ലോക്ഡൗണിൽ നൂറിലേറെ ചിത്രങ്ങളുമായി നാലര വയസുകാരി !,viral food vlog, Lockdown, Covid19, Corona, , Kidsclub , Manorama Online

ലോക്ഡൗണിൽ നൂറിലേറെ ചിത്രങ്ങളുമായി നാലര വയസുകാരി !

ലോക്ഡൗൺ ദിനങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താം എന്നുള്ളതിന് മാതൃകയാവുകയാണ് നാലര വയസുകാരി ഗൗരിയെന്ന ഭവികാ ലക്ഷ്മി. രാവിലെ ആറുമണിക്ക് അച്ഛനോടൊപ്പം യോഗ പരിശീലിക്കുന്നതു തൊട്ടു തുടങ്ങുന്ന ഗൗരിയുടെ ഒരു ലോക്ഡൗൺ ദിനം പൂർത്തിയാകുന്നത് വിവിധങ്ങളായ കലാ സൃഷ്ടികളിലൂടെയാണ്. തുടർന്ന് ആരും പറയാതെ തന്നെ അടുക്കും ചിട്ടയോടും കൂടി വിവിധ പരിശീലനങ്ങളിലേക്ക് കടക്കും.


വാട്ടർ കളർ ചിത്രങ്ങളോടാണ് ഗൗരിക്ക് ഏറെ ഇഷ്ടം. വളരെ ചുരുങ്ങിയ സമയം കൊണ്ട് ചിത്രങ്ങൾ വരച്ച് (കൂടുതലും മോഡേൺ ആർട്ട്കൾ )മനോഹരങ്ങളായ വർണ്ണ ചിത്രങ്ങൾ ഗൗരിയുടെ ഭാവനയ്ക്ക് മുന്നിൽ തെളിഞ്ഞു വരും. കളർ കൂട്ടുന്നതും മിക്സിങ്ങും ഒക്കെ സ്വന്തമായി തന്നെ. ഈ പ്രായത്തിനുള്ളിൽ നാനൂറിൽപരം ചിത്രങ്ങളാണ് വരച്ചു കൂട്ടിയത്. ലോക്ഡൗൺ ദിനങ്ങൾ ആരംഭിച്ചതുമുതൽ ഏകദേശം നൂറിൽപരം ചിത്രങ്ങൾ വരക്കുകയും അത് തന്റെ ഫയലിൽ സൂക്ഷിക്കുകയും ചെയ്യുന്നു . തുടർന്ന് ഒരു മണിക്കൂർ സമയം കാർട്ടൂൺ കാണാനും ഗെയിം കാണാനുമായി മാറ്റി വെയ്ക്കും.
പിന്നെ ജേഷ്ഠ സഹോദരനായ ഭാവിനോടൊപ്പം അല്പം കളികളും. കവിതകൾ കേൾക്കാനും അത് പരിശീലിക്കാനും സമയം കണ്ടെത്തും. വയലാറിന്റെ അശ്വമേധം എന്ന കവിതയുടെ മുഴുവൻ വരികളും അതേ ഈണത്തോടെ ആലപിക്കും ഗൗരി, ഇത് കേട്ടുപഠിച്ചത് ജേഷ്ഠനിൽ നിന്നുമാണ്. വീടിനടുത്തുള്ള നൃത്ത വിദ്യാലയത്തിൽ പോയിരിക്കുന്ന ഈ മിടുക്കി മറ്റു കുട്ടികൾ കളിക്കുന്ന നൃത്ത രംഗങ്ങൾ (നൃത്തം അഭ്യസിച്ച് തുടങ്ങിയിട്ടില്ല ) വളരെ കൃത്യതയോടെ വീട്ടിൽ വന്ന് പരിശീലിക്കുന്നുണ്ട്. ഇത് ഈ കോവിഡ് ദിനങ്ങളിലും കാര്യമായി തുടരുകയാണ്. ഗൗരിക്ക് എല്ലാവിധ പിന്തുണയും പ്രോത്സാഹനവുമായി അച്ഛൻ അദ്ധ്യാപകനായ എൽ. സുഗതനും അമ്മ റവന്യൂ ജീവനക്കാരി അനൂപയും കൂടെയുണ്ട്