തുരുമ്പിലും തൂണിലും വൈറസ്സിരിപ്പൂ...അച്ഛന്റെ വരികൾ വൈറലാക്കി മകൾ, Quarantine days, prarthana, girl, recites poem, lockdown, Kidsclub, Manorama Online

തുരുമ്പിലും തൂണിലും വൈറസ്സിരിപ്പൂ...അച്ഛന്റെ വരികൾ വൈറലാക്കി മകൾ

'അധികാര ഗർവിന്റെ ചുമരൊക്കെ വീണു..അഴിയായി അഖിലാണ്ഡമണ്ഡലം മൊത്തം...' സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയ ഒരു കവിതയുടെ ആദ്യവരികളാണിത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകത്തിന്റെ അവസ്ഥ വിവരിച്ചുകൊണ്ട് കൈലാസ് തോട്ടപ്പള്ളി രചിച്ച ഈ കവിത സോഷ്യൽ മീഡിയ ഏറ്റെടുത്തതാകട്ടെ അദ്ദേഹത്തിൻറെ മകൾ പ്രാർത്ഥനയുടെ ശബ്ദത്തിലൂടെയും.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലവും ലോക്ഡൗണും പ്രതിപാദിക്കുന്ന കവിത കൈലാസ് എഴുതിയത് അമേരിക്കയിൽ വൈറസ് വ്യാപനം ശക്തി പ്രാപിച്ച സമയത്താണ്. സാധാരണയായി എഴുതുന്ന കവിതകൾ കുടുംബവുമൊത്ത് പങ്കുവയ്ക്കുന്ന പോലെ തന്നെയാണ് കൈലാസ് ഈ കവിതയും പങ്കുവച്ചത്.
എന്നാൽ കൂട്ടത്തിൽ അച്ഛന്റെ അതെ കവിത ഭ്രമം കിട്ടിയിരിക്കുന്ന മകൾ പ്രാർത്ഥന ആ വരികൾ ഏറ്റെടുത്തു. മകൾക്ക് കവിത ചൊല്ലാനുള്ള താല്പര്യം മനസിലാക്കിയ അച്ഛൻ കവിത ചിട്ടപ്പെടുത്തി നൽകുകയും ചെയ്തു. പിന്നീട് 'അമ്മ ലിജിമോൾ ആണ് കൂടെയിരുന്നു വരികൾ പഠിപ്പിച്ചു കൊടുത്തത്.

കൈലാസ് തോട്ടപ്പള്ളി രചിച്ച കവിത അതിന്റെ എല്ലാ അർത്ഥങ്ങളും ഉൾക്കൊണ്ടാണ് മകൾ പാടുന്നതെന്നു മനസിലാക്കിയ ലിജിമോൾ തന്നെയാണ് കവിത വിഡിയോയാക്കിയത്. പിന്നീട് അത് സുഹൃത്തുക്കൾക്ക് അയക്കിച്ചു നൽകി. പിന്നീട് സോഷ്യൽ മീഡിയയിൽ കവിത പല വ്യക്തികൾ പങ്കുവയ്ക്കുന്നത് കണ്ടപ്പോഴാണ് വൈറലായ വിവരം അറിയുന്നത്.

അച്ഛന്റെ പാത പിന്തുടരാൻ ആഗ്രഹിക്കുന്ന ഈ നാലാം ക്‌ളാസുകാരിയും കവിതകൾ എഴുതാറുണ്ട്. ചവറുകൾ, മയിൽപിലി തുടങ്ങിയവ പ്രാർത്ഥനയുടെ കവിതകളാണ്. എന്നാൽ യഥാർത്ഥ സർഗ്ഗാത്മകതയിൽ മകൾ എത്തിയിട്ടില്ല എന്ന് അച്ഛൻ കൈലാസ് തോട്ടപ്പള്ളി കരുതലോടെയും പ്രോത്സാഹനത്തോടെയും പറയുന്നു.

ആലപ്പുഴയിലെ പുന്നപ്ര കാർമ്മൽ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് പ്രാർത്ഥന. കവിത കേട്ട ആളുകളത്രയും സോഷ്യൽ മീഡിയയിലൂടെയും നേരിട്ടും കവിതയുടെ ആത്മാവറിഞ്ഞു പാടിയ പ്രാർത്ഥനയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ചു. കൊറോണ വൈറസ് വ്യാപനകാലത്ത് നിരവധി കവിതകൾ സമാനമായ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ മിന്നി മാഞ്ഞിരുന്നു. എന്നാൽ അക്കൂട്ടത്തിൽ നിന്നും തീർത്തും വ്യത്യസ്തമായി ശക്തമായ വാക്കുകളുടെയും ആശയത്തിന്റെയും ആലാപനത്തിന്റെയും പിൻബലത്തിൽ പ്രാർത്ഥന ചൊല്ലിയ കവിത ശ്രദ്ധേയമാകുകയാണ്.