ഇതൊക്കെ നടക്കുമോ? ഈ അധ്യാപക ദമ്പതികള്‍ പറയുന്നു നടക്കുമെന്ന് ; കുറിപ്പ്, parenting tips, lockdown time, social media post, tony,  Kidsclub, Manorama Online

ഇതൊക്കെ നടക്കുമോ? ഈ അധ്യാപക ദമ്പതികള്‍ പറയുന്നു നടക്കുമെന്ന് ; കുറിപ്പ്

ഈ ലോക്ഡൗൺ പ്രഖ്യാപനത്തോടെ വീട്ടിലിരുപ്പായ കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പല മാതാപിതാക്കൾക്കും സംശയങ്ങളാണ്. ഈ അവധിക്കാലം എങ്ങനെ കുട്ടികള്‍ക്ക് പ്രയോജനകരമാം വിധം വിനിയോഗിക്കാമെന്ന് പറഞ്ഞുതരികയാണ് ഈ അധ്യാപക ദമ്പതികൾ. തങ്ങള്‍ വീട്ടിൽ പരീക്ഷിച്ചു വിജയിച്ച ടിപ്സുകളാണ് അധ്യാപകരായ ടോണിയും സെൽമയും ഈ സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നത്.

ടോണി പുതിയാപറമ്പിലിന്റെ പോസ്റ്റ് വായിക്കാം
ഈ 'ലോക് ഡൗൺ' കാലം കുടുംബത്തിനൊപ്പമുള്ള പുതിയൊരു ജീവിതക്രമത്തിനു തുടക്കമാകട്ടെ.. ഇപ്പോൾ എന്ത് എഴുതുന്നതിനു മുൻപും, അതിന്റെ പ്രായോഗികത കൃത്യമായി നോക്കാറുണ്ട്. അതിനു കാരണം, കുറച്ചു വർഷങ്ങൾക്കു മുൻപ് രക്ഷിതാക്കൾക്കായി നടത്തിയ ഒരു സെമിനാറാണ്. അന്ന് നന്ദി പ്രസംഗത്തില്‍ ഒരു രക്ഷിതാവ് ഇങ്ങനെ പറഞ്ഞു, 'പറഞ്ഞതൊക്കെ വളരെ നല്ല ആശയങ്ങളാണ്. പക്ഷേ, സാറ് ചെറുപ്പമാണ്, സാറിന്റെ മക്കൾ സ്കൂൾ വിദ്യാഭ്യാസം തുടങ്ങിയതേയുള്ളൂ. അതുകൊണ്ട് ഇങ്ങനെയൊക്കെ പറയാം. അൽപ്പംകൂടി മുതിർന്ന മക്കളുള്ള നമുക്കല്ലേ അറിയൂ, ഇതിൽ എന്തൊക്കെ ചെയ്യാൻ പറ്റും, എന്തൊക്കെ ചെയ്യാന്‍ പറ്റില്ല എന്നൊക്കെ'. നടപ്പിലാകുമെന്ന് ഉറപ്പുള്ള കാര്യങ്ങൾ മാത്രമാണ് അന്നു പറഞ്ഞിരുന്നതെങ്കിലും, പലർക്കും സംശയം ! ഇവിടെ, ആ സംശയം വേണ്ട. കാരണം, കഴിഞ്ഞ കുറേ ആഴ്ച്ചകളായി വീട്ടിൽ നടപ്പിലാക്കി വിജയം കണ്ട കാര്യങ്ങൾ മാത്രമാണ് ചുവടെ എഴുതിയിരിക്കുന്നത്.

