഖത്ത്‌ യാതൊരു ഭാവഭേദവുമില്ലാതെ പതുക്കെ ആച്ചുവിന്റെ അടുത്ത്‌ ചെന്ന്‌ മുട്ട്‌ കുത്തിയിരുന്ന്‌ അവളെ ചേർത്ത്‌ പിടിച്ചു കൊണ്ട്‌ " മോളേ, ഇപ്പോ പറഞ്ഞ വാക്ക്‌ ചീത്ത വാക്കാണ്‌ട്ടോ. അങ്ങനെ മോൾ ചേച്ചിയോട്‌ പറയാൻ പാടില്ലല്ലോ? ബാഡ്‌ ഗേൾസല്ലേ അങ്ങനെ പറയാ?" എന്ന്‌ പതുക്കെ ചോദിച്ചു. കാത്‌ കൂർപ്പിച്ചിരുന്ന മോൾ ഒന്നാലോചിച്ച്‌ '' ഞാനിനി പറയൂല മ്മച്യേ" എന്ന്‌ മറുപടിയും പറഞ്ഞു. അവൾക്കൊരുമ്മ കൊടുത്ത്‌ ഒന്നും സംഭവിക്കാത്ത പോലെ അടുക്കളയിലേക്ക്‌ തിരിച്ച്‌ നടന്നു. പറഞ്ഞവൾക്കും കേട്ടവർക്കും അതവിടെ കഴിഞ്ഞു.

കൂട്ടു കൂടി കളിച്ച്‌ തുടങ്ങുമ്പോഴും സ്‌കൂളിൽ പോയി തുടങ്ങിയ ഉടനെയുമെല്ലാം ഇത്‌ പതിവാണ്‌. കുഞ്ഞുവായിൽ നിന്ന്‌ വരുന്ന ഇത്തരം പ്രയോഗങ്ങൾക്ക്‌ അമിതശ്രദ്ധയോ കൗതുകമോ കോപമോ അറപ്പോ വെറുപ്പോ ആദ്യം കേൾക്കുമ്പഴേ പരിധി വിട്ട ശിക്ഷയോ നൽകുന്നത്‌ വിപരീതഫലം ചെയ്യും. പൂർണമായും അവഗണിക്കുക. ആവർത്തിക്കുന്നെങ്കിൽ ഒരു തവണ (തീരേ ചെറിയ കുട്ടികളാണെങ്കിൽ ചിലപ്പോൾ അത്‌ മതിയാവില്ല) കൃത്യമായി പറഞ്ഞ്‌ കൊടുക്കുക. എന്നിട്ടും ആവർത്തിക്കുന്നെങ്കിൽ ഇഷ്‌ടമുള്ള ടിവി ഷോ/യാത്ര/സമ്മാനം നിഷേധിക്കുക. തല്ലുന്നതൊന്നും ഫലം ചെയ്യില്ല. തെറിക്ക്‌ മറുതെറി വിളിക്കരുത്‌. മക്കൾ അസഭ്യം കേട്ടല്ല നന്നാകേണ്ടത്‌. അവരോട്‌ അറിയാതെ പോലും അത്തരം വാക്കുകൾ പറയുന്നത്‌ പലപ്പോഴും ഒരായുസ്സിന്റെ മുറിവാണ്‌ സൃഷ്‌ടിക്കുക.

ഏതൊരു കുഞ്ഞും അഴുക്ക്‌ വാക്കുകൾ എവിടുന്നാ പഠിക്കുന്നേ?
• സ്വന്തം ചുറ്റുപാടിലുള്ള മുതിർന്നവരിൽ നിന്ന്‌
• മറ്റ്‌ മുതിർന്നവരിൽ നിന്ന്‌ പഠിച്ച കുട്ടികളിൽ നിന്ന്‌
• ചാനൽ/ഇന്റർനെറ്റ്‌/സമൂഹം

