രാജാവിന്റെ പരീക്ഷണവും കുളത്തിലെ മുതലയും !, Rajavinte pareekshanam, story, Kidsclub, Manorama Online

രാജാവിന്റെ പരീക്ഷണവും കുളത്തിലെ മുതലയും !

പൂന്തോട്ടത്തു വിനയകുമാർ

പണ്ട് ബൗദ്ധി എന്ന ഒരു രാജ്യവും അവിടെ ബല്ലു സേനൻ എന്നൊരു രാജാവും ഉണ്ടായിരുന്നു.അദ്ദേഹത്തിന് അതി സുന്ദരിയായ ഒരു മകളുണ്ടായിരുന്നു. മകളെ കല്യാണം കഴിച്ചയയ്ക്കുന്നതിനുള്ള സമയമായി.
ഒരുപാട് പേർ ആലോചനയുമായി രാജകൊട്ടാരത്തിലെത്തി.
പക്ഷെ രാജാവ് ചിന്തിച്ചു.
തനിക്കു ആണായിട്ടും പെണ്ണായിട്ടുമെല്ലാം കൂടി ഈ ഒരു മകൾ മാത്രമാണുള്ളത്.
ഒരുപാട് സ്വത്തും ഉണ്ട്.
വജ്രങ്ങളും സ്വർണ ശേഖരവും ഒരുപാട് വെള്ളിനാണയങ്ങളും വേറെയും. ഇതെല്ലം കൂടി സാധാരണ ഒരു രാജാവിനോ രാജകുമാരനോ കൊടുത്തിട്ടു കാര്യമില്ല. തനിക്കു പ്രായമായി വരികയുമാണ്, അതുകൊണ്ടു തന്റെ രാജ്യത്തെയും രാജകുമാരിയെയും നന്നായി നോക്കുന്ന അതി ബുദ്ധിമാനായ ഒരാൾ ആയിരിക്കണം രാജകുമാരിക്ക് വരനായി തിരഞ്ഞെടുക്കേണ്ടത്.
രാജാവ് ഒരുപാട് ആലോചിച്ചു ഒടുവിൽ ഒരു തീരുമാനത്തിലെത്തി.
ബുദ്ധിയും കരുത്തുമുള്ള വരനെ കണ്ടെത്താനായിട്ടു ഒരു മത്സരം സംഘടിപ്പിക്കുക.
അങ്ങനെ രാജകിങ്കരന്മാരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും അയൽ രാജ്യങ്ങളിലേയ്ക്കും ദൂത് അയച്ചു. രാജ വിളംബരം നാടൊട്ടുക്ക് അറിയിച്ചു
അന്നൊന്നും മൊബൈലോ കംപ്യൂട്ടറുകളോ ഒന്നും ഉണ്ടായിരുന്നില്ല.
കുതിരപ്പുറത്താണ് രാജാവിന്റെയും കിങ്കരന്മാരുടെയും സഞ്ചാരം.
രാജ വിളംബരം ഇപ്രകാരമായിരുന്നു.
" ബൗദ്ധ രാജ്യത്തെ അതിസുന്ദരിയായ രാജകുമാരിക്ക്, വിവാഹ പ്രായമായിരിക്കുന്നു.അതിനാൽ കരുത്തനും അതി ബുദ്ധിമാനായ വരനെ കണ്ടെത്തുന്നതിനായി രാജകൊട്ടാരത്തിൽ വെച്ച് അടുത്ത മാസം എട്ടാം തീയതി രാവിലെ പത്തു മണിക്ക് ഒരു മത്സരം നടത്താൻ തീരുമാനിച്ചിരിക്കുന്ന വിവരം എല്ലാവരെയും അറിയിച്ചുകൊള്ളുന്നു. രാജാക്കന്മാർക്കോ, രാജ കുമാരന്മാർക്കോ, സാധാരണക്കാർക്കോ ആർക്കു വേണമെങ്കിലും ഈ മത്സരത്തിൽ പങ്കെടുക്കാം. വിജയ ശ്രീലാളിതനാകുന്ന ആൾക്ക് അതി സുന്ദരിയായ രാജകുമാരിയെയും പകുതി രാജ്യവും നൽകുന്നതാണ്. മത്സര ഇനം അന്നേ ദിവസം രാജകൊട്ടാരത്തിൽ വെച്ച് പ്രഖ്യാപിക്കുന്നതാണ്.".