കോവിഡ് 19 മഹാമാരിയെ ചെറുക്കുവാനായി രാജ്യം പൂർണ്ണമായും ലോക് ഡൗൺ ആയതിനാൽ രക്ഷിതാക്കളും കുട്ടികളും വീടുകളിൽ തന്നെ ഒരുമിച്ചിരിക്കുകയാണ്. കുട്ടികളെ എങ്ങിനെ കൈകാര്യം ചെയ്യും ? ഈ സമയം എങ്ങിനെ ഏറ്റവും ഫലപ്രദമായി വിനിയോഗിക്കാം ? ഇതൊക്കെയാവാം പലരുടെയും മനസിലെ ചിന്തകൾ. കൃത്യമായ ഒരു ടൈംടേബിൾ തയ്യാറാക്കുക എന്നതാണ് പ്രധാനം. അവധി ദിവസങ്ങളാണെങ്കിലും കുട്ടികൾ രാവിലെ കൃത്യസമയത്ത് ഉണരണം. ശരീരത്തിന് ഏറ്റവും നല്ല വിശ്രമം കിട്ടാൻ ദിവസം എട്ടു മണിക്കൂറാണ് ഉറങ്ങേണ്ടത്. എന്നാൽ, അതിൽ കൂടുതൽ ഉറങ്ങുന്നത് അത്ര നന്നല്ല. പ്രഭാതകൃത്യങ്ങൾക്കുശേഷം ചെറിയ വ്യായാമമുറകൾ ചെയ്യണം. വീട്ടിൽ വെറുതെ ഇരിക്കുന്നതിനാലും, പുറത്തുപോയി കൂട്ടുകാരുമൊത്ത് കളിക്കാൻ സാധിക്കാത്തതിനാലും സംഭവിക്കാവുന്ന ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ രാവിലെയും വൈകിട്ടുമുള്ള വ്യായാമം സഹായിക്കും. കുട്ടികൾക്കൊപ്പം മുതിർന്നവരും ഇതിൽ പങ്കുചേരാൻ ശ്രദ്ധിക്കുമല്ലോ.

പ്രഭാത ഭക്ഷണത്തിനു മുൻപുതന്നെ കുട്ടികളെയുംകൂ ട്ടി വീടും പരിസരവും വൃത്തിയാക്കണം. മുറ്റത്തും വീടിനുള്ളിലും വൃത്തിയാക്കാനുള്ള ഭാഗങ്ങൾ കുട്ടികൾക്ക് പ്രത്യേകം തിരിച്ചുകൊടുക്കൂ. അവർ ആ ഉത്തരവാദിത്വം മത്സരിച്ച് പൂർത്തിയാക്കുന്നത് കാണാം. ചൂല് എടുത്ത് മുറ്റമടിക്കുന്നതും മുറികൾ വൃത്തിയാക്കുന്നതും അത്ര എളുപ്പമല്ലെന്നും അതിനും ഒരു വൈദഗ്ധ്യം വേണമെന്നും പല കുട്ടികളും ആദ്യമായി മനസിലാക്കും.

ഇങ്ങനെയുള്ള പണികളും കളികളുമൊക്കെ കഴിയുമ്പോൾ കൈകളും കാലുകളും വൃത്തിയായി കഴുകുന്നതിന് കുട്ടികളെ പ്രത്യേകം പരിശീലിപ്പിക്കണം. സോപ്പ് ഉപയോഗിച്ച് ഏറ്റവും വൃത്തിയായി കൈകഴുകുന്നത് എങ്ങിനെയെന്ന് ഈ ദിവസങ്ങളിൽ എല്ലാവരും മനസിലാക്കിയിട്ടുണ്ട്. കുറച്ചു വർഷങ്ങളായി, 'കൈ കഴുകൽ ദിനം' വരെ പ്രഖ്യാപിച്ച് ഈ കാര്യത്തിൽ ഗവൺമെന്റ് ബോധവത്ക്കരണം നടത്തിവരുകയായിരുന്നു. അധികാരികളുടെ നിർബന്ധത്തിനു വഴങ്ങിയല്ല, മറിച്ച് നമ്മുടെ സ്വന്തം ആവശ്യമാണെന്ന ബോധ്യത്തോടെ വൃത്തിയുടെയും ശുചിത്വത്തിന്റെയും പാഠങ്ങൾ അഭ്യസിക്കാനുള്ള അവസരംകൂടിയാണ് ഇത്.

ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. 'ടേബിൾ മാനേഴ്സ് ' കുട്ടികളെ പഠിപ്പിക്കണം. 'ജങ്ക് ഫുഡിന്റെ ' ദോഷവും വീട്ടിൽ ഉണ്ടാക്കുന്ന പോഷകസമൃദ്ധമായ ഭക്ഷണം നൽകുന്ന ഗുണങ്ങളും അവർ അറിയണം, ശീലിക്കണം. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കണം. ഭക്ഷണ സമയം ടി.വി. ഓഫ് ചെയ്യുമല്ലോ. ആഹാരം പാഴാക്കരുത് എന്ന ബോധ്യം കുട്ടികൾക്ക് നൽകണം. ഒരുനേരത്തെ ഭക്ഷണം പോലും ലഭിക്കാതെ കഷ്ടപ്പെടുന്നവർ ധാരാളമുണ്ടെന്ന യാഥാർത്ഥ്യവും, കഴിക്കുന്ന ഓരോ അരിമണിയുടെയും പിന്നിലെ, കർഷകരുടെയും മറ്റുള്ളവരുടെയും അധ്വാനവും കുട്ടികൾ മനസിലാക്കണം. കഴിക്കുന്ന പാത്രം സ്വയം കഴുകി വൃത്തിയാക്കാൻ അവർ പഠിക്കട്ടെ. പുതിയ പാഠങ്ങളും അനുഭവങ്ങളും പകരുന്നതും ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതുമായ വേദികളായി ഭക്ഷണമേശകൾ മാറണം.

കുട്ടികളുടെ പ്രായമനുസരിച്ച് അടുക്കളപ്പണികളിൽ സഹായിക്കുവാൻ അവസരം നൽകുക. തേങ്ങ ചിരണ്ടുക, ഉള്ളി പൊളിക്കുക, കറിക്ക് അരിയുക, തുടങ്ങിയ കാര്യങ്ങൾ അവർക്കും രസകരമാകും. അൽപ്പം മുതിർന്ന കുട്ടികളാണെങ്കിൽ ചെറിയ പാചക പരീക്ഷണത്തിനുള്ള അവസരവും നൽകണം. ദോശ ഉണ്ടാക്കാൻ അരിയും ഉഴുന്നും എത്ര ഗ്ലാസ് വീതമെടുത്തു എന്നു മനസിലാക്കുന്ന കുട്ടി, ഗണിതത്തിലെ അംശബന്ധം അറിയാതെ തന്നെ പഠിക്കുകയും ചെയ്യുന്നുണ്ട്.

കുറച്ചു സമയം പഠനത്തിനായും മാറ്റി വയ്ക്കണം. ഗണിതവും ഭാഷയും ശ്രദ്ധിക്കാം. ചെറുപ്രായത്തിലെ കുട്ടികളിൽ, കൂട്ടുക, കുറയ്ക്കുക, ഗുണിക്കുക, ഹരിക്കുക തുടങ്ങിയ ഗണിത ആശയങ്ങൾ ഉറപ്പിക്കാം. ഉയർന്ന ക്ലാസുകളിലെ കുട്ടികളോട് അതുവരെ പഠിച്ച ഭാഗങ്ങളുടെ ഓർമ്മ പുതുക്കൽ ആവശ്യപ്പെടാം. വായിച്ചു തുടങ്ങുന്ന കുട്ടികൾ കഥാപുസ്തകങ്ങൾ ഉറക്കെ വായിച്ച് വായന ഒഴുക്കുള്ളതാക്കട്ടെ. ഇംഗ്ലീഷിലെ പുതിയ വാക്കുകളും സ്പെല്ലിംഗും പഠിച്ച് പദസമ്പത്ത് വർദ്ധിപ്പിക്കാം.

ടിവിയിൽ വിനോദ പരിപാടികൾ കാണുന്നതിനൊപ്പം, കുറച്ചുസമയം വാർത്തകൾ കാണുവാനും മാറ്റിവക്കണം. പത്രവായനയും ഇതിനൊപ്പം സൂചിപ്പിക്കേണ്ട കാര്യമാണ്. വായിക്കുന്നതിനും വാർത്തകൾ കാണുന്നതിനുമൊപ്പം പ്രധാനപ്പെട്ടവ ഒരു നോട്ടുബുക്കിൽ കുറിച്ചുവയ്ക്കുന്ന ശീലവും കുട്ടികളിൽ വളർത്തണം. ഭാവിയിൽ, മത്സര പരീക്ഷകളിൽ പൊതുവിജ്ഞാനം പഠിക്കുന്നതിനുള്ള റഫറൻസായി ഈ ബുക്ക് ഉപയോഗിക്കാം. ലോകപരിചയമുള്ളവരായി കുട്ടികൾ വളരുവാനും അവരിൽ വായനാശീലവും സാമൂഹ്യബോധവും വളർത്തുവാനും ഇത് ഉപകരിക്കും.

