ഇതെന്റെ പ്രിയ ചങ്ങാതി, താറാവിന്റേയും കുട്ടിയുടേയും അപൂർവ സൗഹൃദം വൈറൽ

വീട്ടിൽ വളർത്തുന്ന ഓമന മൃഗങ്ങൾക്കും പക്ഷികൾക്കും വീട്ടുകാരോട് ഒരു പ്രത്യേക സ്നേഹമായിരിക്കും. പ്രത്യകിച്ച് വീട്ടിലെ കുട്ടികളോട്. അവർ കുട്ടികളുടെ പ്രിയ കളിക്കൂട്ടുകാരുമായിരിക്കും. സാധാരണ പട്ടിയും പൂച്ചയും തത്തയും മൈനയുമൊക്കെയാണ് ഇത്തരം അടുപ്പം മനുഷ്യരോട് കാണിക്കുന്നത്. എന്നാൽ സമൂഹമാധ്യമത്തിൽ തഗംഗമാകുന്ന ഈ തകർപ്പൻ വിഡിയോയിലെ താരം ഒരു താറാവാണ്. ഈ താറാവിന്റേയും കൂട്ടുകാരന്റേയും സ്നേഹപ്രകടനം കണ്ടാൽ തന്നെ നമ്മുടെ മനസു നിറയും. സ്കൂൾ വിട്ട് വരുന്ന ഈ പൊന്നു മോനെ കാത്തിരിക്കുന്ന അഥിതിയെ നിങ്ങൾ കണ്ടോ.! കണ്ണ് നിറഞ്ഞ് പോകുന്ന സ്നേഹ പ്രകടനം.. എന്ന കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്

തന്റെ പ്രിയപ്പെട്ട കളിക്കൂട്ടുകാരൻ സ്കൂളിൽ നിന്നെത്താൻ വഴിക്കണ്ണുമായി വരമ്പത്ത് കാത്തു നിൽക്കുകയാണ് കക്ഷി. ഇതിൽ കൂടുതൽ ഇനി എന്താണ് ഒരു താറാവ് കാണിക്കുന്നത് എന്നാണോ വിചാരിക്കുന്നത്. മറ്റ് വളർത്തുമൃഗങ്ങളായ പട്ടിയോ പൂച്ചയോ കാണിക്കുന്നതുപോലെയോ അതിൽ കൂടുതലോ ആണ് ഈ ക്യൂട്ട് താറാവിന്റെ പ്രകടനം. കുട്ടി എത്തുമ്പോഴുള്ള അതിന്റെ സന്തോഷം ഒന്നു കാണേണ്ടതുതന്നെയാണ്.

കുട്ടി ആദ്യം താറാവിനെ കളിപ്പിക്കാൻ അതിനെ കണ്ടഭാവം നടിക്കാത പോകുമ്പോൾ താറാവ് കുട്ടിയുടെ പിറകെയായി നടത്തം. പിന്നെ കുട്ടിയും താറാവും തമ്മിലുള്ള ഒളിച്ചുകളിയായി. സ്നേഹം കൂടിയിട്ട് കുട്ടി തന്റെ പ്രിയ ചങ്ങാതിയെ കെട്ടിപ്പിടിച്ച് നല്ല ചക്കരയുമ്മയും നൽകുന്നുണ്ട്. മനുഷ്യരുമായി ഇത്രയും ഇണങ്ങാൻ ഈ താറാവിന് പറ്റുമോയെന്ന് അതിശയം തോന്നിപ്പോകും ഈ മനോഹരമായ വിഡിയോ കണ്ടാൽ.