ഇതാ ഭാവിയുടെ താരം; ബേബിശ്യാമിലിയെ അനുകരിച്ച് ഒരു നാലുവയസ്സുകാരി , Maryann, Baby Shyamili, Pookkalam Varavai, Viral Post, Danish Riyas, Manorama Online

ഇതാ ഭാവിയുടെ താരം; ബേബിശ്യാമിലിയെ അനുകരിച്ച് ഒരു നാലുവയസ്സുകാരി

‘പൂക്കാലം വരവായി’ എന്ന സിനിമയിലെ ഗീതുമോളെ ഓർമയില്ലേ? അച്ഛനും അമ്മയും പിരിയുന്ന സങ്കടം മുഴുവൻ ഗീതുമോൾക്കായിരുന്നു. അവളുടെ വിഷമം മാറിയത് സ്കൂൾ ബസിന്റെ പുതിയ ഡ്രൈവർ അങ്കിളിനെ പരിചയപ്പെട്ടതോടെയായിരുന്നു. ഡ്രൈവറായി അഭിനയിച്ച ജയറാമും ഗീതുമോളായി അഭിനയിച്ച ബേബി ശ്യാമിലിയും നമ്മളെ കുറച്ചൊന്നുമല്ല കരയിച്ചത്. എങ്ങനെയാണ് ഇങ്ങനെ മനോഹരമായി ആ രംഗങ്ങളൊക്കെ ബേബിശ്യാമിലി അഭിനയിച്ചു ഫലിപ്പിക്കുന്നതെന്ന് പലരും ചിന്തിച്ചിട്ടുണ്ടാകും. ഇതാ ബേബി ശ്യാമിലിയുമായി കട്ടയ്ക്കു നിൽക്കുന്ന പ്രകടനവുമായെത്തിയിരിക്കുകയാണ് ഒരു കുരുന്ന്. നാലുവയസ്സുകാരി മേരിആൻ ബ്രിജേഷാണ് ബേബിശ്യാമിലിയെ അനുകരിച്ചു താരമാകുന്നത്.

'അങ്കിള് പ്രോമിസ് പറഞ്ഞതല്ലേ.. ഇപ്പ എന്തിനാ കള്ളം പറയുന്നേ.. കള്ളം പറഞ്ഞാ കണ്ണുപൊട്ടും..' നിറകണ്ണുകളോടെ മേരിആൻ പറയുന്നത് കണ്ടാൽ അതു ബേബി ശ്യാമിലി തന്നെയല്ലേയെന്ന് ഒരു നിമിഷം ആരും സംശയിച്ചുപോകും. ‘പൂക്കാലം വരവായി’ എന്ന സിനിമയിലെ മറ്റൊരു മനോഹര രംഗം കൂടി ഈ മിടുക്കി സൂപ്പറായി അഭിനയിച്ചിട്ടുണ്ട്. പാട്ടുകാരി രാ‍ജലക്ഷ്മിയാണ് ഈ വിഡിയോ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരിക്കുന്നത്

തലശ്ശേരി സ്വദേശികളായ ബ്രിജേഷിന്റെയും നിമ്മിയുടെയും ഇളയ മകളാണ് ഈ മിടുക്കിക്കുട്ടി. ആദ്യമായാണ് മേരിആൻ ഇത്തരമൊരു വിഡിയോ ചെയ്യുന്നതെന്ന് അമ്മ നിമ്മി പറയുന്നു. എങ്ങനെയാണ് ഈ വിഡിയോയിൽ കരഞ്ഞഭിനയിച്ചതെന്ന് അമ്മ ചോദിച്ചപ്പോൾ, മൂന്നുമാസം മുൻപു മരിച്ചുപോയ അപ്പൂപ്പനെ ഓർത്തെന്നും അങ്ങനെയാണ് കരച്ചിൽ വന്നതെന്നുമാണ് ഈ കൊച്ചുമിടുക്കി പറഞ്ഞത്.

മേരിആനിന് സാമുവൽ എന്ന ചേട്ടനും ഇഷിത എന്ന ഒരു ചേച്ചിയുമുണ്ട്. ഫോട്ടോയ്ക്കും വിഡിയോയ്ക്കുമൊക്കെ പോസ് ചെയ്യാനും മോഡലിങ് ചെയ്യാനുമൊക്കെ ഈ കുരുന്നിന് വലിയ ഇഷ്ടമാണ്.