ഉച്ചകഴിഞ്ഞുള്ള സമയത്ത് കുട്ടികളുടെ സർഗാത്മക കഴിവുകൾ വളർത്തുന്ന പ്രവർത്തനങ്ങൾ നൽകുന്നതാകും ഉചിതം. ഇന്റർനെറ്റിൽ ധാരാളം വീഡിയോ ട്യൂട്ടോറിയലുകൾ ലഭ്യമാണ്. യൂട്യൂബിൽ ക്രാഫ്റ്റ് വർക്കുകൾ തിരഞ്ഞാൽ, കുട്ടികൾക്ക്‌ എളുപ്പത്തിൽ ചെയ്യുവാൻ സാധിക്കുന്ന പേപ്പർ ക്രാഫ്റ്റ് വർക്കുകൾ, എംബ്രോയ്ഡറി വർക്കുകൾ, കരകൗശല വസ്തുക്കളുടെ നിർമ്മാണം, കളിപ്പാട്ട നിർമ്മാണം, ചിത്രകലയിലെ സൂത്രവിദ്യകൾ തുടങ്ങിയവ ലഭിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെയും എസ്.സി.ഇ.ആർ.ടി.യുടെയും നേതൃത്വത്തിൽ ‘സമഗ്ര’ പോർട്ടലിൽ ‘അവധിക്കാല സന്തോഷങ്ങൾ’ എന്ന പേരിൽ തയ്യാറാക്കിയിരിക്കുന്ന ഓൺലൈൻ പഠന സൗകര്യം പ്രയോജനപ്പെടുത്താം. അല്ലെങ്കിൽ, അവരുടെ കഴിവുകളും ഭാവനയും വളർത്തുവാൻ ഉതകുന്ന രീതിയിൽ സാഹിത്യരചനയ്ക്ക് അവസരം നൽകാം. ആവശ്യമെങ്കിൽ വിഷയം നൽകി, കഥകൾ, കവിതകൾ, ലേഖനങ്ങൾ തുടങ്ങിയവ എഴുതിക്കാം, ചിത്രങ്ങൾ വരപ്പിക്കാം..

കുട്ടികൾക്ക് ഇഷ്ടപ്പെട്ട ടെലിവിഷൻ പരിപാടികൾ, നിശ്ചിത സമയംമാത്രം കാണുവാനും അവസരം നൽകണം. പുസ്തകവായനക്കായും എപ്പോഴെങ്കിലും സമയം മാറ്റിവക്കണം. നല്ല പുസ്തകങ്ങൾ കുട്ടികൾക്ക് നൽകണം. കഥകൾ, നോവലുകൾ, കവിതകള്‍, ജീവചരിത്രം, യാത്രാവിവരണം,.. എന്നിങ്ങനെ, പ്രായമനുസരിച്ച് ആസ്വാദ്യകരമാകുന്ന പുസ്തകങ്ങൾ അവർ വായിക്കട്ടെ. ഒറ്റയിരുപ്പിന് വായിച്ചു തീർക്കാൻ നിർബന്ധം പിടിക്കേണ്ടതില്ല. സാവധാനം മതി. വായിച്ച പുസ്തകങ്ങളുടെ ആസ്വാദന കുറിപ്പുകൂടി എഴുതിക്കുക.

വൈകുന്നേരമായാൽ വീടിനു വെളിയിലേക്കിറങ്ങണം. പുരയിടത്തിലെ കൃഷിയും മരങ്ങളും പൂക്കളും പക്ഷികളുമൊക്കെ കുട്ടികൾക്ക് പരിചിതമാകണം. അവരുടെ സഹായത്തോടെ പച്ചക്കറി കൃഷി ആരംഭിക്കാം. വീട്ടിൽ വാങ്ങിവച്ചിരിക്കുന്ന പയറു വർഗ്ഗങ്ങൾ മുളപ്പിച്ച് തൈകൾ ഉണ്ടാക്കാവുന്നതേയുള്ളൂ. അതു കഴിഞ്ഞാൽ കളികൾക്കുള്ള സമയമാണ്. വീട്ടിലെ സാഹചര്യമനുസരിച്ച്, പന്തുകളിയോ മറ്റു കളികളോ ആകാം. പറ്റുമെങ്കില്‍ രക്ഷിതാക്കളും കുട്ടികളോടൊപ്പം കൂടണം. കളിച്ച് മുഷിയുന്ന ഉടുപ്പുകൾ കുട്ടികൾ തന്നെ കഴുകിയാൽ ഏറ്റവും നന്ന്.

