‘ജീവാംശമായ്’ പാടി സംഗീത സംവിധായകനെ അതിശയിപ്പിച്ച് നിരഞ്ജന !, music director Kailas Menon, post, little girl singing video,  Kidsclub, Manorama Online

‘ജീവാംശമായ്’ പാടി സംഗീത സംവിധായകനെ അതിശയിപ്പിച്ച് നിരഞ്ജന !

ജീവാംശമായ് താനേ എന്ന പാട്ട് പാടി വൈറലായിരിക്കുകയാണ് നിരഞ്ജനയെന്ന കൊച്ചുമിടുക്കി. നിരവധി കുട്ടിപ്പാട്ടുകാരുടെ കഴിവുകളാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. ചെറുപ്രായത്തിൽത്തന്നെ മനോഹരമായി പാടി ആസ്വാദകരുടെ ഹൃദയത്തിൽ ഇടംപിടിച്ച നിരഞ്ജന ആ പാട്ടിന്റെ സംഗീതസംവിധായകന്‍ കൈലാസ് മേനോന്റെയും പ്രശംസകൾ ഏറ്റുവാങ്ങുകയാണ്. സോഷ്യൽ മീഡിയയിൽ വൈറലായ നിരഞ്ജനയുെട വിഡിയോ കൈലാസ് മേനോൻ പങ്കുവച്ചിരുന്നു. പിന്നീട് നിരഞ്ജനെ ഫോണിൽ വിളിച്ചു സംസാരിക്കുന്ന ഒരു വിഡിയോയും അദ്ദേഹം പങ്കുവച്ചിരുന്നു. അതിൽ ‘കണ്ണാന കണ്ണേ’ എന്ന പാട്ട് പാടുന്നുണ്ട് ഈ കൊച്ചു ഗായിക.

ടൊവിനോ തോമസും സംയുക്ത മേനോനും അഭിനയിച്ച തീവണ്ടി എന്ന സിനിമയിലെ പാട്ടാണ് ‘ജീവാംശമായ്’. ബി.കെ ഹരിനാരായണന്റേതാണ് വരികൾ. ശ്രേയ ഘോഷാലും കെ.എസ്. ഹരിശങ്കറും ചേർന്നാണ് ചിത്രത്തിൽ ഈ പാട്ട് പാടിയിരിക്കുന്നത്.

കൈലാസ് മേനോന്റെ പോസ്റ്റ്
നിരഞ്ജന എന്ന കൊച്ചു മിടുക്കി ‘നീ ഹിമമഴയായ്’ എന്ന ഗാനം പാടിയതിന്റെ ഒരു വിഡിയോ കണ്ടാണ് മോളുടെ പാട്ടുകൾ ഉള്ള യൂട്യൂബ് ചാനലിലേക്ക് എത്തുന്നത്. ‘ജീവാംശമായ്’ ഒരു വരി പോലും തെറ്റാതെ പാടുന്നതിന്റെ വിഡിയോയും ഇന്നലെ ഇവിടെ പങ്കുവച്ചിരുന്നു. പാട്ട് കണ്ടു ടെലിവിഷൻ ചാനലിൽ നിന്നുൾപ്പെടെ പലരും അന്വേഷിച്ചുവെങ്കിലും നിഷാ ഗോപാലൻ എന്ന പേരിലുള്ള യൂട്യൂബ് ചാനലിനപ്പുറം വിവരങ്ങൾ ഒന്നും ലഭ്യമല്ലായിരുന്നു. ബാക്കി വിഡിയോസ് കാണുന്നതിനിടെയാണ് പാട്ട് പാടുന്ന മോളുടെ പിറകിലായി ‘ഹൈക്കോടതി സ്റ്റാഫ് ഡേ’ എന്നത് ശ്രദ്ധയിൽ പെടുന്നത്.

ഹൈക്കോടതി ജീവനക്കാരുടെ സംഘടനയായ ‘സമന്വയ’ വഴി അമ്മയുടെ നമ്പർ കിട്ടി വിളിച്ചപ്പോൾ നാണം കാരണം സംസാരിക്കാൻ കൂട്ടാക്കാതെ ഓടി നടക്കുകയായിരുന്നു അഞ്ചര വയസ്സുകാരി നിരഞ്ജന. നിരഞ്ജനയുടെ അമ്മയോട് സംസാരിച്ചതിൽനിന്ന് മനസ്സിലായത് ആരും പഠിപ്പിച്ചു കൊടുത്തിട്ടില്ല, ഇഷ്ടപ്പെട്ട പാട്ടുകൾ തനിയെ കേട്ടാണ് പഠിക്കുന്നതെന്നാണ്. പാട്ടിന്റെ ഇടയിലെ ബിജിഎം ട്യൂൺ പോലും പടിക്കുമത്രേ. ഈ ചെറിയ പ്രായത്തിൽ ഇത്രയും വരികൾ ഓർത്തു വയ്ക്കുന്നതും ഈണം തെറ്റിക്കാതെ, ശ്രുതി ചേർന്നുമൊക്കെ പാടുന്നത് വല്യ അത്ഭുതമാണ്. അതും ആരുടേയും സഹായമില്ലാതെ. ഫോണിൽ സംസാരിക്കാൻ ആൾക്ക് വല്യ നാണമായിരുന്നുവെങ്കിലും ഒരു പാട്ടു പാടുമോ എന്ന് ചോദിച്ചപ്പോൾ സ്വിച്ച്‌ ഇട്ട പോലെ പാടിത്തന്നു :)

വിഡിയോ കാണാം

വിഡിയോ കാണാം