ലോക്ഡൗണ്‍ കാലത്തെ കുട്ടി ഡിസൈനർ; പാവകൾക്ക് തകർപ്പൻ ഉടുപ്പുകൾ തുന്നി റീമ !,Reema, design dress,  accessory, barbie doll,  kidsclub, Manorama Online

ലോക്ഡൗണ്‍ കാലത്തെ കുട്ടി ഡിസൈനർ; പാവകൾക്ക് തകർപ്പൻ ഉടുപ്പുകൾ തുന്നി റീമ !

ലോക്‌ഡോൺ കാലമാണെന്നു കരുതി അങ്ങനെ വെറുതെയിരിക്കാനൊന്നും റീമയെ കിട്ടില്ല. കൊറോണക്കാലം മൂലം വീട്ടിലിരുപ്പായ ചിപ്പി എന്നു വിളിപ്പേരുള്ള റീമ ഈ ഒഴിവുസമയം ഒട്ടും പാഴാക്കി കളയുന്നില്ല. മൊബൈലിലുള്ള കളി വീട്ടിൽ നിരോധിച്ചതോടെ തന്റെ കൊച്ചു കഴിവുകൾ പുറത്തെടുക്കുകയാണ് റീമക്കുട്ടി.ബാർബി പാവകൾക്ക് തകർപ്പൻ ഫാഷൻ ഉടുപ്പുകൾ ഡിസൈൻ ചെയ്യുക എന്നതാണ് കക്ഷിയുടെ പ്രധാന ഹോബി. ഒപ്പം ബാർബിക്ക് ചേരുന്ന സൂപ്പർ ചെരുപ്പുകളും ബാഗുകളും ഒക്കെ പേപ്പർ കൊണ്ടുണ്ടാക്കും. തന്റെ പഴയ ഉടുപ്പിന്റെ കൈ ഒക്കെ മുറിച്ചാണ് ഈ ഉടുപ്പ് നിർമാണം.
അസ്സലായി ചിത്രം വരക്കുകയും ചെയ്യും റീമക്കുട്ടി. വളരെ ചെറുപ്പം മുതൽ തന്നെ ചിത്രം വരക്കാനും പെയിന്റിങിലും ക്രഫ്റ്റുകൾ ഉണ്ടാക്കുന്നതിലും റീമ താല്പര്യം കാണിച്ചിരുന്നു. ഇതൊന്നും കൂടാതെ ബേക്കിങ്ങിലും ഒരു കൈ നോക്കാറുണ്ട്. ഇടയ്ക്കിടെ നല്ല കപ്പ്‌ കേക്കുകളും കുക്കീസുകളുമൊക്കെ ഉണ്ടാക്കി വീട്ടുകാരെ ഞെട്ടിക്കാറുമുണ്ട്. പഠനത്തിലും അതിസമർദ്ധയാണ് ഈ മിടുക്കി.


കുവൈറ്റ്‌ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ നാലാം ക്ലാസ്സ്‌ വിദ്യാർഥിനിയാണ് റീമ. അച്ഛൻ സാബു കുവൈറ്റിൽ ബിസിനസ്‌ ചെയ്യുന്നു. അമ്മ ആൻസി അവിടെ സ്റ്റാഫ്‌ നേഴ്സ് ആണ്, കോവിഡ്19 ബാധിച്ച രോഗികളെ പരിചരിക്കുന്ന വാർഡിലാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത് രണ്ടു സഹോദരങ്ങൾ ഉണ്ട്, ചേച്ചി റിയ മെഡിക്കൽ വിദ്യാർഥിനിയാണ്, ചേട്ടൻ രാഹുൽ പ്ലസ് വൺ വിദ്യാർഥി. അമ്മ ജോലിക്ക് പോയിക്കഴിഞ്ഞാൽ പിന്നെ ബോറടിച്ച് വീട്ടിലിരിക്കാതെ ഈ മിടുക്കിയ്ക്ക് ചെയ്യാൻ നിറയെ കാര്യങ്ങളുണ്ട് . ഈ ലോക്ഡൗൺ കാലത്ത് സമയം ഒട്ടും പാഴാക്കാതെ നിറയെ കൗതുകങ്ങൾ ഒരുക്കുകയാണ് റീമ.