അങ്ങനെ മത്സര ദിവസമെത്തി. രാവിലെ തന്നെ രാജ്യത്തു നിന്നും അയൽ രാജ്യത്തുനിന്നും രാജാക്കന്മാരും, രാജകുമാരന്മാരും, വ്യാപാരികളും, ഭിഷഗ്വരന്മാരും, കൃഷിക്കാരും സമ്പന്നരും പാവപ്പെട്ടവരുമൊക്കെ മത്സരത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി കൊട്ടാരത്തിലേക്കെത്തി തുടങ്ങി.
പത്തു മണിയായപ്പോൾ രാജാവ് എത്തി .
അദ്ദേഹം പറഞ്ഞു.
"മത്സരം ആരംഭിക്കാൻ പോകുകയാണ്. എല്ലവരും കൊട്ടാരത്തിന്റെ വലത്തേ അറ്റത്തേക്ക് പോകുക. അവിടെ വലിയ ഒരു കുളം കുത്തിയിട്ടുണ്ട്. .അതിൽ പകുതി ഭാഗം വെള്ളവും നിറച്ചിട്ടുണ്ട്. ആ കുളത്തിൽ അതി ഭയങ്കരമായ ഒരു മുതലയെ ഇട്ടിട്ടുണ്ട്. മത്സരം ഇതാണ്. കുളത്തിലേക്ക് ചാടി മുതല പിടിക്കാതെ മറുപുറം നീന്തി കയറണം. അങ്ങനെ വിജയിക്കുന്ന ആൾക്ക് സുന്ദരിയായ മകളെയും പകുതി രാജ്യവും നൽകും."
ഇതുകേട്ട ആളുകൾ തിക്കും തിരക്കും ഉണ്ടാക്കി അങ്ങോട്ടേക്ക് പാഞ്ഞു.
കുളത്തിനു ചുറ്റും ആളുകൾ കൂടി. അതാ കുളത്തിൽ ഒരു ഭയങ്കരനായ മുതല കിടക്കുന്നു. ഒരു ഭടൻ കരയിൽ നിന്ന് ചെറിയ ഓരോ പൊതി ഇറച്ചി കഷ്ണം കുളത്തിലേക്ക് ഇട്ടു കൊടുക്കുന്നുണ്ട്. വീഴേണ്ട താമസം മുതല അത് വിഴുങ്ങുന്നുമുണ്ട്. മത്സരത്തിൽ പങ്കെടുക്കാൻ ഒരാൾക്കും ധൈര്യം വന്നില്ല.കുളത്തിൽ ചാടിയാൽ മുതല വിഴുങ്ങിയത് തന്നെ. രാജ്യവും വേണ്ട രാജകുമാരിയെയും വേണ്ട, ജീവൻ തന്നെ വലുതെന്ന് പലരും കരുതി. ആളുകൾ പിന്നെയും വന്നുകൊണ്ടിരുന്നു ആര് മത്സരത്തിൽ വിജയിക്കുമെന്നറിയാൻ കുളത്തിനു ചുറ്റും നല്ല തിരക്കുമായി. മണിക്കൂറുകൾ പിന്നിട്ടു. ആരും തന്നെ മത്സരത്തിൽ പങ്കെടുക്കാൻ ധൈര്യം കാട്ടിയില്ല
പെട്ടെന്നാണ് അത് സംഭവിച്ചത്. വളരെ സാധാരണക്കാരനും പാവപ്പെട്ടവനുമായ ഒരു ചെറുപ്പക്കാരൻ കുളത്തിലേക്കെടുത്തു ചാടി. പെട്ടെന്ന് തന്നെ നീന്തി മുതല പിടിക്കാതെ മറുകര കയറി. ആളുകൾ കൈയടിച്ചുകൊണ്ടിരുന്നു. പലർക്കും അത് വിശ്വസിക്കാനുമായില്ല.
