പാത്തുക്കുട്ടി കവിത ചൊല്ലുന്നു, ലോക്ഡൗണിൽ ചിരിക്കാനും ചിന്തിപ്പിക്കാനും ,Quarantine days, prarthana, the four year old girl, recites poem, lockdown, Kidsclub, Manorama Online

പാത്തുക്കുട്ടി കവിത ചൊല്ലുന്നു, ലോക്ഡൗണിൽ ചിരിക്കാനും ചിന്തിപ്പിക്കാനും

കൊറോണ വൈറസ് വ്യാപനത്തെത്തുടർന്നു രാജ്യമൊന്നാകെ 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ, വീട്ടിൽ ഒരുമിച്ചു കൂടാനായി ലഭിച്ച സമയം മാതാപിതാക്കൾക്കൊപ്പം പരമാവധി ആസ്വദിക്കുകയാണ് കുട്ടികുറുമ്പന്മാരും കുറുമ്പികളും. പുറത്തിറങ്ങാൻ കഴിയാത്ത അവധിക്കാലത്തിന്റെ വിരസത മാറ്റുന്നതിനായി കുട്ടികൾ കൂടുതൽ ക്രിയാത്മകമായ കാര്യങ്ങൾ ചെയ്യുന്നു എന്നതാണ് ഏറ്റവും രസകരമായ കാര്യം. ചിലർ വിഡിയോ വ്‌ളോഗുകൾ ചെയ്യുമ്പോൾ മറ്റു ചിലർ ചിത്രരചനയിലും വായനയിലും ആനന്ദം കണ്ടെത്തുന്നു.

എന്നാൽ കോഴിക്കോട്ടെ കൊച്ചു മിടുക്കിയായ നാല് വയസുകാരി പ്രാർത്ഥന എന്ന പാത്തുക്കുട്ടി തന്റെ ലോക്ഡൗൺ കാലം ചെലവഴിക്കുന്നതത്രയും മലയാളത്തിലെ മനോഹരങ്ങളായ കവിതകൾ പഠിച്ച് പാടുന്നതിനായാണ്. കവിതകൾ വെറുതെ പഠിക്കുക മാത്രമല്ല, അത് മനോഹരമായി താളബോധത്തോടെ പാടി വിയോയാക്കി മാതാപിതാക്കളെക്കൊണ്ട് പ്രിയപ്പെട്ടവർക്ക് അയച്ചു കൊടുക്കുകയും ചെയ്യുന്നു ഈ കൊച്ചുമിടുക്കി.
സുഗതകുമാരിയുടെ ഒരു പാട്ട് പിന്നെയും എന്ന കവിത താളബോധത്തോടെയും കുസൃതിച്ചിരിയോടെയും പ്രാർത്ഥന ആലപിച്ചത് അച്ഛൻ ഷിനോയിയുടെ ജ്യേഷ്ഠൻ സോഷ്യൽ മീ‍ഡിയയിൽ പങ്കുവച്ചതിലൂടെയാണ് കൊച്ചു മിടുക്കിയുടെ കവിത ഭ്രമം കൂടുതലാളുകൾ അറിയുന്നത്. വനനശീകരണത്തിന്റെ ഭാഗമായി കൂടും മക്കളെയും നഷ്ടപ്പെട്ട് ഒറ്റക്കായ ചിറകൊടിഞ്ഞ കാട്ടു പക്ഷിയുടെ വേദന കുഞ്ഞു ശബ്ദത്തിൽ പ്രാർത്ഥന അവതരിപ്പിക്കുന്നു.

വയനാട് സുൽത്താൻ ബത്തേരിയിലുള്ള ഭവൻസ് വിദ്യാലയത്തിലെ എൽകെജി വിദ്യാർത്ഥിനിയാണ് കുഞ്ഞു പ്രാർത്ഥന. വളരെ ചെറിയ പ്രായം മുതൽക്ക് തന്നെ കുട്ടിക്ക് കവിതകളോട് ഒരു പ്രത്യേക താല്പര്യമായിരുന്നു. എത്ര ശ്രമകരമായ കവിതയാണെങ്കിലും അതിലെ വരികൾ പ്രാർത്ഥന എളുപ്പത്തിൽ പഠിച്ചെടുക്കുന്നുണ്ടെന്ന് മനസിലാക്കിയ 'അമ്മ പാർവതിയാണ് ഇഷ്ടമുള്ള കവിതകൾ പഠിക്കുവാൻ കുഞ്ഞ് പാത്തുവിനെ പ്രോത്സാഹിപ്പിക്കുന്നതും പഠിപ്പിക്കുന്നതും.

കവിതകളിൽ പറയുന്ന കാര്യങ്ങളോട് പ്രാർത്ഥന വളരെ വേഗത്തിൽ തദാമ്യം പ്രാപിക്കാറുണ്ട്. ലോക്ഡൗണിൽ എല്ലാവരും വീടുകളിൽ ഒറ്റപ്പെട്ടിരിക്കുന്ന അവസ്ഥയിൽ കുഞ്ഞിളം ശബ്ദത്തിൽ കവിതകൾ ചൊല്ലി ആളുകളിൽ പുഞ്ചിരി വിടർത്തുകയാണ് പ്രാർത്ഥന.