മഴയിൽ വീണ കാക്കക്കുഞ്ഞുങ്ങൾക്കു പുതുജീവൻ നൽകി ബുദ്ധദേവ്; ലോക്‌ഡൗണിലെ കുഞ്ഞുനന്മ,  Lock down, little heroes series,  Budhadev save, Crow chicks, Covid19, Corona, Kidsclub, Manorama Online

മഴയിൽ വീണ കാക്കക്കുഞ്ഞുങ്ങൾക്കു പുതുജീവൻ നൽകി ബുദ്ധദേവ്; ലോക്‌ഡൗണിലെ കുഞ്ഞുനന്മ

ലക്ഷ്മി നാരായണൻ

കൊല്ലം അഞ്ചൽ സ്വദേശിയായ ആറാം ക്ലാസുകാരൻ ബുദ്ധദേവ് ലോക്ഡൗണ്‍ കാലത്തു മാതൃകയായത് അമ്മ നഷ്ടമായ കാക്കക്കുഞ്ഞുങ്ങൾക്കു പുതുജന്മം നൽകിയാണ്. കേൾക്കുന്നവരിൽ അതിശയം ജനിപ്പിക്കുന്ന കഥയാണിത്. ലോക്ഡൗൺ പ്രഖ്യാപനത്തിനിടെയാണ് കൊല്ലം അഞ്ചലിൽ ശക്തമായ കാറ്റും മഴയും ഉണ്ടാകുന്നതും ഒരു ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു സമീപത്തെ കശുമാവിനു മേൽ വീഴുന്നതും. സമീപത്താകെ ഷോക്ക് പടർന്നേക്കാവുന്ന സാഹചര്യം. തീപ്പൊരിയും ബഹളവും ഒക്കെ ആയി പരിസരവാസികൾ ആകെ പരിഭ്രാന്തിയിലായി.

കെഎസ്‌ഇബി ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും കശുമാവിന്റെ ഒടിഞ്ഞു വീണ കൊമ്പുകൾ നീക്കം ചെയ്യുകയും ചെയ്തതോടെയാണ് പരിസരം ഒന്നു ശാന്തമായത്. ഇതിനിടെയാണ് ആറാം ക്ലാസുകാരൻ ബുദ്ധദേവ് ഒരു കാര്യം ശ്രദ്ധിക്കുന്നത്. താഴെ വീണ മരക്കൊമ്പുകൾക്കിടയിൽ ഒരു കാക്കക്കൂടും കുഞ്ഞുങ്ങളും.

അമ്മ ബിസ്നിയേയും കൂട്ടി ഒന്നു കൂടി വിശദമായി നോക്കുമ്പോൾ കണ്ടത് കഷ്ടിച്ചു കണ്ണ് തുറന്ന, പറക്കമുറ്റാത്ത നാലു കാക്കക്കുഞ്ഞുങ്ങൾ. പരിസരമാകെ നിരീക്ഷിച്ചെങ്കിലും അമ്മ കാക്കയെ കണ്ടെത്താനായില്ല. മഴയത്തു താഴെ വീണ കൂടിനുള്ളിൽ ശരീരമാകെ മണ്ണും വെള്ളവും കലർന്ന് ആകെ മോശം അവസ്ഥയിലായിരുന്നു ആ കുഞ്ഞുങ്ങൾ. അങ്ങനെയുള്ള കുഞ്ഞുങ്ങളെ ഉപേക്ഷിച്ചുപോരാൻ ബുദ്ധദേവിനു മനസ്സുവന്നില്ല. അവയെ വീട്ടിലേക്ക് കൊണ്ട് പോകാം എന്ന് അവൻ അമ്മയോടു പറഞ്ഞു.