നിങ്ങളുടെ മാതാപിതാക്കൾ ദേഷ്യം വരുമ്പോൾ എന്തൊക്കെയായിരുന്നു വിളിച്ചു പറഞ്ഞിരുന്നത്‌? നിങ്ങളുടെ സഹോദരങ്ങളോട്‌ അവരും നിങ്ങളും ഏത്‌ തരത്തിലായിരുന്നു പ്രതികരിച്ചിരുന്നത്‌? കുട്ടികളുടെ മുന്നിൽ വെച്ച്‌ നിങ്ങൾ ഏത്‌ രീതിയിലാണ്‌ ദേഷ്യവും സങ്കടവും പ്രകടിപ്പിക്കാറ്‌? പരിസരം മറന്ന്‌ സംസാരിക്കാറുണ്ടോ?

ഇതെല്ലാം മേൽപ്പറഞ്ഞ മക്കളിൽ മേൽപ്പറഞ്ഞ അവസ്‌ഥ സംജാതമാക്കുന്നതിൽ സ്വാധീനം ചെലുത്താം. അവരിത്‌ പറയുന്നത്‌ സങ്കടം തീർക്കാനോ ദേഷ്യം കാണിക്കാനോ ശ്രദ്ധ നേടാനോ മാനസികസമ്മർദം കൊണ്ടോ ആവാം. ചിലപ്പോൾ ഇത്‌ പറയുമ്പോൾ മുതിർന്നവരിലുണ്ടാകുന്ന ഭാവവ്യത്യാസത്തിൽ രസം പിടിച്ച്‌ പോലുമാവാം. വാക്കിന്റെ അർഥമല്ല, പറയുന്ന രീതിയും കിട്ടുന്ന പ്രതികരണവുമാണ്‌ അവർക്ക്‌ ഇതിലെ ലാഭം. അർഥമോ പ്രയോഗത്തിന്റെ ആഴമോ അറിഞ്ഞല്ല അവരിതൊന്നും പറയുന്നത്‌. ഒരു തവണ സാധാരണ ടോണിലുള്ള വിലക്കും പിന്നെ പൂർണമായ അവഗണനയുമാണ്‌ വഴി. ചുറ്റുമുള്ളവർ ചിരിക്കുന്നതും അതിശയം കൂറുന്നതും പ്രശ്‌നം ഗുരുതരമാക്കും. സമൂഹത്തിന്‌ ഇത്‌ കോമഡിയാകാം, നമുക്ക്‌ അതല്ല. അങ്ങനെയാകാനും പാടില്ലല്ലോ.

അസഭ്യവാക്കുകൾ മാത്രമല്ല, പ്രായത്തിന്‌ ചേരാത്ത പ്രയോഗങ്ങളും ഇത്‌ പോലെ അവഗണിക്കുക. നമ്മുടെ വീട്ടിൽ മാത്രമുള്ള അപൂർവ്വപ്രതിഭാസമൊന്നുമല്ലിത്‌.

പഴയൊരു സഹപാഠി പറഞ്ഞ്‌ കേട്ടതാണ്‌- അവളുടെ വീട്ടിൽ നിന്ന്‌ ആരോ പുറത്തിറങ്ങുമ്പോൾ "വാങ്ങാനുള്ള സാധനം മറക്കല്ലേ..." എന്നുറക്കെ വിളിച്ച്‌ പറഞ്ഞു പോലും.

ഉടനെ അവളുടെ പിറകിൽ നിന്ന്‌ നാല്‌ വയസ്സുള്ള കുഞ്ഞു കസിന്റെ ശബ്‌ദം...

"മറക്കല്ലേ... കോണ്ടം നല്ലതിന്‌"

അന്നേരം ഇത്‌ കേട്ട്‌ ഞെട്ടിയ സ്‌ഥിരം റേഡിയോ ശ്രോതാക്കളായ കുടുംബാംഗങ്ങളുടെ അവസ്‌ഥ പ്രത്യേകിച്ച്‌ പറയേണ്ടതില്ലല്ലോ. അതാണ്‌ !

Dr. Shimna Azeez