ചിത്രവുമായി പ്രിയങ്കയുടെ കാര്‍ ‘തടഞ്ഞു’; അരീക്കോട്ടെ പുതിയ സൂപ്പര്‍സ്റ്റാര്‍, Priyanka Gandhi, Areekod visit, Fithin, Manorama Online

ചിത്രവുമായി പ്രിയങ്കയുടെ കാര്‍ ‘തടഞ്ഞു’; അരീക്കോട്ടെ പുതിയ സൂപ്പര്‍സ്റ്റാര്‍

ദീപ്തിഷ് കൃഷ്ണ

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അരീക്കോടെത്തിയ പ്രിയങ്കാഗാന്ധിയ്ക്ക് താന്‍ വരച്ച ചിത്രം സമ്മാനിച്ച് പതിനൊന്നുകാരനായ കൊച്ചുമിടുക്കന്‍. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവില്‍ സുരക്ഷാ വലയം ഭേദിച്ച് പ്രിയങ്കാ ഗാന്ധിക്ക് ചിത്രം സമ്മാനിച്ചതോടെ അരീക്കോട്ടുകാരനായ ഫിഥിന്‍ നാട്ടുകാര്‍ക്കിടയില്‍ താരമായി.

ഇവനാണ് ആ കൊച്ചുകലാകാരന്‍. പേര് ഫിഥിന്‍. താന്‍ വരച്ച പ്രിയങ്ക ഗാന്ധിയുടെ സ്റ്റെന്‍സില്‍ ചിത്രം സമ്മാനിക്കാനായി ഫിഥിന്‍ മണിക്കൂറുകളോളമാണ് കാത്തിരുന്നത്. എസ്പിജിയുടെ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷവും കാത്തിരിപ്പ് തുടര്‍ന്നു. അരീക്കോട് ജ്യേതിധാര സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ ഈ മിടുക്കന്‍ യൂട്യൂബ് നോക്കിയാണ് സ്റ്റെന്‍സില്‍ ചിത്രങ്ങള്‍ വരയ്ക്കാന്‍ പഠിച്ചത്.

അരീക്കോട്ടെ പ്രസംഗത്തിന് ശേഷം ആളുകളെ അഭിവാദ്യം ചെയ്ത് കൊണ്ട് പ്രിയങ്ക എത്തി. ചിത്രം ഉയര്‍ത്തിക്കാട്ടിയ ഫിഥിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഫിഥിന്‍ കാറിന് മുന്നിലേക്ക് അടുത്തിനിന്നു. ഇത് കണ്ട പ്രിയങ്ക കാര്‍ നിര്‍ത്തിച്ച് ഫിഥിനെ അടുത്തേയ്ക്ക് വിളിച്ച് ചിത്രം ഏറ്റുവാങ്ങി. കൈകൊടുത്ത് അഭിനന്ദിച്ചു.

പ്രിയങ്കയ്ക്ക് നേരിട്ട് ചിത്രം സമ്മാനിച്ചതോടെ നാട്ടുകാര്‍ക്കിടയില്‍ ഫിഥിന്‍ താരമായി. രാഹുല്‍ഗാന്ധിക്കും ഇതുപോലൊരു ചിത്രം സമ്മാനിക്കണമെന്നാണ് ഫിഥിന്‍റെ ആഗ്രഹം.