‘മകന് 16 ദിവസം; ഭാര്യ 16 വയസ്സുള്ള ചെറുപ്പക്കാരി

എന്റെ മകൻ പിറന്നിട്ട് 16 ദിവസം തികയുന്ന അതേ ദിവസമാണ് എന്റെ ഭാര്യ 16 വയസുള്ള ചെറുപ്പക്കാരിയായത്. ഒപ്പം എന്റെ അമ്മായിയമ്മയും. ദൈവത്തിന് നന്ദി..’ സാനിയ മിർസയ്ക്ക് പിറന്നാളാശംസകൾ നേർന്ന് ഭർത്താവ് ഷൊയ്ബ് മാലിക് ട്വിറ്ററിൽ കുറിച്ച വരികളാണിത്. ഇരുവരുടെയും ജീവിതത്തിന് സന്തോഷം പകർന്ന് കുഞ്ഞ് എത്തിയ ശേഷമുള്ള സാനിയുടെ ആദ്യ പിറന്നാൾ സോഷ്യൽ ലോകവും ആഘോഷമാക്കുകയാണ്. സാനിയയുടെ 32-ാമത് ജന്മദിന ആഘോഷവേളയിൽനിന്നും പകർത്തിയ ചിത്രങ്ങളാണ് സോഷ്യൽ ലോകത്ത് ൈവറലാകുന്നത്. രസകരമായ കുറിപ്പോടെയാണ് ഷൊയ്ബ് പങ്കുവച്ചത്.

പിറന്നാൾദിനത്തിൽ ആശംസ നേർന്ന എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് സാനിയയും ട്വീറ്റ് ചെയ്തിട്ടുണ്ട്. 2010 ഏപ്രിൽ 12 നാണ് ഷൊയ്ബും സാനിയയും വിവാഹിതരാകുന്നത്. 2018 ഒക്ടോബർ 30 നായിരുന്നു ഇരുവർക്കും ആൺകുഞ്ഞ് പിറന്നത്. ദൈവത്തിന്റെ സമ്മാനം എന്നാണ് ഇസാന്‍ മിര്‍സ മാലിക് എന്ന പേരിന് അര്‍ത്ഥം. ഇസാൻ വളർന്നു വലുതാകുമ്പോൾ ആരായിത്തീരുമെന്നാണ് സോഷ്യൽ ലോകത്തൂടെ ആരാധകർ ചോദിക്കുന്നത്.

അമ്മയെപ്പോലെ ടെന്നീസ് താരമോ അതോ അച്ഛനെപ്പോലെ ക്രിക്കറ്റ് താരമോ? സാനിയയുടെ മറുപടി ഇങ്ങനെ. കുഞ്ഞ് ആണായാലും പെണ്ണായാലും സ്വന്തം സ്വപ്നങ്ങൾക്കൊപ്പം വളരണം. കുഞ്ഞ് വലുതാകുമ്പോൾ ടെന്നീസ് കളിക്കാരനോ ക്രിക്കറ്റ് താരമോ ആകാൻ ചിലർ പറയും. പക്ഷെ, നിന്റെ ഭാവി നീ തന്നെ തീരുമാനിക്കുക. നീ ക്രിക്കറ്റ് ബാറ്റോ ടെന്നീസ് റാക്കറ്റോ തിരഞ്ഞെടുക്കണമെന്നില്ല. നിനക്ക് ഗിറ്റാറോ ചെല്ലോയോ പേനയോ തിരഞ്ഞെടുക്കാം. എന്തും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിനക്കുണ്ട്.– സാനിയ പറയുന്നു.