കാക്കക്കുഞ്ഞുങ്ങളെ വീട്ടിൽ വളർത്തുന്നത് അപകടമാണെന്നും തൊട്ടടുത്ത റബർ തോട്ടത്തിൽ ഉപേക്ഷിക്കാനുമാണ് അവിടെയെത്തിയ മറ്റു ചിലർ പറഞ്ഞത്. അങ്ങനെ ചെയ്‌താൽ അവ ഭക്ഷണം കിട്ടാതെ ചത്തു പോകില്ലേ എന്ന കുഞ്ഞുചോദ്യമായിരുന്നു ബുദ്ധദേവിന്റേത്. ഒടുവിൽ അമ്മ ബിസ്നിയെ നന്നായി നിർബന്ധിച്ച് അവൻ കാക്കക്കുഞ്ഞുങ്ങളെ രഹസ്യമായി വീട്ടിലേക്ക് കൊണ്ടുവന്നു. വീട്ടിൽ മറ്റാരോടും പറയാതെയാണ് അന്ന് രാത്രി കാക്കക്കുഞ്ഞുങ്ങളെ വീട്ടിൽ സൂക്ഷിച്ചത്. എന്നാൽ അടുത്ത ദിവസം ആ രഹസ്യം പൊളിഞ്ഞു. കാക്കക്കുഞ്ഞുങ്ങളുടെ നിർത്താതെയുള്ള കരച്ചിൽ കേട്ട് വീട്ടിലുള്ള മറ്റുള്ളവരും വിവരമറിഞ്ഞു.


കുഞ്ഞുങ്ങളെ വളർത്താം എന്ന ബുദ്ധദേവിന്റെ ആവശ്യം ന്യായമാണെന്നു മനസിലാക്കിയ അച്ഛൻ ദേവപ്രസാദ്‌ ഒടുവിൽ അവനു പൂർണ പിന്തുണ നൽകി. കാക്കകൾക്ക് എന്ത് കഴിക്കാൻ നൽകും എന്നതായിരുന്നു ബുദ്ധദേവ് നേരിട്ട അടുത്ത പ്രശ്നം. ഗൂഗിൾ ചെയ്തു നോക്കിയപ്പോഴാണ് മാതളനാരങ്ങ നൽകാം എന്ന് മനസിലാകുന്നത്. അങ്ങനെ, ആ കുഞ്ഞുങ്ങൾക്കു മാതളനാരങ്ങ നൽകാൻ തുടങ്ങി. ബുദ്ധദേവും 'അമ്മ ബിസ്‌നിയും ചേർന്നായിരുന്നു പരിചരണം.

‘‘കാക്കക്കുഞ്ഞുങ്ങളെ ഒരു കാർഡ്ബോർഡ് ബോക്സിൽ ആക്കിയാണ് സൂക്ഷിച്ചത്. വീടിനു ചുറ്റും പൂച്ചകൾ ധാരാളമായിരുന്നതിനാൽ വലിയ പേടിയായിരുന്നു. പിന്നെ ഇവരുടെ ഭക്ഷണക്രമം അറിയാത്തതും ഏറെ വിഷമമായി. അനിമൽ റെസ്ക്യൂ ഗ്രൂപ്പുകളിൽ നിന്നാണ് കാക്കക്കുഞ്ഞുങ്ങളുടെ പരിചരണത്തെപ്പറ്റി കൂടുതൽ മനസിലാക്കിയത്. അത് പ്രകാരം പച്ചക്കറികളും പഴങ്ങളും നൽകി. കാക്കയ്ക്കു മികച്ച ദഹനവ്യവസ്ഥയാണ് എന്നറിഞ്ഞതോടെ ചോറും നൽകാൻ തുടങ്ങി. അങ്ങനെ പയ്യെപയ്യെ ഞങ്ങളുടെ കാക്കക്കുഞ്ഞുങ്ങൾ ഉഷാറായി.’’ – ബിസ്‌നി പറയുന്നു.

കാക്കകളുടെ ഭക്ഷണക്രമം കൃത്യമായി നോക്കിയത് ബുദ്ധദേവ് ആണ്. കൂട്ടത്തിൽ ഒരു കാക്കക്കുഞ്ഞിനു മറ്റുള്ളവയെ അപേക്ഷിച്ച് വലുപ്പം തീരെ കുറവായിരുന്നു. പ്രതിരോധശേഷി കുറവുള്ള ഈ കുഞ്ഞു പെട്ടന്നൊരുദിവസം ചത്തുപോയി. ബുദ്ധദേവിനെ അത് കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. എന്നിരുന്നാലും ബാക്കി കാക്കകളുടെ പരിചരണം കക്ഷി കൃത്യമായി ചെയ്തു പോന്നു.

