പപ്പടക്കള്ളൻ, Onam, Onam Story, Pappadam, Stories, Manorama Online

പപ്പടക്കള്ളൻ

ജെഫി ജോസ്

“നാളെ കഴിഞ്ഞ് സൂര്യോദയത്തിനാണ് എഴുന്നള്ളത്ത്” ഓലയിൽ വന്ന പുതിയ സന്ദേശം പാപ്പൂട്ടൻ വായിച്ചു. ഒരു നിമിഷം കഴിഞ്ഞ് അത് മാഞ്ഞുപോയി. പാപ്പൂട്ടൻ ഓല അരയിൽ തിരുകി.

ഇനി കുറച്ചു സമയമേ ബാക്കിയുള്ളൂ. നാലു ദിവസം മുമ്പ് ഈ നാട്ടിൽ എത്തിയപ്പോൾ ഇതിത്ര വലിയ പൊല്ലാപ്പാകുമെന്ന് കരുതിയില്ല.
“വലിയ ചതിയായിപ്പോയല്ലോ!” പാപ്പൂട്ടൻ തലയ്ക്കു കൈയ്യും കൊടുത്ത് ഇരിപ്പായി.
“ഇത് പാപ്പൂട്ടനെക്കൊണ്ടേ പറ്റൂ”
“പാപ്പൂട്ടനുള്ളപ്പോൾ വേറെയാരേയും നോക്കണ്ട”
ആ കുന്തംകടിയനും തേൻതീനിയും പറഞ്ഞപ്പോൾ മറ്റൊന്നും ആലോചിച്ചില്ല.
“പാപ്പൂട്ടാ, തിരുവോണപുരിയിലേക്ക് പോകണം. ആ നാട്ടില്‍ കുറെ കാലമായി ഒരു ശല്യം. പപ്പടക്കള്ളൻ. പപ്പടം കിട്ടാത്തതുകൊണ്ട് അന്നാട്ടുകാർക്ക് ഓണമുണ്ണാൻ കഴിയുന്നില്ല. നീ പോകണം. പപ്പടക്കള്ളനെ തുരത്തണം. തമ്പുരാന്റെ കൽപനയാണ്” കുന്തംകടിയൻ പറഞ്ഞപ്പോൾ സമ്മതിച്ചത് ഒറ്റകാര്യം ഓർത്താണ്. തിരുവോണത്തിന് തമ്പുരാൻ നേരിട്ട് തയാറാക്കുന്ന സ്പെഷ്യൽ പായസമുണ്ട്. തമ്പുരാനെ പ്രീതിപ്പെടുത്തിയാൽ അതെത്ര വേണമെങ്കിലും മോന്താം.
അന്ന് ഇറങ്ങിത്തിരിച്ചതാണ്. ഇവിടെയെത്തിയപ്പോഴല്ലേ ഇതൊരു ഓണംകേറാമൂലയാണെന്ന് മനസിലായത്. ഇവിടെയുള്ളവർ പപ്പടം കൂട്ടി സദ്യ കഴിച്ചിട്ട് കുറേ നാളുകളായിരിക്കുന്നു. ആരു പപ്പടം ഉണ്ടാക്കിയാലും നിമിഷനേരം കൊണ്ട് അത് അപ്രത്യക്ഷമാകും. വേറെ നാട്ടിൽ നിന്ന് വാങ്ങിക്കൊണ്ടുവന്നാലും ഇതു തന്നെ സ്ഥിതി.
ഈ പപ്പടമൊക്കെ എങ്ങോട്ട് പോകുന്നാവോ? പാപ്പൂട്ടന് ഒരെത്തുംപിടിയും കിട്ടുന്നില്ല.
“താനെന്തൊരു മണ്ടനാണ്!”
പാപ്പൂട്ടൻ ഞെട്ടി. ഇതാർക്കാണ് എന്നെ കാണാൻ സാധിക്കുന്നത്? പാപ്പൂട്ടൻ തിരിഞ്ഞു നോക്കി. വഴിയ്ക്കപ്പുറത്തുള്ള ഒരു വീടിനു മുമ്പിൽ നിന്നാണ്. അവിടെ ഒരാൾ പപ്പടം പായിൽ നിരത്തിയിടുന്നു.