രാജാവിന് അതിയായ സന്തോഷമായി. ഒരുപാട് രാജാക്കന്മാരും രാജകുമാരന്മാരും ഒക്കെ ഉണ്ടായിരുന്നിട്ടും അവർക്കാർക്കും കഴിയാത്തതാണ് ഈ പാവപ്പെട്ടവനായ സാധാരണക്കാരനായ ചെറുപ്പക്കാരന് കഴിഞ്ഞിരിക്കുന്നു. കുളത്തിൽ നിന്ന് ചാടി മാറുകരയ്ക്കു വന്ന ചെറുപ്പക്കാരൻ ചെറുതായി വിറയ്ക്കുന്നുമുണ്ട്. പാവം. രാജാവ് വിചാരിച്ചു തണുപ്പ് കൊണ്ടായിരിക്കുമെന്ന്.
രാജാവ് ആ ചെറുപ്പക്കാരന്റെ അടുത്തെത്തി അദ്ദേഹത്തെ കെട്ടിപ്പിടിച്ചുകൊണ്ടു പറഞ്ഞു..
"മകനെ, എനിക്ക് വളരെ സന്തോഷമായിരുന്നു. മകനെ ഞാൻ പറഞ്ഞ പ്രകാരം എന്റെ അതി സുന്ദരിയായ മകളെ ഞാൻ നിനക്ക് വിവാഹം ചെയ്തു തരാൻ പോകുകയാണ് .അതോടൊപ്പം എന്റെ രാജ്യത്തിൻറെ പകുതിയും."
പുറത്തു കടന്ന ഉടനെ ചെറുപ്പക്കാരുടെ അടുക്കലേക്കു വിദൂഷകൻ പാഞ്ഞെത്തി അവർ ചോദിച്ചു.
"ആരും കുളത്തിലേക്ക് ചാടാൻ മുതിരാതിരുന്ന അങ്ങേക്കിതു സാധിച്ചുഅതിനു പിന്നിലുള്ള രഹസ്യം എന്താണ്."- അപ്പോൾ ചെറുപ്പക്കാരൻ മറുപടി പറഞ്ഞു. "അതുതന്നെയാണ് ഞാനും ആലോചിക്കുന്നത്."
"അതിന്റെ പിന്നിൽ ആരാണെന്നു .അയാൾ ദീർഘമായി ഒന്ന് നിശ്വസിച്ചു."
"എങ്കിലും തങ്ങളുടെ ധൈര്യം അപാരം തന്നെ."
എല്ലാവരും ആ ചെറുപ്പക്കാരന്റെ ധൈര്യത്തെ വാഴ്ത്തികൊണ്ടു പിരിഞ്ഞുപോയി.
യദ്ധാർത്ഥത്തിൽ സംഭവിച്ചത് ഇങ്ങനെയായിരുന്നു. ഒരു പണിയുമില്ലാതിരുന്ന ചെറുപ്പക്കാരൻ ഈ മത്സരം കാണാനായിട്ടു വെറുതെ വന്നതാണ്. ഏറ്റവും പിറകിൽ നിന്നിരുന്ന ഇയാൾ തിക്കിലും തിരക്കിലും പെട്ടെന്നു അബദ്ധത്തിൽ കുളത്തിന്റെ മുമ്പിൽ എത്തിയതാണ്. അങ്ങനെ നോക്കി നിന്നപ്പോൾ ആരോ പിടിച്ചൊരു തള്ളും കൊടുത്തു. ചെറുപ്പക്കാരൻ അതാ കുളത്തിൽ.
ഇയാൾക്ക് നീന്തൽ ഒട്ടു വശമില്ല താനും രക്ഷപ്പെടാനുള്ള വെപ്രാളത്തിൽ അയൽ എങ്ങനെയോ കുളത്തിന്റെ മറുകര എത്തിയതാണ്. അതാണ് ചെറുപ്പക്കാരൻ വിറച്ചു കൊണ്ട് നിന്നിരുന്നത്. ഇനി മുതല കാര്യം. അതുവരെ ചെറിയ പൊതിയാണ് കുളത്തിലേക്ക് ഇട്ടുകൊണ്ടിരുന്നത് അപ്രതീക്ഷിതമായി കുളത്തിലേക്ക് വലിയൊരു ജീവി ചാടുന്നത് കണ്ടപ്പോൾ ഈ വരുന്നത് തന്നെ പിടിക്കാനായിരിക്കുമെന്നു മുതല ഒരു നിമിഷം അമ്പരന്നു പോയി.. അങ്ങനെ ആരോ പിടിച്ചു തള്ളിയ കാരണം ചെറുപ്പക്കാരന് സുന്ദരിയായ രാജകുമാരിയെയും പകുതി രാജ്യവും കിട്ടി.