സൈക്കിൾ കയറിയ കോഴിക്കുഞ്ഞുമായി ആശുപത്രിയിലേക്ക്; കയ്യടി നേടി കുരുന്ന്, Mizoram boy, chicken, Viral Post, Manorama Online

സൈക്കിൾ കയറിയ കോഴിക്കുഞ്ഞുമായി ആശുപത്രിയിലേക്ക്; കയ്യടി നേടി കുരുന്ന്

ഒരു കൈയ്യിൽ അപകടം പറ്റിയ കോഴിക്കുഞ്ഞും മറുകൈയ്യിൽ പത്തു രൂപ നോട്ടുമായി നിൽക്കുന്ന ഈ കുരുന്ന് ബാലൻ അനുകമ്പയുടെ പര്യായമായി മാറുകയാണ്. ഒരപടകം കണ്ടാൽ തങ്ങളെ ബാധിക്കുകയേ ഇല്ലെന്ന മട്ടിൽ അത് ശ്രദ്ധിക്കാതെ പോകുന്നവർക്കുള്ള മാതൃക കൂടെയാണ് ഈ കുഞ്ഞ്. മിസോറാമിലെ സൈരാങ്ക് എന്ന സ്ഥലത്തുള്ള ബാലന്‍ വീടിന് സമീപത്തുകൂടി സൈക്കിൾ ഓടിക്കുകമായിരുന്നു. അറിയാതെ സൈക്കിളിന്റെ ടയർ അയൽവാസിയുടെ കോഴിക്കുഞ്ഞിന് മുകളിലൂടെ കയറിയിറങ്ങി. അതുകണ്ട് സങ്കടം സഹിക്കാതെ അവന്‍ കോഴിക്കുഞ്ഞിനെയും എടുത്ത് അടുത്തുള്ള ആശുപത്രിയിലേക്കു പാഞ്ഞു.

അവന്റെ കയ്യിലാകെ പത്ത് രൂപയേ ഉണ്ടായിരുന്നുള്ളൂ. ഒരു കയ്യിൽ കോഴിക്കുഞ്ഞും മറ്റേ കയ്യിൽ പത്ത് രൂപയുമുയർത്തി ആശുപത്രി അധികൃതരോട് കോഴിക്കുഞ്ഞിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ടു. നിഷ്കളങ്കമായ മുഖവുമായി നിൽക്കുന്ന കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയിൽ നിരവധി പേർ പങ്കുവെക്കുന്നുണ്ട്

നിഷ്കളങ്കമായ മനസ്സും ചിന്തകളും ഉള്ളവരാണ് കുട്ടികൾ. വലിയ ആളുകളെക്കാൾ ആളുകളുടെ വിഷമം കണ്ടാൽ മനസ്സലിയുന്നവരുമാണ് കുഞ്ഞുങ്ങൾ. മിസോറാമിൽ ഒരു കോഴിക്കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച കുഞ്ഞ് കയ്യടി നേടുകയാണ്. 50,000,ത്തിലധികം പേരാണ് ചിത്രം ഷെയർ ചെയ്തത്. മുതിർന്നവരിൽ പകുതി പേർക്കെങ്കിലും ഈ കുഞ്ഞിന്റെ ആത്മാർഥതയും സത്യസന്ധതയും ഉണ്ടായിരുന്നെങ്കിൽ ഈ ലോകം എത്ര സുന്ദരമായേനെ എന്ന് ഈ കഥ കേട്ടവര്‍ പറയുന്നു.