മുത്തച്ഛന്റെ സഹയാത്രികനൊപ്പം ശബരിയുടെ മൽഹാർ, Ramesh Chennithala, Malhar, Shabarinath, Divvya S Iyer, Viral Post, Manorama Online

മുത്തച്ഛന്റെ സഹയാത്രികനൊപ്പം ശബരിയുടെ മൽഹാർ

അച്ഛനേയും അമ്മയേയും പോലെ ഒരു കുഞ്ഞുതാരമാണ് ശബരിനാഥന്റേയും ദിവ്യയുടേയും കടിഞ്ഞൂൽ കൺമണി മൽഹാർ. ജന്മാഷ്ടമി നാളിൽ കുഞ്ഞിക്കണ്ണനായി ഒരുങ്ങിയെത്തിയ മൽഹാറിന്റെ ചിത്രം വൈറലായിരുന്നു. കുസൃതിക്കണ്ണനായി അമ്മയ്ക്കും അച്ഛനുമൊപ്പം നിൽക്കുന്ന മൽഹാറിന്റെ ചിത്രം ശബരിനാഥനാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഇപ്പോഴിതാ മൽഹാറിന്റെയൊപ്പമുള്ള ഒരു തകർപ്പൻ ചിത്രവുമായി എത്തിയിരിക്കുകയാണ് പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല

ശബരിയുടെ വീട്ടിൽ കുഞ്ഞു മൽഹാറിനെ കാണാൻ എത്തിയതാണ് രമേശ് ചെന്നിത്തലയും പത്നി അനിതയും. കുഞ്ഞു മൽഹാറിനെ കണ്ട സന്തോഷം രമേശ് ചെന്നിത്തല തന്റെ സമൂഹമാധ്യമ പേജിലൂടെ പങ്കുവയ്ക്കുകയായിരുന്നു. ‘ഞാനും അനിതയും കൂടി സഹോദരതുല്ല്യനായ ജി. കാർത്തികേയന്റെ പേരക്കുട്ടിയെ കാണാൻ എത്തിയതാണ്. ശബരീനാഥന്റെയും ദിവ്യയുടെയും മകൻ മൽഹാറിനോപ്പം.’ ചിത്രത്തിന് രമേശ് ചെന്നിത്തല നല്‍കിയ കുറിപ്പ് ഇങ്ങനെയായിരുന്നു. എന്തായാലും മുത്തച്ഛന്റെ സഹയാത്രികനൊപ്പമുള്ള മൽഹാറിന്റെ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. കൗതുകത്തോടെ രമേശ് ചെന്നിത്തലയെ നോക്കുന്ന മൽഹാറിന്റെ ചിത്രത്തിന് നിരവധി കമന്റുകളും ലൈക്കുകളുമാണ്.

കഴിഞ്ഞ മാർച്ച് ഒൻപതിനാണ് അരുവിക്കര എംഎല്‍എയും അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്റെ മകനുമായ കെ.എസ്. ശബരീനാഥനും ഐ എ എസ് ഉദ്യോഗസ്ഥയായ ഡോ. ദിവ്യ എസ്. അയ്യര്‍ക്കും ആൺകുഞ്ഞ് പിറന്നത്. ശബരീനാഥനും ദിവ്യയും ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് വിവാഹിതരായത്. ടാറ്റയില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ശബരീനാഥന്‍ അച്ഛന്റെ മരണശേഷമാണ് രാഷ്ട്രീയത്തിലെത്തിയത്.

ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനായിരുന്ന ശേഷ അയ്യരുടെയും എസ്ബിടിയില്‍ ഓഫിസറായിരുന്ന ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ. എംബിബിഎസ് ബിരുദം നേടിയ ശേഷമാണ് ദിവ്യ സിവില്‍ സര്‍വീസിലേക്കെത്തുന്നത്