തടിയുള്ള കുട്ടികളെ കളിയാക്കല്ലേ... വിചാരിക്കുന്നതാവില്ല സംഭവിക്കുക!, Obesity, Teasing, Children, Depression, Manorama Online

തടിയുള്ള കുട്ടികളെ കളിയാക്കല്ലേ... വിചാരിക്കുന്നതാവില്ല സംഭവിക്കുക!

നല്ല തടിച്ചുരുണ്ടിരിക്കുന്ന കുട്ടിയെ കാണുമ്പോൾ ഇവനങ്ങ് ഫുട്ബോൾ പോലെ ഉരുണ്ടു വരുവാണല്ലോ എന്നു പറഞ്ഞിട്ടുണ്ടോ? അല്ലെങ്കിൽ ഏതു കടയിലെ അരിയാണ് നീ കഴിക്കുന്നതെന്ന് ഒരു കളിയാക്കൽ...?

തടിയുടെ പേരിൽ കുട്ടികളെ പരിഹസിക്കുന്നത് കൗമാരത്തിലേക്ക് കടക്കുമ്പോൾ ഭാരം കൂടാനേ ഇടയാകൂ എന്ന് പുതിയ പഠനം. പീഡിയാട്രിക് ഒബിസിറ്റി ജേണലിൽ വന്ന ഈ പഠനം പറയുന്നത് എത്രയധികം കളിയാക്കുന്നുവോ അത്ര കണ്ട് കുട്ടി പൊണ്ണത്തടിയനായി മാറുമെന്നാണ്.

കളിയാക്കിയാൽ വാശി കയറി ഭാരം കുറയ്ക്കുമെന്ന് ചിലർ ചിന്തിക്കുന്നുണ്ടാകും. പക്ഷേ ആ ധാരണ തെറ്റാണെന്നാണ് പഠനം പറയുന്നത്. അമിതഭാരമുള്ളതോ അച്ഛനും അമ്മയും അമിതഭാരമുള്ളവരോ ആയ 10 കുട്ടികളെയും കൗമാരത്തിന്റെ ആരംഭഘട്ടത്തിലുള്ളവരെയും (ശരാശരി 12 വയസ്സ്) ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്. അമിതഭാരമുള്ളവരിൽ 62 ശതമാനം കുട്ടികളും തങ്ങൾ പലരുടെയും പരിഹാസത്തിന് വിധേയരായിട്ടുണ്ടെന്നു വെളിപ്പെടുത്തി. ഭാരത്തിന്റെ പേരിൽ അടിക്കടി കളിയാക്കൽ കേട്ടിരുന്ന കുട്ടികൾ 33 ശതമാനം ശരീരഭാരവും 91 ശതമാനം കൊഴുപ്പും വർധിച്ചതായി കണ്ടു.

വളരെ തമാശരൂപേണ നടത്തുന്ന കമന്റുകൾ വിചാരിക്കുന്നതിലും അധികംദോഷം ചെയ്യുന്നുണ്ടെന്നാണ് പഠനം ഊന്നിപ്പറയുന്നത്. ഭക്ഷണശീലത്തേക്കുറിച്ചോ തടിയേക്കുറിച്ചോ മാതാപിതാക്കളുടെ കളിയാക്കൽ കേട്ടിട്ടുള്ള പലരും തങ്ങളുടെ ഇപ്പോഴത്തെ ഭാരത്തെ ചൊല്ലി അസന്തുഷ്ടരാണ്. മാത്രമല്ല അവർക്ക് തങ്ങളുടെ ശരീരത്തേക്കുറിച്ച് വളരെ മോശം ഇമേജാണ് ഉള്ളത്.

അമിതഭാരവും ഉത്കണ്ഠയും മൂഡ് വ്യതിയാനങ്ങളും ഉൾപ്പെടെയുള്ള വൈകാരിക പ്രശ്നങ്ങളും ഏഴാം വയസ്സു മുതലേ ആരംഭിക്കുന്നതായി മറ്റൊരു പഠനം പറയുന്നു. ഇതിന്റെ ഒരു കാരണം അമിതവണ്ണമുള്ള കുട്ടികൾ അനുഭവിക്കുന്ന മാറ്റിനിർത്തലും പരിഹാസവുമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇത് അവരുടെ ആത്മാഭിമാനത്തെ തന്നെ വ്രണപ്പെടുത്തുകയും വിഷാദരോഗ ലക്ഷണങ്ങൾ വർധിപ്പിക്കുകയും ചെയ്യുന്നുവത്രേ.