ആ ഭീകരാക്രമണം നേരിൽ കണ്ടു, ഇന്നും ഈ കുഞ്ഞിന് ഇരുട്ട് പേടിയാണ്

ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിന്റെ പത്താം വാർഷികമായിരുന്നു നവംബർ 26 . 2008 നവംബർ 26നു കടൽ കടന്നെത്തിയ 10 പാക്ക് ഭീകരർ മുംബൈയെ തോക്കിൻമുനയിൽ നിർത്തി നടത്തിയ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടതു 166 പേർക്ക്. പരുക്കേറ്റത് അറുനൂറിലേറെപ്പേർക്കും. എകെ 47 തോക്കുകളും ഗ്രനേഡുകളും വലിയ തോതിൽ ആർഡിഎക്സ് ശേഖരവുമായി പാക്ക് ഭീകരർ തെരുവുകളിൽ തീ തുപ്പുകയായിരുന്നു. മൂന്നു ദിവസത്തോളം നഗരം അവർ കൈപ്പിടിയിലാക്കി. യുഎസ്സിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെ അനുസ്മരിപ്പിച്ച ആക്രമണം. 58 മണിക്കൂർ ഏറ്റുമുട്ടലിനൊടുവിൽ 9 ഭീകരരെ വധിച്ചു. കൊടുംഭീകരൻ അജ്മൽ കസബിനെ ജീവനോടെ പിടികൂടി, 2012 നവംബറിൽ പുണെ യേർവാഡ ജയിലിൽ കസബിനെ തൂക്കിലേറ്റി.

അന്നത്തെ ആക്രമണത്തിന്റെ മറ്റൊരു ദയനീയ മുഖമായിരുന്നു മൊഷെയെന്ന രണ്ടു വയസ്സുകാരന്റേത്. അന്ന് ആക്രമണമുഖത്തു നിന്നും സാന്ദ്ര സാമുവൽ എന്ന നാനി രക്ഷപ്പെടുത്തിയ മോഷെ ഹോൾട്സ്ബർഗ് എന്ന കുരുന്നിനെ ആരും മറന്നിട്ടുണ്ടാകില്ല. മുബൈയിലെ അ‍ഞ്ചു നിലയുള്ള ആ ജ്യൂവിഷ് സെന്റർ, പാക്ക് ഭീകരർ വളഞ്ഞ് ആക്രമിച്ചപ്പോൾ അവിടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. അതിൽ കുഞ്ഞു മോഷെയുടെ അച്ഛൻ റബ്ബി ഗവ്റിയേലും അമ്മ റിവ്കയും ഉണ്ടായിരുന്നു. കൊല്ലപ്പെടുമ്പോൾ റിവ്ക ഗർഭിണിയുമായിരുന്നു.

അന്ന് രണ്ടു വയസ്സുമാത്രം പ്രായമുണ്ടായിരുന്നു മോഷെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അച്ഛനമ്മമാരുടെ ശവശരീരത്തിനരികെ നിന്നു വാവിട്ടുകരഞ്ഞ ആ രണ്ട് വയസ്സുകാരനെ ഇന്ത്യക്കാരിയായ നാനി രക്ഷപ്പടുത്തുകയായിരുന്നു. ആക്രമണ സമയത്ത് കെട്ടിടത്തിലെ താഴത്തെ നിലയിൽ ഒളിച്ചിരിക്കുയായിരുന്നു സാന്ദ്ര. ഇന്ന് ഇസ്രയേലിൽ മുത്തച്ഛന്റെ കൂടെ താമസിക്കുന്ന മോഷെ ഏഴാം ഗ്രേഡിലാണ് പഠിക്കുന്നത്. എന്നാൽ ഇന്നും മോഷെയ്ക്ക് ഇരുട്ടിനെ വല്ലാത്ത പേടിയാണ്. അന്നത്തെ ആക്രമണത്തിന്റെ പേടി ഇന്നും ആ കുഞ്ഞിൽ നിന്നും വിട്ടുമാറിയിട്ടില്ല. ഇപ്പോഴും രാത്രിയിൽ എല്ലാ ലൈറ്റുകളും തെളിഞ്ഞു തന്നെയിരിക്കണം മോഷെയ്ക്ക്. ഡിം ലൈറ്റിൽപ്പോലും മോഷെയ്ക്ക് ഉറങ്ങാനാകില്ലെന്നാണ് സാന്ദ്ര പറയുന്നത്.

അന്നത്തെ ആക്രമണത്തിൽ സാന്ദ്രക്കും പരുക്കേറ്റിരുന്നു. ഇസ്രയേൽ സർക്കാർ ഇവർക്ക് 2010 ൽ ഇസ്രയേൽ പൗരത്വം നൽകിയിരുന്നു. കഴിഞ്ഞ ഏഴു വർഷമായി അവിടെ ശാരീരികവൈകല്യമുള്ള കുട്ടികൾക്കായി പ്രവർത്തിക്കുകയാണവർ. എല്ലാ ശനിയാഴ്ചയും സാന്ദ്ര മോഷെയെ കാണാൻ പോകും. ഈ വർഷം ആദ്യം ഇസ്രായേൽ പ്രധാന മന്ത്രിക്കും മോഷെയുടെ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം മോഷെയും സാന്ദ്രയും ഇന്ത്യ സന്ദർശിച്ചിരുന്നു.