ക്വാഡൻ നേരിട്ട കളിയാക്കൽ ; ലുട്ടാപ്പിക്കും പറയാനുണ്ട് ചിലത്, Social media post, luttappi, tells, body shaming, viral video, Kidsclub, Manorama Online

ക്വാഡൻ നേരിട്ട കളിയാക്കൽ ; ലുട്ടാപ്പിക്കും പറയാനുണ്ട് ചിലത്

ഉയരക്കുറവിന്റെ പേരിൽ പരിഹാസം നേരിട്ട ഓസ്ട്രേലിയൻ സ്കൂൾ വിദ്യാർഥി ക്വാഡൻ ബെയ്ൽസിനെ ഓർക്കുന്നില്ലേ? അത്തരം കളിയാക്കലുകളെപ്പറ്റി ചിലതു പറയാനുണ്ട് ബാലരമയിലെ സൂപ്പർ സ്റ്റാർ ലുട്ടാപ്പിക്ക്

കുന്തത്തിൽ പറക്കുമ്പോൾ പ്രായത്തിൽ കവിഞ്ഞ പക്വതയാണു ലുട്ടാപ്പിക്ക്. തമാശക്കാരനെങ്കിലും നിലപാടുകളിൽ ആൾ കർക്കശക്കാരനാണ്. ചെറിയ ശരീരവും വലിയ ചിന്തകളുമുള്ള ലുട്ടാപ്പി ‘ഹായ് കിഡ്സി’നോടു മനസ്സു തുറക്കുന്നു.

ആരാണ് ഈ പേരിട്ടത്. ശരിക്കുമുള്ള പേരെന്താണ്
ലുട്ടാപ്പി എന്റെ ഇരട്ടപ്പേരല്ല, ശരിക്കുമുള്ള പേരാണ്. ആ പേര് എനിക്കിഷ്ടവുമാണ്. പക്ഷേ, നിങ്ങളിൽ ചിലരെയെങ്കിലും ലുട്ടാപ്പിയെന്നു വിളിച്ചു കളിയാക്കുന്നുണ്ടാകും. കുന്തമെവിടെ? ഡാകിനിയെവിടെ? എന്നൊക്കെ ചോദിച്ച് ആ വിളി ഊട്ടിയുറപ്പിക്കുന്നുമുണ്ടാകും.

ഉയരക്കുറവല്ലേ ‘ലുട്ടാപ്പിവിളി’ക്കു കാരണം. അതിലെന്താണു തെറ്റ്
ഉയരം കൂടിയയാളെ ഒട്ടകമെന്നും കുറഞ്ഞയാളെ കുള്ളനെന്നുമൊക്കെ വിളിക്കുന്നവരുണ്ട്. അതു കേൾക്കുമ്പോൾ നമുക്കെന്തു തോന്നുമോ അതേ ബുദ്ധിമുട്ടുതന്നെ വിളി കേൾക്കുന്നവർ‌ക്കും തോന്നും. ഇരട്ടപ്പേരും രണ്ടാം പേരുമൊന്നുമല്ല, പേരു വന്ന വഴിയാണു പ്രശ്നം. നിറമോ ഉയരക്കുറവോ മുഖത്തിന്റെ ആകൃതിയോ ഒക്കെ പേരിടാൻ കാരണമാകുന്നതു സങ്കടമാണ്.

ഇതത്ര കാര്യമാക്കണോ. തമാശയായി കണ്ടുകൂട
എത്ര പേരെയാണു കുടക്കമ്പിയെന്നും പോത്തച്ചനെന്നുമൊക്കെ ഒളിഞ്ഞും തെളിഞ്ഞും വിളിക്കുന്നത്. സിനിമയിലും കഥകളിലുമൊക്കെ ഈ വിളികളുണ്ട്. ഓർക്കണം, ആ തമാശകൾ ആരെയൊക്കെയോ വേദനിപ്പിക്കുന്നുണ്ടാകും. സംസാരിക്കാ‌ൻ കഴിയാത്തവരെ ‘പൊട്ടൻ’ എന്നു വിളിക്കാറില്ലേ? സംസാരശേഷിയില്ലാത്ത ഒരാൾ അത്തരമൊരു ഡയലോഗുള്ള സിനിമ കാണുകയാണെന്നു വിചാരിക്കൂ, ചുറ്റുമുള്ളവരൊക്കെ ആർത്തു ചിരിക്കുമ്പോൾ അയാളുടെ മനസ്സിൽ തോന്നുക എന്താകുമെന്ന് ഓർത്തിട്ടുണ്ടോ? ആ തമാശ പറഞ്ഞയാളെപ്പോലെ, ചിരിച്ച നമ്മളും തെറ്റുകാരാകുന്നു.

സിനിമയിലെ കളിയാക്കലിന് മറ്റുള്ളവർ എന്തുപിഴച്ചു
ഒരാളെ ശാരീരകമായി കളിയാക്കുന്ന തമാശകൾക്കു ചിരിക്കില്ലെന്നു വാശിപിടിച്ചാൽ മതി. അത്തരം തമാശയൊക്കെ എത്ര ‘ചളി’യാണെന്നു പിന്നാലെ മനസ്സിലാകും. കേൾക്കാൻ ആളില്ലാതാകുമ്പോൾ അത്തരം തമാശകളും ഇല്ലാതാകും. ഇരട്ടപ്പേരു കാരണം പല ആളുകളെയും ശരിയായ പേരു വിളിക്കാൻ മറക്കാറുണ്ടെങ്കിൽ, ഇനി അവരുടെ ശരിയായ പേരേ വിളിക്കാവൂ.

എല്ലാ ഇരട്ടപ്പേരും തെറ്റാണോ. ചിലതു കിടുവല്ലേ
തെറ്റാണെന്നതിൽ സംശയമില്ല. ഇതൊന്നു സ്വയം ചെയ്തു നോക്കൂ. നമ്മൾ ആരെയെങ്കിലും ഇരട്ടപ്പേരു വിളിക്കുന്നുണ്ടെങ്കിൽ അതൊന്നു ഉച്ചത്തിൽ പറഞ്ഞുനോക്കുക. ഒരു പുസ്തകത്തിലോ പ്രസംഗത്തിലോ ഒക്കെ ആ പേരു ചേർക്കാമോ എന്നു നോക്കുക. പരസ്യമായി പറയാൻ നാണം വരുന്ന പേരാണോ അത്? എങ്കിൽ അതിൽ പിശകുണ്ട്. ഈ ടെസ്റ്റ് ചെയ്തു നോക്കൂ. ഒരുപാട് ഇരട്ടപ്പേരുകൾ വേണ്ടെന്നു വയ്ക്കാനുണ്ടാകില്ലേ?