ഹൗസ് ഓഫ് ലോർഡ്സിൽ ഗംഭീര ഡിബേറ്റ്; സംസാരിക്കാൻ മലയാളിക്കുട്ടി റേച്ചലും

ലോകചരിത്രത്തിൽ തന്നെ ആദ്യമായമായാണ് ഇത്തരമൊരു സംഭവം ബ്രിട്ടണിലെ ഹൗസ് ഒാഫ് ലോർഡ്സിൽ നടക്കുന്നത്. ബ്രിട്ടൺ അഥവാ യുണൈറ്റഡ് കിംങ്‍‍ഡത്തിന് ലോകരാജ്യങ്ങളുടെ ഇടയിലുള്ള സുപ്രധാന സ്ഥാനത്തെക്കുറിച്ചും നമുക്കെല്ലാമറിയാം. അതേ യു കെ യുടെ ഹൗസ് ഒാഫ് ലോർഡ്സിൽ 200 പെൺകുട്ടികൾ ഡിബേറ്റിൽ ഏർപ്പെടുക എന്നത് ഒരു ചരിത്ര മുഹൂർത്തം തന്നെയായിരുന്നു. കുട്ടികളുടെ അവകാശങ്ങൾക്കായുള്ള ഡിബേറ്റാണ് ഈ പെൺകുട്ടികൾ നടത്തിയത്. ബിസിസി ഉൾപ്പെടെ വിവിധ മധ്യമങ്ങൾ ഈ ഡിബേറ്റ് തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു.

യു കെയിൽ നിന്നുള്ള പത്ത് സ്കൂളുകളിൽ നിന്നുള്ള കുട്ടികളും ഘാന, റുവാണ്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളുമാണ് ഹൗസ് ഒാഫ് ലോർഡ്സിൽ നടന്ന ഈ ഡിബേറ്റിൽ പങ്കെടുത്തത്. ചന്ദ്രനിൽ ചെന്നാൽ അവിടെയും ഒരു ചായക്കട നടത്താൻ മലയാളിയുണ്ടാകുമെന്ന സ്ഥിരം പല്ലവി പോലെ ഈ 200 കുട്ടികള്‍ക്കിടയിൽ കേരളക്കരയ്ക്ക് അഭിമാനമായി ഒരു മലയാളി പെൺകുട്ടിയുമുണ്ടായിരുന്നു.

മലയാളികളായ അരുൾ ലിപ്സന്റേയും റാണി വി പി യുടേയും മകളായ റേച്ചൽ ലിപ്സണാണ് ഹൗസ് ഒാഫ് ലോർഡ്സിൽ ഡിബേറ്റ് നടത്തിയ മിടുക്കി. #GirlsBreakingBarriers എന്നാണ് ഈ പെൺകുട്ടികളുെട ഡിബേറ്റ് അറിയപ്പെട്ടത്. തിരുവന്തപുരം സർവോദയ സ്കൂളിലെ 9 ാം ക്ലാസ് വിദ്യാർഥിനിയായിരുന്നു റേച്ചൽ. അച്ഛന്റെ ജോലി സംബന്ധിച്ചാണ് ഇവർ യു കെയിൽ എത്തുന്നത്. അവിടെ ഇപ്പോൾ ഫോർത്ത് ഫോമിൽ പഠിക്കുന്നു. സർവോദയയിൽ അധ്യാപികയായിരുന്നു റേച്ചലിന്റെ അമ്മ. ഇവര്‍ സകുടുമ്പം ഇപ്പോൾ യുകെയിലാണ് താമസം.

റേച്ചലിന്റെ സ്കൂളിൽ നിന്നും തിരഞ്ഞെടുത്ത പതിനഞ്ച് കുട്ടികളിൽ നാല് കുട്ടികൾക്കുമാത്രമാണ് ഹൗസ് ഒാഫ് ലോർഡ്സിൽ സംസാരിക്കാൻ അവസരമുണ്ടായിരുന്നത്. ആ നാലു പേരിൽ ഒരാൾ റേച്ചലായിരുന്നു. മറ്റു കുട്ടികൾക്കൊന്നും ലഭിക്കാത്ത ഒരു അപൂർവ അവസരവും റേച്ചലിന് ‍കിട്ടിയിട്ടുണ്ട്, എലിസബത്ത് രാഞ്ജിയെ നേരിട്ടു കാണാനുള്ള അവസരം റേച്ചലിന് ലഭിച്ചിട്ടുണ്ട്. ചിത്രം വരയും എഴുത്തും ഏറെ ഇഷ്ടപ്പെടുന്ന ഈ കൊച്ചു മിടുക്കി ഏഴ് ഓൺലൈൻ പുസ്തങ്ങൾ പബ്ലിഷ് ചെയ്തിട്ടുമുണ്ട്.