“എന്നും ഉണ്ടാക്കും. അതു പോവുകയും ചെയ്യും. തനിക്ക് ഇനിയെങ്കിലും ഒന്നു നിർത്തിക്കൂടെടോ?” വഴിയിലൂടെ നടന്നുപോയൊരാൾ പപ്പടക്കുട്ടനോട് ചോദിച്ചു. അയാൾ ഇതൊന്നും കേട്ടഭാവം നടിച്ചില്ല. പപ്പടമെല്ലാം പായിൽ നിരത്തിയിട്ട് അയാൾ വടിയും കൈയ്യിൽ പിടിച്ച് അതിനടുത്തിരുന്നു.
തൊട്ടടുത്ത് വാഴത്തോട്ടത്തിൽ ഒരനക്കം, അയാൾ അങ്ങോട്ട് തിരിഞ്ഞു നോക്കി. “ഏയ്, ഒന്നുമില്ല” അയാൾ വീണ്ടും പായിലേക്ക് നോക്കി.
“ദേ പിന്നേം പോയി!”
പായിൽ നിരത്തിയിട്ട പപ്പടങ്ങൾ മുഴുവൻ അപ്രത്യക്ഷം! “ശ്ശെടാ ഇന്നും കാണാൻ പറ്റിയില്ലല്ലോ” അയാൾ പറഞ്ഞു.
പക്ഷേ പാപ്പൂട്ടൻ കണ്ടു, പാപ്പൂട്ടനേ കണ്ടുള്ളൂ പായിലേക്ക് ഉരുണ്ടു വന്ന ഒരു രൂപം.
ഒരു പപ്പടത്തിന് ചെറിയ രണ്ടു കൈയ്യും രണ്ടു കാലും. പിന്നെ കണ്ണും മൂക്കും വലിയ വായും. അത് ഞൊടിയിടയിലാണ് ആ പപ്പടങ്ങൾ മുഴുവൻ അകത്താക്കിയത്. എന്നിട്ട് ഓടെടാ ഓട്ടം!
ഇപ്പൊ ടെക്നിക്ക് പിടികിട്ടി. പാപ്പൂട്ടന്റെ മണ്ടയിൽ ലഡു പൊട്ടി.
നിലാവത്ത് മാനം നോക്കി കിടപ്പാണ് പപ്പടക്കള്ളൻ. “നാളെ കഴിഞ്ഞാൽ തിരുവോണമാണ്. ആരെങ്കിലുമൊക്കെ പപ്പടം ഉണ്ടാക്കും. അതൊക്കെ ശാപ്പിടണം” പപ്പടക്കള്ളൻ കൊതിയോടെ കിടന്നു.
“എന്തു സ്വാദായിരിക്കും ആ പപ്പടത്തിന്?”
പപ്പടക്കള്ളന്‍ ഞെട്ടി. “ആരാണത്? ഏതു പപ്പടത്തിന്റെ കാര്യമാണ് പറഞ്ഞത്?” അവൻ ചുറ്റും നോക്കി.
പാപ്പൂട്ടൻ പപ്പടക്കള്ളനെ നോക്കി ചിരിച്ചു.
‘‘തനിക്കെങ്ങനെ എന്നെ കാണാൻ പറ്റും?’’ പപ്പടക്കള്ളൻ ചോദിച്ചു.
“അതൊക്കെ പറ്റും. ഞാൻ എല്ലാം കണ്ടു. താൻ ഒരു കേമൻ തന്നെ” പാപ്പൂട്ടൻ പറഞ്ഞത് കേട്ട് പപ്പടക്കള്ളൻ ഒന്ന് ഞെളി‍ഞ്ഞു.
“പക്ഷേ താൻ എന്താ ഇത്ര നാളായിട്ടും ഏറ്റവും വലിയ പപ്പടം തിന്നു നോക്കാത്തത്?” പാപ്പൂട്ടൻ ചോദിച്ചു.
“അതേത് പപ്പടം? ഞാൻ കാണാത്ത പപ്പടമോ?” അവന് സംശയമായി.
“ദാ നോക്ക്” പാപ്പൂട്ടൻ ആകാശത്തേക്ക് വിരൽ ചൂണ്ടി. ചന്ദ്രൻ മാനത്ത് തിളങ്ങി നിൽക്കുന്നു.
“എടോ മണ്ടാ, അത് അരിയുണ്ടയാണ്” പപ്പടക്കള്ളൻ പറഞ്ഞു.