പതിയെ കാക്കക്കുഞ്ഞുങ്ങൾക്ക് വലുപ്പം വച്ചു. ചിറകുകൾ മുളക്കുകയും പറക്കാൻ ആരംഭിക്കുകയും ചെയ്തു. എന്നാൽ ദൂരേയ്ക്കൊട്ടു പറക്കുകയുമില്ല. ഈ അവസ്ഥയിൽ പറക്കാൻ തുടങ്ങിയപ്പോൾ പൂച്ച പിടിക്കാതിരിക്കാൻ ഒരു കൂടൊരുക്കി. ചിറകുകൾക്ക് ബലം വച്ചതോടെ കൂട്ടത്തിലെ മുതിർന്ന കാക്കക്കുഞ്ഞിനെ ഒരു ദിവസം കാണാതായി. മറ്റ് കാക്കകളോ, പൂച്ചയോ ഉപദ്രവിച്ചതായി തെളിവുകളൊന്നും ലഭിക്കാത്തതിനാൽ അതു പറന്നു പോയതായിരിക്കും എന്നാണു കുഞ്ഞു ബുദ്ധദേവ് സ്വയം ആശ്വസിക്കുന്നത്.

ബാക്കിയായ രണ്ടു കാക്കക്കുഞ്ഞുങ്ങൾക്കു കുഞ്ചു, പൊന്നു എന്നിങ്ങനെയാണ് ബുദ്ധദേവ് പേര് നൽകിയത്. ഇവരെ പരസ്പരം മാറി പോകാതിരിക്കാൻ നീല, ചുമപ്പ് നിറങ്ങളിൽ നെയിൽ പോളീഷും ഇട്ടു. കൂട്ടിൽ അടയ്ക്കാതെയാണ് ഇവയെ പിന്നീട് വളർത്തിയത്. അതിനാൽ തന്നെ ദൂരെയുള്ള തേക്ക് മരത്തിലേക്കൊക്കെ കുഞ്ചുവും പൊന്നുവും പറക്കും. എന്നാൽ ഭക്ഷണം കൊടുത്ത് ശീലിപ്പിച്ചതിനാൽ ഒറ്റയ്ക്ക് ഇര തേടാൻ അറിയില്ല. താഴെ നിന്നും കൊത്തി തിന്നാനും അറിയില്ല.

ഭക്ഷണത്തിനു നേരമാകുമ്പോൾ ബുദ്ധദേവ് ഒന്നു നീട്ടിവിളിക്കേണ്ട താമസം മാത്രം, കുഞ്ചുവും പൊന്നുവും എത്ര ദൂരെ നിന്നായാലും പറന്നു വരും. മാതളനാരങ്ങ, പാൽ, പച്ചക്കറികൾ അങ്ങനെ പോകുന്നു കാക്കക്കൂട്ടത്തിന്റെ ഇഷ്ട മെനു. ലോക്‌ഡൗണിൽ വീടിനുള്ളിൽ ഒറ്റക്കായ ബുദ്ധദേവിനു കളിക്കാനും കൂട്ട് കുഞ്ചുവും പൊന്നുവും തന്നെ . ഇപ്പോൾ വീട്ടിലെ പൂച്ചയോടും കാക്കക്കുഞ്ഞുങ്ങൾ കൂട്ടാണ്. കൂടു നഷ്ടപ്പെട്ട കുഞ്ചുവിനും പൊന്നുവിനും ഒരു സ്വാഭാവിക കാക്കക്കൂട് ഉണ്ടാക്കി നൽകാനും അവയുടെ ‘രക്ഷാകർത്താവായ’ ബുദ്ധദേവ് ഇതിനിടെ മറന്നില്ല.

വിഡിയോ കാണാം