ഗോൾപോസ്റ്റിലെ വളയത്തിലേക്കൊരു ഇടംകാൽ ഫ്രീകിക്ക്; ഇത് മമ്പാടിന്റെ മെസ്സി! , Mishal Abulais, viral football, viral video, Children Children's Home, kids actitivties, Kidsclub,,  Manorama Online

ഗോൾപോസ്റ്റിലെ വളയത്തിലേക്കൊരു ഇടംകാൽ ഫ്രീകിക്ക്; ഇത് മമ്പാടിന്റെ മെസ്സി!

മമ്പാട് (മലപ്പുറം) ∙ ഇത് മിഷാൽ അബുലൈസ്. ഒരൊറ്റ ഫ്രീകിക്കിലൂടെ ഫുട്ബോൾ പ്രേമികളുടെ ഉള്ളിൽ കയറിയിരുപ്പാണ് കക്ഷി. എന്താണ് ആ ഫ്രീകിക്ക് ഗോളിന്റെ പ്രത്യേകതയെന്നല്ലേ? ഗോൾപോസ്റ്റിലേക്കു പന്തെത്തിക്കുന്നതുപോലും ശ്രമകരമാണെന്നിരിക്കെ, ഗോൾപോസ്റ്റിന്റെ ഇടതുമൂലയിലായി മുകളിൽ തൂക്കിയിട്ട ഒരു വളയത്തിലൂടെയാണ് കക്ഷി പന്തു കടത്തിയത്! സ്ലോമോഷനിൽ കാണുമ്പോൾ അക്ഷരാർഥത്തിൽ രോമാഞ്ചം സമ്മാനിക്കുന്ന ദൃശ്യം. അതും ഒരു 12 വയസ്സുകാരന്റെ ബൂട്ടിൽനിന്ന്. പ്രഫഷനൽ താരങ്ങളെപ്പോലും വെല്ലുന്ന ഒന്നാന്തരം പ്രകടനം! അർജന്റീന സൂപ്പർതാരം ലയണൽ മെസ്സിയുടെ കടുത്ത ആരാധകനായ മിഷാൽ, ആ പത്താം നമ്പർ ജഴ്സിയണിഞ്ഞ് മെസ്സിയുടെ മാനറിസങ്ങൾ ഉൾപ്പെടെ അനുകരിച്ചാണ് മിന്നും പ്രകടനം കാഴ്ചവച്ചത്.

ഫ്രീകിക്കിനായി പന്ത് ഉറപ്പിച്ചുനിർത്തുന്നതിൽ തുടങ്ങുന്നു അനുകരണം. പന്തുനിലത്തുവച്ച് അതിന്റെ ചുവട്ടിൽ ബലത്തിൽ ഒന്നു ചവിട്ടി ഏതാനും അടി പിന്നിലേക്ക്. എളിക്കു കൈകൊടുത്തുള്ള മെസ്സിയുടെ നിൽപ്പും അതേപടി. ഇടയ്ക്ക് തലചെരിച്ച് ഒന്നു തുപ്പിയശേഷം താളത്തിൽ പന്തിലേക്കൊരു കുതിപ്പ്. ചാട്ടുളി കണക്കെ വായുവിലൂടെ തെന്നിപ്പറന്ന് പന്ത് ഗോൾപോസ്റ്റിലെ ആ വളയത്തിലൂടെ അപ്പുറം കടക്കുന്ന കാഴ്ച അവിശ്വസനീയം. അതുകൊണ്ടും തീരുന്നില്ല ‘മമ്പാട് മെസ്സി’യുടെ പ്രകടനം. വളയം കടക്കുന്ന പന്തിലേക്ക് കണ്ണയച്ച് രണ്ടടി മുന്നോട്ടുനീങ്ങി മുട്ടിൻമേൽനിന്ന് രണ്ടു കയ്യും ആകാശത്തേക്കുയർത്തി ആ വിഖ്യാതമായ നിൽപ്പുകൂടി അനുകരിച്ചാണ് വിഡിയോ അവസാനിക്കുന്നത്. കയ്യടിക്കാതെ പോകുന്നതെങ്ങനെ!

മലപ്പുറം ജില്ലയിലെ മമ്പാട് ഗവണ്‍മെന്റ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് മിഷാല്‍. നാലാം ക്ലാസ് മുതൽ സഹോദരൻ വാജിദിനൊപ്പം ഫുട്ബോൾ കളിക്കാൻ തുടങ്ങിയതാണ്. നാട്ടിൽ നടക്കുന്ന ഫുട്ബോൾ ടൂര്‍ണമെന്റുകൾ കാണാൻ സഹോദരനോടൊപ്പം ചെറുപ്പം തൊട്ടേ മിഷാൽ പോകുമായിരുന്നു, അങ്ങനെയാണ് ഈ കൊച്ചുമിടുക്കൻ കാൽപ്പന്തിനെ പ്രണയിച്ചു തുടങ്ങിയത്. വാജിദ് അബുലൈസ് മമ്പാട് എംഇഎസ് കോളജ് ടീമിന്റെ ഗോള്‍കീപ്പറാണ്. സമൂഹമാധ്യമങ്ങളിൽ വൈറലായ വിഡിയോ പകർത്തിയതും വാജിദ് തന്നെ. ജില്ലാ ടീമിന്റെ മുൻ ഗോൾകീപ്പറായ അബുലൈസ് കണിയനാണ് പിതാവ്.

ഐഎസ്എൽ ക്ലബായ ബംഗ്ലൂളൂരു എഫ്സിയുടെ ജൂനിയർ ടീമിൽ അവസരത്തിനായി ശ്രമിച്ചിരുന്നു. പക്ഷേ അവസാന റൗണ്ടിൽ പുറത്തായി. മെസ്സിയേപ്പോലെ ഇടം, വലം കാലുകൾ കൊണ്ട് ഒരുപോലെ കിക്ക് എടുക്കാനും ഈ കൊച്ചു മിടുക്കന് കഴിയും. കളിയിൽ റൈറ്റ് ഫോര്‍വേഡ് പൊസിഷനാണ് മിഷാലിന് പ്രിയം.

വാജിദ് പകർത്തിയ ഈ വിഡിയോ മിഷാലിന്റെ ഇൻസ്റ്റഗ്രാം പേജിലാണ് ആദ്യം പങ്കുവയ്ക്കുന്നത്. പിന്നെയൊരു കുതിച്ചുകയറ്റമായിരുന്നു. ഒട്ടേറെ പേരാണ് ഇതിനകം ഈ വിഡിയോ കണ്ടത്. ഈ വിഡിയോയ്ക്കു പുറമെ പുറംതിരിഞ്ഞ് നിന്ന് പാഞ്ഞു വരുന്ന രണ്ട് വളയങ്ങൾക്കുള്ളിലൂടെ പന്ത് കടത്തുന്ന മിഷാലിന്റെ മറ്റൊരു വിഡിയോയുമുണ്ട്. ലോക്ഡൗണിൽ അകപ്പെട്ട് വീട്ടിലിരിപ്പായതോടെയാണ് വ്യത്യസ്തമായ ഈ കിക്കുകൾ മിഷാൽ പരീക്ഷിച്ചു തുടങ്ങിയത്. ഇത്തരം വ്യത്യസ്തങ്ങളായ ഒട്ടേറെ വിഡിയോകളും മിഷാലിന്റെ പേജിലുണ്ട്.