ഇത് പൃഥ്വി സാന്റ, കൂട്ടിന് കുസൃതിയുമായി കുട്ടിപ്പട്ടാളവും: വിഡിയോ

നടൻ പൃഥ്വി രാജും കുറച്ച് കുട്ടിപ്പട്ടാളവുമൊത്തുള്ള അഭിമുഖമാണ് വനിത മാഗസിന്റെ ഇത്തവണത്തെ ക്രിസ്മസ് സ്പെഷൽ. കുട്ടികളുമൊത്തുള്ള പൃഥ്വിയുടെ ഒരു വിഡിയോ വൈറലാകുകയാണ്. അവർക്കൊപ്പം കുസൃതിച്ചിരിയുമായി പൃഥ്വി അഭിമുഖം ആഘോഷമാക്കി. നരച്ച താടിക്കു പകരം കറുത്തു മിനുസമുള്ള താടിയുമായി പൃഥ്വി സാന്റ എത്തിയതും കുട്ടിപ്പട്ടാളത്തിനും ആവേശമായി. ദുർഗ സന്ദീപ്, സാറ ഷൈൻ, നേഹ എസ് കുമാർ, ഫസാൻ ഷെഫി, ലൂക്ക് ഷൈൻ എന്നീ കുസൃതിക്കുടുക്കകളാണ് കുറുമ്പുകാട്ടിയും ചോദ്യങ്ങളുമായും പൃഥ്വിയെ കയ്യിലെടുത്തത്.

ക്രിസ്മസ് തൊപ്പിയണിഞ്ഞെത്തിയ കുട്ടിക്കൂട്ടത്തോടൊപ്പം സാന്റയുടെ മാസ്കുമായി പൃഥ്വി ഫോട്ടോയ്ക്കു പോസ് ചെയ്യുകയാണ് വിഡിയോയിൽ. അതിനിടയിലും കുറുമ്പു വർത്തമാനവുമായി പൃഥ്വിയും അവരിലൊരാളാകുന്നതും കാണാം.

മകൾ അലംകൃതയെന്ന ആലിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് രസകരമായി പൃഥ്വിരാജ് മറുപടി നൽകി. വീട്ടിൽ ആലിയുടെ ഡാഡ എങ്ങനെയാണെന്നായി ചോദ്യം.. 'ഭയങ്കരമല്ലേ...' എന്ന ഉത്തരം കേട്ട് കുട്ടിക്കൂട്ടം ചിരിയായി. കുറേ നാളുകൾക്കു ശേഷം വീട്ടിലെത്തിയാൽ ആലി പറയുന്നതൊക്കെ വാങ്ങിച്ചു കൊടുക്കും. മിക്ക അച്ഛന്മാരേയും പോലെ മകളെ വഷളാക്കുന്ന അച്ഛനാണ് താനെന്നും പൃഥ്വി പറയുന്നു. അല്ലിയ്ക്ക് കഥ കേൾക്കാൻ വലിയ ഇഷ്ടമാണെന്നും. തന്നെക്കൊണ്ട് ഡാൻസ് കളിപ്പിക്കുക എന്നതാണ് ഏറ്റവും വലിയ ഇഷ്ടമെന്നും വനിത മാഗസിനിലെ അഭുമുഖത്തിൽ നടൻ പറയുന്നു.