സ്മാർട് ഫോണില്ലാതെ ഓൺലൈൻ ക്ലാസ്; ‘കനിവിനു കരുതലായ്’ ഒരു ലഘുചിത്രം, Lock down, little heroes series, short film, students of Iqbal higher secondary school kanhangad, Covid19, Corona, Kidsclub, Manorama Online

സ്മാർട് ഫോണില്ലാതെ ഓൺലൈൻ ക്ലാസ്; ‘കനിവിനു കരുതലായ്’ ഒരു ലഘുചിത്രം

കൊറോണ വൈറസ് വ്യാപനത്തിൽ ലോകം മുഴുവൻ പ്രതിസന്ധിയിലായ കാലഘട്ടത്തിൽ അധ്യയനം മുടക്കംകൂടാതെ മുന്നോട്ടു പോകുന്നതിനായി സർക്കാർ മുന്നോട്ട് വയ്ക്കുന്ന പ്രതിവിധി ഓൺലൈൻ ക്‌ളാസുകളാണ്. ഇവ നടത്തുന്നതിന് സ്മാർട്ട് ഫോണുകൾ അനിവാര്യവും. എന്നാൽ സമൂഹത്തിലെ താഴെക്കിടയിൽ ജീവിക്കുന്ന നല്ലൊരു ശതമാനം കുട്ടികൾക്കും സ്മാർട് ഫോൺ വിദൂരസ്വപ്നം മാത്രമാണ്. ഈ വസ്തുതയിലേക്ക് വെളിച്ചം വീശുകയാണ് കാഞ്ഞങ്ങാട് ഇക്ബാൽ ഹയർസെക്കൻഡറി സ്‌കൂളിലെ കുട്ടികൾ ചെയ്ത ‘കനിവിനു കരുതലായ്’ എന്ന ലഘുചിത്രം.

സ്മാർട് ഫോൺ ഇല്ല എന്നതുകൊണ്ട് ഒരു കുട്ടിയുടെ വിദ്യാഭ്യാസം പാതിവഴിയിൽ ആയിപ്പോകുന്നത് ശരിയല്ല. ഇത്തരം അവസ്ഥയിൽ പരസ്പരം സഹായിക്കുക എന്നതാണ് അനിവാര്യം. സാമൂഹിക പ്രസക്തിയുള്ള ഈ വിഷയം തുറന്നുകാട്ടുകയാണ് സ്‌കൂളിലെ ഇംഗ്ലിഷ് വിഭാഗം അധ്യാപികയായ ലിൻസയുടെ നേതൃത്വത്തിൽ നാല് വിദ്യാർഥിനികൾ.

സമൂഹത്തിന്റെ വിവിധ സാമ്പത്തിക ശ്രേണിയിൽ ഉൾപ്പെടുന്ന വിദ്യാർഥികളും അവരുടെ ജീവിത സാഹചര്യത്തിൽ ഓൺലൈൻ ക്‌ളാസുകൾക്കായി ആവശ്യമായി വരുന്ന സ്മാർട് ഫോണുമാണ് ഏഴു മിനിറ്റ് നീളുന്ന ചിത്രത്തിന്റെ വിഷയം. ലിൻസ ടീച്ചറുടെ നിർദേശ പ്രകാരം വീടുകളിൽ മാതാപിതാക്കളുടെ ഫോണിലാണ് കുട്ടികൾ ഇതിനുള്ള വിഡിയോ ഷൂട്ട് ചെയ്ത് അയച്ചത്.

മാതാപിതാക്കളുടെ സഹായവും ചിത്രത്തിന്റെ പൂർണതയിൽ എടുത്തു പറയേണ്ട ഒന്നാണെന്ന് ലിൻസ ടീച്ചർ പറയുന്നു. വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അതിലൂടെയാണ് ചിത്രത്തിന്റെ സ്ക്രിപ്റ്റും മറ്റു നിർദേശങ്ങളും നൽകിയത്. അതിനുശേഷം, കുട്ടികൾ അയച്ചു കൊടുത്ത വിഡിയോ ലിൻസ ടീച്ചറുടെ മകനാണ് എഡിറ്റ് ചെയ്തത്. സ്‌കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് ഗ്രൂപ്പിന് കീഴിലാണ് സാമൂഹിക പ്രതിബദ്ധതയാർന്ന ലഘുചിത്രം ഉണ്ടായത്. എട്ടാം ക്ലാസിലെയും ഒൻപതാം ക്ലാസിലെയും വിദ്യാർഥികളാണ് ഇതിൽ അഭിനയിച്ചത്.