ലിനി...നീ ഇല്ലാത്ത അവന്റെ ആദ്യ പിറന്നാൾ; വേദനയോടെ സജീഷ്. Nurse Lini, Nipah virus, Birthday, Son, Manorama Online

ലിനി...നീ ഇല്ലാത്ത അവന്റെ ആദ്യ പിറന്നാൾ; വേദനയോടെ സജീഷ്

നിപ വൈറസ് എന്ന പേരു കേൾക്കുമ്പോഴേ മനസ്സിൽ ഓടിയെത്തുക ലിനി എന്ന മലാഖയുടെ മുഖമാണ്. തന്റെ കർത്തവ്യത്തിനു ജീവനേക്കാള്‍ വില നൽകിയ നഴ്സ്. കേരളക്കരയിലാകെ പ്രതീക്ഷയുടെയും പോരാട്ടത്തിന്റെയും ഊര്‍ജം പകർന്നു ലിനി യാത്രയായി. എങ്കിലും രണ്ടു കുരുന്നു മുഖങ്ങൾ നമ്മുടെ മനസ്സിൽ വിങ്ങലായി, കണ്ണുകളെ ഈറനണിയിച്ചു. ലിനിയുടെ മക്കൾ. അവരെ ചേർത്തുപ്പിടിച്ചു നിന്ന ലിനിയുടെ ഭർത്താവ് സജീഷിനേയും ആരും മറക്കില്ല. ലിനിയുടെ മൂത്തമകൻ റിതുലിന്റെ ആറാം പിറന്നാളായിരുന്നു.

മകന്റെ ആറാം പിറന്നാളിനു സജീഷ് സമൂഹമാധ്യമത്തിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അമ്മയില്ലാത്ത ആദ്യ പിറന്നാളിനു മകനെ ഒരുക്കി സ്കൂളിലേക്ക് അയച്ച ഒരു അച്ഛന്റെ നൊമ്പരമായിരുന്നു കുറിപ്പിൽ.

സജീഷിന്റെ ഫെയ്സ്ബുക് കുറിപ്പിങ്ങനെ;

റിതുലിന്റെ ആറാം പിറന്നാൾ... ജന്മദിനങ്ങൾ നമുക്ക്‌ എന്നും സന്തോഷമുളള ദിവസമാണ്‌ അത്‌ മക്കളുടേതാണെങ്കിൽ അതിലേറെ സന്തോഷവും ഒരു ഓർമ്മപ്പെടുത്തലുമാണ്‌. ലിനി.... നീ ഇല്ലാത്ത അവന്റെ ആദ്യ പിറന്നാൾ. അവന്‌ ഇന്ന് പുതിയ ഡ്രസ്സും കേക്കും കിട്ടിയതിന്റെ സന്തോഷത്തിലാ..

ചെറുതായി പനി ഉണ്ടെങ്കിലും അവന്റെ കൂട്ടുകാർക്കൊക്കെ സമ്മാനമായി പെൻസിലും റബ്ബറും ഒക്കെ വാങ്ങിയിട്ടാണ്‌ സ്കൂളിൽ പോയത്‌. കളിയും ചിരിയും കുസൃതിയും നിറഞ്ഞ ആറു വർഷങ്ങൾ പോയതറിഞ്ഞില്ല. മോന്‌ ഒരായിരം ജന്മദിനാശംസകൾ നേരുന്നു. ഉമ്മ ഉമ്മ ഉമ്മ!