വാച്ച്് മോഷ്ടിച്ച കുട്ടിയും മാലാഖമാർ പോലും തോൽക്കുന്ന അധ്യാപകനും!, Story of teacher and student, Social media post, Viral Post Manorama Online

വാച്ച്് മോഷ്ടിച്ച കുട്ടിയും മാലാഖമാർ പോലും തോൽക്കുന്ന അധ്യാപകനും!

'മുന്നിലിരിക്കുന്ന കുട്ടി തന്റേതല്ലെന്നു തോന്നുന്ന നിമിഷം അധ്യാപകൻ വിദ്യാലയത്തിന്റെ പടിയിറങ്ങണം' ഗുരു നിത്യചൈതന്യ യതിയുടേതാണ് ഈ വാക്കുകൾ. അതേ വിദ്യാർഥി തെറ്റുചെയ്താൽ അത് തന്റെ സ്വന്തം കുട്ടി എന്ന ചിന്തയിൽ അവനെ തിരുത്തിക്കൊടുക്കുന്ന അധ്യാപകരെയാണ് നമുക്കു വേണ്ടത്. കുട്ടികളെ വഴക്കു പറയുമ്പോഴും അവനെ കുറ്റപ്പെടുത്തി തളർത്താതെ തെറ്റു മനസിലാക്കി കൊടുന്നവരാകണം അധ്യാപകർ. കൗതുകത്തിന്റെ പേരിൽ കൂട്ടുകാരന്റെ വാച്ച് എടുത്ത ഒരു കുട്ടിയുടേയും അവന്റെ അഭിമാനത്തിന് മുറിവേൽപ്പിക്കാതിരുന്ന ഒരു അധ്യാപകന്റേയും കഥയാണിത്. കുട്ടികളെ വലിയ കുറ്റവാളികളെപ്പോലെ ചോദ്യം ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്ന അധ്യാപകരും രക്ഷിതാക്കളും ഈ കഥ വായിക്കുന്നത് ഉപകാരപ്രദമാണ്. സോഷ്യൽ ലോകം ഏറ്റെടുത്ത ഈ കഥയ്ക്ക് വളരേയേറെ പ്രാധാന്യമുണ്ടിന്ന്. കഥയുടെ ഉറവിടം വ്യക്തമല്ല.

സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന ആ കഥ ഇതാ...
ഒരിക്കൽ ക്ലാസിലെ വാച്ച് കെട്ടിയ കുട്ടിയെ കണ്ടപ്പോൾ ഒരുത്തനൊരു മോഹം, ഒരു ദിവസം ഒരു തവണ മാത്രം വാച്ചൊന്ന് കെട്ടണമെന്ന്. സമ്മതിച്ചില്ല അവൻ. അങ്ങനെ അവനത് മോഷ്ടിച്ച് കീശയിലിട്ടു. ആരും കാണാതെ ഒരിക്കൽ മാത്രം കൈയ്യിലൊന്ന് കെട്ടാൻ വേണ്ടി മാത്രം.

വാച്ച് നഷ്ടപ്പെട്ട കുട്ടി കരച്ചിലോടു കരച്ചിൽ. അധ്യാപകൻ എല്ലാവരെയും നിരയായി നിർത്തി. കള്ളനെ എങ്ങനെ കണ്ടെത്തും? മോഷ്ടിച്ചവൻ സകല ദൈവങ്ങളേയും പ്രാർത്ഥിച്ച് ധൈര്യമെല്ലാം ചോർന്നങ്ങനെ നിൽപ്പാണ്. എല്ലാവരോടും കണ്ണടക്കാൻ പറഞ്ഞു അധ്യാപകൻ.

എല്ലാവരുടെ കീശയിലും തപ്പി.

കിട്ടി

ഒരുത്തന്റെ കീശയിൽനിന്ന് കിട്ടി.

തിരച്ചിൽ നിർത്തിയില്ല ആ അധ്യാപകൻ. എന്നിട്ട് ഒടുവിൽ എല്ലാവരുടെ കീശയിലും തിരഞ്ഞതിന് ശേഷം അധ്യാപകൻ വാച്ച് ഉടമയ്ക്ക് തിരികെ നൽകി. അവൻ സന്തോഷവാനായി.

മോഷ്ടിച്ചവൻ അന്ന് ശരിക്കും ദൈവത്തെ കണ്ടു അധ്യാപകന്റെ രൂപത്തിൽ. ഒന്നും ചോദിച്ചില്ല, ശാസിച്ചില്ല, പക്ഷെ ഒരിക്കൽ പോലും ഇനി മോഷ്ടിക്കില്ലെന്ന് മനസുകൊണ്ട് പ്രതിജ്ഞയെടുത്തിരുന്നു. ഇതുപോലൊരു അധ്യാപകനാവാൻ അവൻ കൊതിച്ചു. പഠിച്ച് പഠിച്ച് അവനിപ്പോൾ ഒരു അധ്യാപകനാണ്.

കാലം ഏറെ കഴിഞ്ഞപ്പോൾ തന്നെ അധ്യാപകനാക്കിയ ആ ഗുരുവിനെ അവൻ കണ്ടു. ഏറെ നിരാശനായിരുന്നു അയാൾ. തന്റെ ശിഷ്യനെ അയാൾക്ക് ഓർമയിൽ പോലും വന്നില്ല. അന്നേരം അവൻ ഈ മോഷണക്കാര്യം ഓർമിപ്പിച്ചു.

സാർ ഞാനായിരുന്നു ആ വാച്ച് മോഷ്ടിച്ചത്.

അങ്ങയെ അത്രമേൽ ഞാൻ ഇഷ്ടപ്പെടുന്നു എന്റെ അഭിമാനത്തിന് മുറിവേൽപ്പിക്കാത്തതിന്.

ചെറിയൊരു മന്ദഹാസത്തോടെ അധ്യാപകൻ പറഞ്ഞു.

അന്നേരം ഞാനും കണ്ണടച്ചാണ് കീശയിൽ വാച്ച് തപ്പിയത്. എനിക്കറിയില്ലായിരുന്നു അത് ആരെന്ന്...

എന്തൊരു മനുഷ്യൻ!!

മാലാഖമാർപോലും തോൽക്കുന്ന മനസ്സിനുടമ!

രണ്ടുപേരും പരസ്പരം കണ്ണുകളിലേക്ക് ഏറെ നേരം നോക്കിയിരുന്ന് സന്തോഷത്തോടെ കണ്ണീർ തുടച്ച് യാത്ര പറഞ്ഞു.

Note: കുട്ടികളെ മറ്റുള്ളവരുടെ മുന്നിൽവെച്ച് കുറ്റവാളികളെന്നപോലെ ശിക്ഷിക്കുകയും ശാസിക്കുകയും ചെയ്യുന്ന അധ്യാപകരും രക്ഷിതാക്കളും വലിയൊരു ദ്രോഹമാണ് ചെയ്യുന്നത്. ചേർത്തുപിടിക്കാൻ കഴിയണം നമ്മുടെ കുട്ടികളെ. കുട്ടികളെ വലിയ കുറ്റവാളികളെപ്പോലെ ചോദ്യം ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്ന അധ്യാപകരും രക്ഷിതാക്കളും എല്ലാം മറന്ന് അവരെയൊന്ന് ആശ്ലേഷിച്ചിരുന്നെങ്കിൽ ഈ ലോകം മുഴുവനും മികച്ച തലമുറ ഉണ്ടാകുമായിരുന്നു.