ലോക്ഡൗണിൽ വിഡിയോ കോൺഫറൻസിലൂടെ കുഞ്ഞിന്റെ പേരിടീൽ !,  Naming ceremony, through video conference, in lockdown time, Covid19, Kidsclub, Manorama Online

ലോക്ഡൗണിൽ വിഡിയോ കോൺഫറൻസിലൂടെ കുഞ്ഞിന്റെ പേരിടീൽ !

ഈ ലോക്ഡൗൺ കാലത്ത് 50ൽ അധികം പേരെ പങ്കെടുപ്പിച്ച് ഒരു പേരിടീൽ ചടങ്ങ്. എറണാകുളം ഇൻഫൊ പാർക്കിൽ ഉദ്യോഗസ്ഥനായ നിഥിനാണ് വിഡിയോ കോൺഫറൻസിലൂടെ കുഞ്ഞിന്റെ പേരിടീൽ ചടങ്ങ് വ്യത്യസ്ഥ അനുഭവമാക്കിയത്. ഭാര്യ ശ്രുതിയുടെ വീട് ചാലക്കുടിയിലാണ്. നിഥിന്റെ വീട് തലശേരിയിലും. നേരത്തെ തീരുമാനിച്ച പ്രകാരം കുഞ്ഞിന്റെ പേരിടീൽ ചടങ്ങ് നടത്താൻ തന്നെ തീരുമാനിച്ചപ്പോൾ ആദ്യം ആർക്കും എത്താനാവില്ലല്ലോ എന്നതിന്റെ വിഷമത്തിലായിരുന്നു. പിന്നീടാണ് സൂം ആപ് ഉപയോഗിച്ച് ചടങ്ങിൽ പങ്കെടുക്കാൻ എല്ലാവരെയും ക്ഷണിച്ചത്.

ന്യൂസിലൻഡ് ഉൾപ്പടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കാളികളായി. സാധാരണ പേരിടൽ ചടങ്ങു പോലെ തന്നെയായിരുന്നു പരിപാടികൾ. ചടങ്ങിനു വേണ്ട വസ്ത്രങ്ങൾ നേരത്തെ വാങ്ങി സൂക്ഷിച്ചിരുന്നതിനാൽ അതിനു ബുദ്ധിമുട്ടുണ്ടായില്ല. അമ്മൂമ്മ പായൊക്കെ വിരിച്ച് കാര്യങ്ങളെല്ലാം തയാറാക്കിയിരുന്നു. തലേ ദിവസം ഭാര്യയ്ക്കൊപ്പം ചേർന്ന് താൻ വീട് അത്യാവശ്യം ഒരുക്കിയിരുന്നു. വിഡിയോ കാമറയിൽ വരുന്ന ഭിത്തി മാത്രമേ കാര്യമായി ഒരുക്കേണ്ടതുള്ളായിരുന്നെന്നും നിഥിൻ പറയുന്നു.


ആളുകൾക്ക് യാത്ര ചെയ്തും തയാറെടുത്തും എത്താനുള്ള ബുദ്ധിമുട്ടുകൾ ഒഴിവായെന്നതാണ് ഓൺലൈൻ പേരിടീൽ ചടങ്ങിന്റെ പ്രധാന നേട്ടം. താൻ ഒരുങ്ങി ചടങ്ങിന് എത്തും മുമ്പ് പലരും വിളി തുടങ്ങിയിരുന്നു, എന്താ തുടങ്ങാത്തെ എന്ന് ചോദിച്ച്. തികച്ചും വ്യത്യസ്ഥമായി ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ ത്രില്ലിലായിരുന്നു പലരും. ചടങ്ങു കഴിഞ്ഞതോടെ പലരുടെയും ഇൻസ്റ്റ്ഗ്രാമിലും വാട്സാപ്പിലുമെല്ലാം കുഞ്ഞിന്റെയും എല്ലാവരും പങ്കെടുക്കുന്നതിന്റെയും ചിത്രങ്ങളായിരുന്നു. ‘ലോക്ഡൗൺ’ ആയതു കൊണ്ടു മാത്രം ഇത്ര വ്യത്യസ്ഥമായ രീതിയിൽ ചടങ്ങു നടത്താൻ പറ്റി എന്നാണ് ഇപ്പോൾ നിഥിൻ പറയുന്നത്.


നിയ എന്ന പേരാണ് മകൾക്കായി നിഥിനും ശ്രുതിയും കരുതി വച്ചിരുന്നത്. അമ്മൂമ്മയും ഒപ്പം ചടങ്ങിൽ പങ്കെടുത്തവരും കുഞ്ഞിനെ പേരു വിളിച്ച് ചടങ്ങ് ഗംഭീരമാക്കി. മലയാളികൾ കുട്ടികളുടെ 28 കെട്ട് അല്ലെങ്കിൽ പേരിടീൽ ചടങ്ങ് വളരെ പ്രധാനപ്പെട്ട ഒന്നായാണ് പരിഗണിക്കാറുള്ളത്. നിയയ്ക്ക് 28 കെട്ടായിരുന്നില്ല, 90 ദിവസത്തിനുള്ളിൽ ഒരു ദിവസം തിരഞ്ഞെടുത്ത് പേരിടീൽ ചടങ്ങ് നടത്തുകയായിരുന്നെന്ന് നിഥിൻ പറയുന്നു.