ക്ലാസ് ലീഡറുടെ രാജിക്കത്ത്;  ഏറ്റെടുത്ത് സോഷ്യൽലോകം , Resignation letter, Class leader, Viral post, Manorama Online

ക്ലാസ് ലീഡറുടെ രാജിക്കത്ത്; ഏറ്റെടുത്ത് സോഷ്യൽലോകം

അധികാരമോഹം തീരെയില്ല ക്ലാസ് ലീഡർക്ക്. അതിന് തെളിവാണ് ആറാംക്ലാസുകാരി ശ്രേയയുടെ ഈ രാജിക്കത്ത്. താൻ പറയുന്നതൊന്നും ക്ലാസിലെ മറ്റ് കുട്ടികൾ അനുസരിക്കാത്തതിൽ മനംനൊന്ത് ഒരു രാജിക്കത്ത് തയ്യാറാക്കിയിരുക്കുകയാണ് ഒരു ക്ലാസ് ലീഡർ. നിഷ്ക്കളങ്കമായ ഈ രാജിക്കത്ത് കണ്ട് മനസു നിറഞ്ഞിരിക്കുകയാണ് സമൂഹമാധ്യമം. തലയോലപ്പറമ്പ് AJJMGGHSS ലെ ആറാംക്ലാസുകാരി ശ്രേയയാണ് കഥാ നായിക.

ശ്രേയ എന്ന ആ കുഞ്ഞ് മിടുക്കി തന്റെ ക്ലാസ് ടീച്ചർക്ക് നൽകിയ രാജിക്കത്താണ് ചിരിയും അതിനേക്കാളേറെ ചിന്തയും പങ്കുവയ്ക്കുന്നത്. താൻ പറയുന്നത് ആരും കേൾക്കാൻ കൂട്ടാക്കുന്നില്ലെന്നും അതിനാൽ ലീഡർ സ്ഥാനം രാജിവയ്ക്കുകയാണെന്നുമാണ് ശ്രേയക്കുട്ടിയുടെ രാജിക്കത്തിലെ ഉള്ളടക്കം. ക്ലാസ് ടീച്ചർ നിഷ നാരായണന് മുമ്പാകെയാണ് ശ്രേയയുടെ രാജി സമർപ്പണം.

ശ്രേയയുടെ രാജിക്കത്ത് ടീച്ചർ നിഷ പങ്കുവച്ചതോടെ അത് ഹൃദയം കൊണ്ടേറ്റെടുക്കാനും നിരവധി പേരെത്തി. ശ്രേയ മോളുടെ ധാർമ്മികത ഇന്നാട്ടിലെ രാഷ്ട്രീയക്കാർക്ക് ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ എന്നാണ് പ്രധാന കമന്റ്. ഇത്രയും പൊളിറ്റിക്കലി കറക്ടായൊരു സ്റ്റേറ്റ് മെന്‍റ് കേരളത്തിലെ അല്ലെങ്കിൽ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളില്‍ നിന്നുണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചവരും കുറവല്ല.

എന്തായാലും ചുരുങ്ങിയ സമയം കൊണ്ട് ലീഡർ ശ്രേയക്കുട്ടിയും അതു പങ്കുവച്ച ടീച്ചർ നിഷ നാരായണനും സമൂഹമാധ്യമത്തിൽ താരങ്ങളായി.

ശ്രേയയുടെ രാജിക്കത്തിലെ വരികൾ ഇങ്ങനെ;

പ്രിയപ്പെട്ട നിഷ ടീച്ചർക്ക് ശ്രേയ എഴുതുന്ന രാജിക്കത്ത്,

ഞാൻ പറയുന്നത് ആരും കേൾക്കുന്നില്ല. അതുകാരണം ഞാൻ ലീഡ‍ർ സ്ഥാനത്ത് നിന്ന് രാജിവയ്ക്കാൻ തീരുമാനിച്ചിരിക്കുന്നു.

ശ്രേയ

കത്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ച് നിഷ നാരായണൻ കുറിച്ചതിങ്ങനെ;

അവളുടെ identity യെ ഞാന്‍ ആദരിക്കുന്നു. ഇത് സ്വകാര്യമായി തന്നതോ രഹസ്യമായി സൂക്ഷിക്കേണ്ടതാണെന്നോ അവള്‍, ഉദ്ദേശിച്ചിട്ടില്ല. ക്ളാസിലെ അവളുടെ ഉത്തരവാദിത്തത്തെ അവള്‍ ആസ്വദിക്കുന്നതോടൊപ്പം തന്നെ അതിലെ ചില്ലറ പ്രശ്നങ്ങളെ ഹ്യൂമറസ് ആയി അവതരിപ്പിച്ചതാണ് അവള്‍. ഇപ്പോഴത്തെ കുട്ടികളുടെ ആശയവിനിമയത്തിലുള്ള ആര്‍ജ്ജവം കണ്ട്, അവളുടെ അനുവാദത്തോടെ തന്നെയാണ് FBയിൽ ഇട്ടത്.