ഭക്ഷണത്തിന്റെ പങ്ക് ആരുമറിയാതെ നായയ്ക്ക് നല്‍കുന്ന പെൺകുട്ടി; നന്മ വിഡിയോ, Social media post, little girl, feeding street dog, viral video, Manorama Online

ഭക്ഷണത്തിന്റെ പങ്ക് ആരുമറിയാതെ നായയ്ക്ക് നല്‍കുന്ന പെൺകുട്ടി; നന്മ വിഡിയോ

താൻ കഴിക്കുന്ന ആഹാരത്തിൽ നിന്നും ഒരു പങ്ക് കൈയ്യിലെടുത്ത് ഒപ്പമുള്ളവരാരും കാണാതെ ഒരു തെരുവ് നായയ്ക്ക് കൊടുക്കകയാണ് ഈ പെൺകുട്ടി. കൈകൊണ്ട് നായയെ ഭക്ഷണം കഴിക്കാനായി വിളിക്കുന്നതും കാണാം. ഭക്ഷണത്തിന്‍റെ ഒരു പങ്ക് വിശക്കുന്നവർക്ക് നൽകാൻ, അത് മനുഷ്യനായാലും മൃഗങ്ങൾക്കായാലും ഒരു നല്ല മനസ്സുള്ളവർക്കേ സാധിക്കൂ. ഈ പെൺകുട്ടിയുടെ നന്മ വിഡിയോ സോഷ്യൽ ലോകം ഏറ്റെടുത്തിരിക്കുകയാണ്.

പ്രിയപ്പെട്ട ആർക്കോ ഒപ്പം പുറത്തിരുന്ന് ഭക്ഷണം കഴിക്കുന്ന പെൺകുട്ടിയാണ് തെരുവുനായക്ക് ഭക്ഷണം പങ്കുവയ്ക്കുന്നത്. കൂടെയുള്ള ആൾ അറിയാതെ വളരെ വിദഗ്ധമായാണ് കുട്ടി നായയെ അടുത്തേക്ക് വിളിക്കുന്നത്. തുടർന്ന് താൻ കഴിച്ചുകൊണ്ടിരിക്കുന്ന ഭക്ഷണത്തിൽ നിന്ന് ഒരു ഭാഗം നായകുട്ടിക്ക് കൊടുക്കുന്നു.

നായയെ കൈ കാണിച്ച് അടുത്തേക്ക് വിളിക്കുന്നതും ആരും കാണാതെ കയ്യിലിരിക്കുന്ന ഭക്ഷണം കൊടുക്കുന്നതുമൊക്കെ വളരെ നിഷ്കളങ്കതയോടെ കുട്ടി ചെയ്യുന്നു. ആരും കാണുന്നില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം പലപ്രാവശ്യം ഭക്ഷണം ഇട്ടു കൊടുക്കുന്നുണ്ട്. കുട്ടിയോട് നായ കാട്ടുന്ന സ്നേഹവും ദൃശ്യങ്ങളിൽ കാണാം.

കുട്ടിക്കൊപ്പമുള്ള ആൾതന്നെയാണ് അവളറിയാതെ ഈ ദൃശ്യങ്ങൾ പകർത്തിയത്. സഹജീവികളോട് ഈ കു‍ഞ്ഞ് പ്രായത്തിൽ തന്നെ കാട്ടുന്ന കരുതലിനും സ്നേഹത്തിനും നിരവധി പേരാണ് കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. ഇതിനകം സോഷ്യൽ മിഡിയയില്‍ ദൃശ്യങ്ങൾ വൈറലാണ്