കുഞ്ഞിന്റെ ആ നോട്ടം മനസ്സലിയിച്ചു, സ്നേഹത്തിന്റെ പൊതി നീട്ടി കച്ചവടക്കാരൻ; കണ്ണുനിറയും വിഡിയോ. Poor child, Viral Post, Manorama Online

കുഞ്ഞിന്റെ ആ നോട്ടം മനസ്സലിയിച്ചു, സ്നേഹത്തിന്റെ പൊതി നീട്ടി കച്ചവടക്കാരൻ; കണ്ണുനിറയും വിഡിയോ

മറ്റുള്ളവർക്കായി കരുതിവയ്ക്കുന്ന ഒരു ചെറിയ മിഠായിയിൽ പോലും കൊടുക്കലിന്റെ സന്തോഷമുണ്ട്. ഒരു കപ്പലണ്ടി കച്ചവടക്കാരൻ കൊച്ചു കുഞ്ഞിനോടുകാണിച്ച കരുതലിന്റെയും സ്നേഹത്തിന്റെയും വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. തെരുവോരത്ത് കപ്പലണ്ടി കച്ചവടം നടത്തുന്ന യുവാവാണ് വിഡിയോയിൽ. അയാൾക്കു മുന്നിൽ ഒരു കുഞ്ഞ് വല്ലാതെ കൊതിയോടെ അയാളെ നോക്കി നിന്നിരുന്നു.

ഒരു നാടോടി ബാലനെ അനുസ്മരിപ്പിക്കുന്ന വേഷവിധാനത്തിലാണ് ആ കുഞ്ഞ്. പണം നൽകി കപ്പലണ്ടി വാങ്ങി കഴിക്കാനുള്ള സ്ഥിതി ഇല്ലാത്തത് കൊണ്ടാകണം അവൻ കൊതിയോടെ അയാളെ തന്നെ നോക്കി നിന്നത്. ആ നോട്ടത്തിന്റെയും വിശപ്പിന്റെയും അർഥം ഒന്നും പറയാതെ തന്നെ യുവാവിനും തിരിച്ചറിയാനായി. വിശപ്പിന്റെ ആ വിളി കേട്ട യുവാവ് ഉടൻ തന്നെ സ്നേഹത്തിന്റെ ഒരു പൊതി അവനു നേരെ നീട്ടി. ആഗ്രഹിച്ച കളിപ്പാട്ടം കയ്യിൽകിട്ടുന്ന സന്തോഷത്തോടെ, ഒരു ചെറിയ ചിരിയോടെ എല്ലാ കുസൃതികളും ഉള്ളിലൊതുക്കി കുഞ്ഞ് ആ പൊതി വാങ്ങിതിരികെ നടന്നു. സമീപത്ത് നിന്നിരുന്ന ആരോ മൊബൈലിൽ പകർത്തിയ ഇൗ കാഴ്ചക്ക് ഇഷ്ടക്കാർ ഏറുകയാണ്.