‘ഇവൻ പുലിയാ’ അനുജന് നേരെ ചീറിയടുത്ത പുലിയെ അടിച്ചോടിച്ച് ചേട്ടൻ, Leopard attack, Mumbai, Brother, Manorama Online

‘ഇവൻ പുലിയാ’ അനുജന് നേരെ ചീറിയടുത്ത പുലിയെ അടിച്ചോടിച്ച് ചേട്ടൻ

കുഞ്ഞനുജനെ അങ്ങനെ പുലിയ്ക്ക് വിട്ടുകൊടുക്കാൻ ആ ചേട്ടൻ തയ്യാറല്ലായിരുന്നു. അനുജനെ ആക്രമിക്കാന്‍ വന്ന പുലിയെ കല്ലും വടിയും കൊണ്ട് അടിച്ചോടിച്ച ചേട്ടന് പ്രശംസയും കൈയ്യടിയും. മുംബൈയിലെ മുറാദാബാദ് കർപ്പത് വാഡിയില്‍ വെള്ളിയാഴ്ച്ചയാണ് സംഭവം. മുത്തശ്ശിയുടെ വീട്ടിലെത്തിയ 14കാരൻ നരേഷ് കാലുറാം ഭാലയും ഹർഷൽ വിതാൽ ഭാലയും കളിക്കുന്നതിനിടെ കാട്ടുപഴങ്ങൾ പറിക്കാൻ പോയപ്പോഴാണ് പുലിയുടെ ആക്രമണം ഉണ്ടായത്. പുലി ആദ്യം നരേഷിനെതിരെ ചാടി വീണപ്പോൾ നരേഷ് ഒഴിഞ്ഞ് മാറി. തുടർന്നായിരുന്നു ഹര്‍ഷലിന് നേരെ ചീറി അടുത്തത്.

പേടിച്ച് നിലവിളിച്ച ഹർഷലിനെ പുലി ആക്രമിക്കാൻ തുടങ്ങിയപ്പോഴാണ് നരേഷ് രക്ഷകനായത്. അടുത്തു കണ്ട കല്ലും വടിയും ഉപയോഗിച്ച് നരേഷ് പുലിയെ കൈകാര്യം ചെയ്തു. ഇരുവരുടെയും ഉച്ചത്തിലുള്ള നിലവിളി കൂടി കേട്ടതോടെ നാട്ടുകാരും രക്ഷക്കെത്തി. അപ്പോഴേക്കും പുലി ഉള്ള ജീവനും കൊണ്ടോടി. സാരമായി പരുക്കേറ്റ രണ്ടു കുട്ടികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വനപ്രദേശമായ മുർദാബാദിൽ താമസിക്കുന്ന മുത്തശ്ശിയുടെ വീട്ടിലെത്തിയതായിരുന്നു ഇവർ. അതേ സമയം സംഭവം നടന്നതിന്റെ പിറ്റേ ദിവസം ആക്രമണത്തിനിരയായ പുലി ചത്തു. എന്നാൽ നരേഷിന്റെ ആക്രമണത്തിലല്ല, പ്രായാധിക്യത്തെ തുടർന്നാണ് പുലി ചത്തതെന്നാണ് പരിശോധനയിൽ വ്യക്തമായത്. സംഭവത്തെ സമചിത്തതയോടെ നേരിട്ട നരേഷിനെയും ഹർഷലിനെയും നാട്ടുകാരും ടോക്കോവാഡേ പൊലീസും ആദരിച്ചു.