മുങ്ങിത്താണ മുത്തശ്ശിയെ രക്ഷപ്പെടുത്തി ഒമ്പതുകാരന്‍; അവനെ സഹായിച്ചത്..., American girl, debuts first doll with, visible hearing aid Viral Post, Manorama Online

മുങ്ങിത്താണ മുത്തശ്ശിയെ രക്ഷപ്പെടുത്തി ഒമ്പതുകാരന്‍; അവനെ സഹായിച്ചത്...

ബാത്ത് ടബിൽ മുങ്ങി മരിക്കുമായിരുന്നു മുത്തശ്ശിയെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ കിയാന്‍ ഏലിഫ് എന്ന ഒൻപത് വയസ്സുകാന്‍ താരമാകുകയാണ്. കിയാനും മുത്തശ്ശിയും മാത്രമേ അന്ന് വീട്ടിലുണ്ടായിരുന്നുള്ളൂ. വിഡിയോ ഗെയിം കളിച്ചുകൊണ്ടിരുന്നു കിയാൻ മുത്തശ്ശിയുടെ മുറിയിൽ നിന്നും അസ്വാഭാവികമായൊരു ശബ്ദം കേട്ടു. മുറിയിലെത്തിയ അവൻ കണ്ട കാഴ്ച, മുത്തശ്ശി ബാത്ത് ടബിൽ മുങ്ങിക്കൊണ്ടിരിക്കുന്നതാണ്. ഒരു ഒൻപത് വയസ്സുകാരനിൽ കവിഞ്ഞ പക്വതയാണ് പിന്നീട് അവനിൽ നിന്നുണ്ടായത്. ഭാഗികമായ കേൾവിശക്തിയില്ലാത്ത കിയാൻ ശ്രവണസഹായി ഉപയോഗിച്ചാണ് ശബ്ദങ്ങൾ കേൾക്കുന്നത്.

ആദ്യം എന്തു ചെയ്യണമെന്നറിയാതെ പതറിയെങ്കിലും മുൻപ് യു ടൂബിൽ കണ്ട ഒരു വിഡിയോ അവന്റെ മനസിലേയ്ക്ക് ഓടിയെത്തി. വെള്ളത്തിൽ മുങ്ങിപ്പോയാളെ എങ്ങനെ രക്ഷിക്കാം എന്നായിരുന്നു ആ വിഡിയോയിൽ. ഒരു നിമിഷം പോലും പാഴാക്കാതെ മുത്തശ്ശിയെ ടബിൽ നിന്നും വലിച്ച് താഴെ കിടത്തി. പിന്നെ സഹായത്തിനായി അടുത്ത വീട്ടിലെത്തിയെങ്കിലും അവിടെ ആരും ഉണ്ടായിരുന്നില്ല.

പെട്ടെന്നു തന്നെ എമർജൻസി നമ്പരായ 999 ൽ വിളിച്ച് ആംബുലന്‍സ് വരാൻ ഏർപ്പാടാക്കി. ഒപ്പം അമ്മയേയും വിവരമറിയിച്ചു. അമ്മ എത്തിയപ്പോൾ പുറത്ത് ആംബുലൻ‌സിനായി കാത്തിരിക്കുന്ന മകനെയാണ് കണ്ടത്. അപ്പോഴേയ്ക്കും ആംബുലൻസും എത്തി. അങ്ങനെ കുഞ്ഞു കിയാന്റെ സമയോചിതമായ പ്രവർത്തി മുത്തശ്ശിയുടെ ജീവൻ രക്ഷിച്ചു. എപ്പോഴും ഇന്റർനെറ്റിൽ കളിക്കുന്ന മകനെ താൻ വഴക്കു പറയാറുണ്ടായിരുന്നെന്നും പക്ഷേ അവൻ യൂ ടൂബിൽ കണ്ട ആ വിഡിയോ കാരണമാണ് തന്റെ അമ്മയുടെ ജീവൻ രക്ഷിക്കാനായത് കിയാന്റെ അമ്മ പറയുന്നു.

Summary : Nine year old boy saved grandmothers from drowning