“അയ്യേ! തന്നെയാരോ പറ്റിച്ചതാ. അത് പപ്പടമാണ്. ഏറ്റവും വലിയ പപ്പടം. ഏറ്റവും സ്വാദുള്ള പപ്പടം” പാപ്പൂട്ടൻ പറഞ്ഞു.
പപ്പടക്കള്ളൻ മുകളിലോട്ട് നോക്കി. “ശരിയാ, എനിക്കപ്പോഴേ തോന്നി.”
“തനിക്കറിയോ, ആ പപ്പടം തിന്നു തീർക്കാൻ 14 ദിവസമെടുക്കും.” പാപ്പൂട്ടൻ പറഞ്ഞു
“ഹോ! 14 ദിവസം തിന്നാവുന്ന പപ്പടം” പപ്പടക്കള്ളന്റെ വായിൽ വെള്ളം നിറഞ്ഞു.
“പക്ഷേ ഞാൻ ചാടിയാൽ അങ്ങോട്ട് എത്തില്ലല്ലോ?” അവൻ പറഞ്ഞു.
“അതിന് ഒരു സൂത്രമുണ്ട്” പാപ്പൂട്ടൻ ഒരു അമ്പെടുത്തു.
“ഇത് ഭയങ്കര ശക്തിയുള്ള അമ്പാണ്. തന്നെ ഞാൻ ഇതിൽ കയറ്റിവിടാം. അവിടെയെത്തിയാൽ ഒരു ചെറിയ കഷണം എനിക്കിട്ട് തരണം” പാപ്പൂട്ടൻ പറഞ്ഞു.
“പിന്നെന്താ, ഞാൻ റെ‍ഡി” പപ്പടക്കള്ളൻ പാപ്പൂട്ടന്റെ അടുത്തെത്തി.
പാപ്പൂട്ടൻ അമ്പ് കൊണ്ട് പപ്പടത്തിന്റെ നടുവിൽ കുത്തിത്തുളച്ചു. എന്നിട്ട് വില്ലിനിടയിൽ വച്ചു. ചന്ദ്രനെ ലക്ഷ്യംവച്ച് അമ്പെയ്തു. പപ്പടക്കള്ളൻ ദേ പോകുന്നു ആകാശത്തേക്ക്. അവൻ പതുക്കെ മാഞ്ഞുപോയി.
അടുത്ത ദിവസം രാവിലെ പപ്പടക്കുട്ടൻ വീടിനു മുമ്പിലിരുന്ന് പപ്പടം നിരത്തി. എന്നിട്ട് പതിവുപോലെ വടിയും പിടിച്ചിരുന്നു. പാപ്പൂട്ടൻ ഇത് നോക്കിക്കൊണ്ടിരുന്നു.
സമയം പോയി. സന്ധ്യയായി. പപ്പടക്കുട്ടന് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. പപ്പടം പായിൽ തന്നെയുണ്ട്. അയാൾ സന്തോഷത്തോടെ അലറി വിളിച്ചു. എന്നിട്ട് അടുക്കളയിൽ പോയി പപ്പടം കാച്ചി. അയാൾ പപ്പടമെടുത്ത് വഴിയിലൂടെ നടന്നു.
നാട്ടുകാർ അത് കണ്ട് അന്തം വിട്ടു. “പപ്പടശാപം തീർന്നിരിക്കുന്നു.”
“ഓണം വന്നേ. നമുക്ക് പിന്നേം ഓണം വന്നേ” കുട്ടികൾ വിളിച്ചു പറഞ്ഞു.
‘പാപ്പൂട്ടൻ ബ്രില്ല്യൻസ്’
പാതാളം ടൈംസിൽ വലിയ തലക്കെട്ട് വന്നു.
അത് കണ്ട് കുന്തംകടിയനും തേൻതീനിക്കും അസൂയ മൂത്തു.
“തമ്പുരാൻ വിളിക്കുന്നു. വളരെ സന്തോഷത്തിലാണ്.” പാപ്പൂട്ടന് സന്ദേശമെത്തി.
പാപ്പൂട്ടൻ ഓടിച്ചെന്നു.
അവിടെ സ്പെഷ്യൽ പായസത്തിനു രസക്കൂട്ട് പറഞ്ഞുകൊണ്ട് നിൽക്കുന്നു മാവേലിത്തമ്പുരാൻ.
പാപ്പൂട്ടനെ കണ്ടതും കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു,
“പാപ്പൂട്ടാ, ഹാപ്പി ഓണം.”