മഡോണയുടെ ഈ കുറ്റസമ്മതം; മാതാപിതാക്കൾക്കുള്ള മുന്നറിയിപ്പ് !, Madonna, Mobiles, Relationship, Viral post, Manorama Online

മഡോണയുടെ ഈ കുറ്റസമ്മതം; മാതാപിതാക്കൾക്കുള്ള മുന്നറിയിപ്പ് !

'13 വയസ്സിൽ എന്റെ കുട്ടികൾക്ക് ഫോൺ നൽകിയത് ഞാൻ ചെയ്ത വലിയൊരു തെറ്റാണ്.' ലോകം മുഴുവൻ കേൾക്കെ ഈ കുറ്റസമ്മതം നടത്തിയത് മറ്റാരുമല്ല, പ്രശസ്ത പോപ് ഗായിക മഡോണയാണ്. ‘‘ഫോൺ ഞാനും കുട്ടികളുമായുള്ള ബന്ധം തകർത്തുകളഞ്ഞു, പൂർണമായല്ലെങ്കിലും. ഇപ്പോൾ സ്മാർട് ഫോൺ അവരുടെ ജീവിതത്തിന്റെ വലിയൊരു ഭാഗമായിക്കഴിഞ്ഞു. സ്മാർട്ട്ഫോൺ ലോകം തുറക്കുന്ന കണ്ണഞ്ചിക്കുന്ന കാഴ്ചകളിൽ കുടുങ്ങി കിടപ്പാണ് അവരിപ്പോൾ. മറ്റുള്ളരുമായി തങ്ങളെ സ്വയം താരതമ്യപ്പെടുത്താനും അവർ തുടങ്ങിക്കഴിഞ്ഞു. അവരുടെ വ്യക്തിത്വ വികാസത്തിന് ഇത് എത്രമാത്രം ദോഷകരമാണെന്നു പറയാതെ വയ്യ. ’’ മേഡാണ പറയുന്നു.

60 വയസ്സുകാരിയായ മഡോണയ്ക്ക് ആറു കുട്ടികളാണ് ഉള്ളത്. ഇവരിൽ മൂത്തകുട്ടികളായ ലൂർദ്സ്, റോക്കോ എന്നിവർക്കാണ് പതിമൂന്നാം വയസ്സിൽ ഫോൺ വാങ്ങി നൽകിയത്. തന്റെ മകൾ അങ്ങേയറ്റം കഴിവുള്ള കലാകാരിയാണെങ്കിലും അവളുടെ ഭാവിയിൽ സോഷ്യൽ മീഡിയ ചെലുത്തിയേക്കാവുന്ന സ്വാധീനത്തെക്കുറിച്ചോർത്ത് ദുഃഖിതയാണ് ഇപ്പോഴെന്ന് മഡോണ പറയുന്നു. താൻ മഡോണയുടെ മകളായതുകൊണ്ടാണ് ആളുകൾ അവസരങ്ങൾ തരുന്നതെന്ന തോന്നൽ സോഷ്യൽമീഡിയ പ്രചരണങ്ങൾ ഉണ്ടാക്കുമെന്ന് അവൾ ഭയപ്പെടുന്നു.

പ്രശസ്ത ഫാഷൻ മാസികയായ വോഗിനു നൽകിയ അഭിമുഖത്തിലാണ് താരം മനസ്സു തുറന്നത്. കുട്ടികളുടെ സ്മാർട്ഫോൺ അഡിക്‌ഷൻ പുതിയൊരു കാര്യമല്ല. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മാതാപിതാക്കൾ ഇതേ പ്രശ്നം അഭിമുഖീകരിക്കുന്നുണ്ട്. കഴിക്കാൻ വിളിച്ചാൽ വരാതെ, വീട്ടിൽ വിരുന്നുകാർ വന്നാൽ അവരോടൊന്ന് കുശലം ചോദിക്കാൻ പോലും മിനക്കെടാതെ ഫോണിൽ കണ്ണുനട്ടിരിക്കുന്ന കുട്ടികൾ മിക്ക വീടുകളിലെയും സാധാരണ കാഴ്ചയായി കഴിഞ്ഞു. സ്മാർട്ഫോണിന്റെ കാന്തവലയത്തിൽ കുടുങ്ങി ജീവിതം നശിച്ചുപോയ കൗമാരക്കാരും നിരവധി. എട്ടിനും 10 വയസ്സിനും ഇടയിലുള്ള കുട്ടികളിൽ 31 ശതമാനത്തിനും 11 –14 വയസ്സിലുള്ള 69 ശതമാനത്തിനും സ്മാർട്ഫോൺ ഉണ്ടെന്നാണ് 2010ലെ കൈസർ ഫാമിലി ഫൗണ്ടേഷന്റെ സർവേ പറയുന്നത്. സ്മാർട്ഫോൺ വാങ്ങിനൽകും മുൻപേ അത് ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാൻ പ്രാപ്തനാണോ കുട്ടി എന്നു പരിശോധിക്കണമെന്നും കുട്ടിയുടെ ആവശ്യത്തിനാണ് ആഗ്രഹത്തിനല്ല മുൻതൂക്കം നൽകേണ്ടതെന്നും പേരന്റിങ് വിദഗ്ധർ പറയുന്നു. എന്തായാലും എല്ലാ മാതാപിതാക്കൾക്കും ഒരു മുന്നറിയിപ്പായിരിക്കുകയാണ് മഡോണയുടെ തുറന്നുപറച്ചിൽ.