രാത്രിയിൽ, എല്ലാവരും ഒരുമിച്ചിരുന്ന് പ്രാർഥിക്കണം, ഭക്ഷണം കഴിക്കണം, ടെലിവിഷനിൽ വാർത്തകൾ കാണണം, വർത്തമാനം പറയണം. അന്നത്തെ അനുഭവങ്ങൾ പങ്കുവയ്ക്കണം. കൃത്യ സമയത്ത് ഉറങ്ങുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഇങ്ങനെയൊരു ക്രമത്തിൽ പോയാൽ ഒരു ദിവസം കടന്നു പോകുന്നതറിയില്ല.

ഇതൊക്കെ നടക്കുന്ന കാര്യമാണോ എന്നുചോദിച്ചാൽ, നൂറു ശതമാനം ഉറപ്പ്. കാരണം, ആദ്യം പറഞ്ഞതുപോലെ, കഴിഞ്ഞ കുറേ ആഴ്ച്ചകളായി ഞങ്ങളെല്ലാവരും ചേർന്ന്‌ വീട്ടിൽ ഫലപ്രദമായി നടപ്പിലാക്കിയ കാര്യങ്ങൾ മാത്രമാണ് ഇവിടെ പറഞ്ഞത്. ഈ ക്രമവും താളവും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഞങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ലോക്ഡൗൺ നാളുകൾക്കു ശേഷവും തുടരാൻ ആഗ്രഹിക്കുന്ന ജീവിതക്രമം.

(കളിക്കാൻ മുറ്റമില്ലാത്ത, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമില്ലാത്ത, യൂ-ട്യൂബ് നോക്കാൻ സ്മാർട്ട് ഫോണോ എന്തിനധികം വീട്ടിൽ ടിവിയോ പത്രമോ ഇല്ലാത്ത എത്രയോ കുട്ടികളുണ്ട് ! അവരെ മറന്നല്ല ഇതൊന്നും എഴുതിയത്. ഇതൊക്കെ ഉള്ളവരെക്കാൾ സന്തോഷത്തോടെ അവർ ജീവിക്കുന്നതും കണ്ടിട്ടുണ്ട്. തങ്ങളുടെ സാഹചര്യങ്ങൾക്കനുസരിച്ച് ജീവിതം ആസ്വദിക്കുന്നത് എങ്ങിനെയെന്ന് അവർക്ക് ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല.

മറ്റൊരു കാര്യം കൂടി. നമ്മൾ നല്ലൊരു ശതമാനം ആളുകളും വീടിനുള്ളിൽ സുരക്ഷിതരായിരിക്കുമ്പോൾ, രാപകലില്ലാതെ നമുക്കുവേണ്ടി കഷ്ടപ്പെടുന്ന കുറേ ഏറെ മനുഷ്യരുണ്ട്. ഡോക്ടര്‍മാരും നേഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ, പോലീസ് സേനാംഗങ്ങൾ, പൊതുപ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ.. ഇങ്ങനെ നീളുന്നു ആ പട്ടിക. അവരെയെല്ലാം നന്ദിയോടെ ഓർത്തുകൊണ്ട്, ഇപ്പോൾ നമുക്ക് ചെയ്യാൻ സാധിക്കുന്ന ഏറ്റവും വലിയ കാര്യം - ഗവൺമെന്റ് നിർദ്ദേശങ്ങൾ പാലിക്കുക, 'വീട്ടിൽ ആയിരിക്കുക' എന്നിവ മാത്രമാണ്. അങ്ങനെ വീട്ടിൽ ആയിരിക്കുമ്പോൾ, മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും ഒന്നു ശ്രമിച്ചു നോക്കണേ..)