'അമ്മേ..പുറത്ത് പോയാൽ കൊറോണ കടിച്ചുപറപ്പിക്കും'; കൊച്ചുമിടുക്കിയുടെ ഉപദേശം!,  little girl, dhwani viral video, corona virus, kids, kidsclub, Manorama Online

'അമ്മേ..പുറത്ത് പോയാൽ കൊറോണ കടിച്ചുപറപ്പിക്കും'; കൊച്ചുമിടുക്കിയുടെ ഉപദേശം!

'അമ്മേ.. അവിടെ പോകാൻ പറ്റില്ല കൊറോണ വൈറസുണ്ട്..പുറത്ത് പോയാൽ കൊറോണ കടിച്ചുപറപ്പിക്കും' പുറത്തുപോകാനൊരുങ്ങുന്ന അമ്മയോട് ധ്വനി എന്ന കൊച്ചുമിടുക്കി കൊ‍ഞ്ചലോടെ പറയുന്ന വാക്കുകളാണ്. തിരുവനന്തപുരം ടെക്നോപാർക്ക് ഉദ്യോഗസ്ഥരായ വിഷ്ണുവിന്റേയും രമ്യയുടേയും മകളാണ് ഈ മൂന്ന് വയസ്സുകാരി. അടുത്തുതാമസിക്കുന്ന വിഷ്ണുവിന്റെ സഹോദരിയുടെ വീട്ടിൽ പോകാനൊരുങ്ങുമ്പോഴാണ് രമ്യയെ ഞെട്ടിച്ചുകൊണ്ട് ധ്വനിക്കുട്ടിയുടെ ഈ വാക്കുകൾ. മകളെ ശുണ്ഠി പിടിപ്പിക്കാനായി 'എനിക്ക് പോണം' എന്ന് രമ്യ പറയുമ്പോഴാണ് 'കൊറോണ കടിക്കും, കടിച്ചുപറപ്പിക്കും' എന്ന ധ്വനിയുടെ ക്ലാസ് ഡയലോഗ്.

'ഇതൊക്കെ എല്ലാവരും മനസ്സിലാക്കണം കേട്ടോ 😎😎 കടി കിട്ടിയിട്ടു പിന്നെ പറഞ്ഞിട്ടു കാര്യമില്ലേ' എന്ന അടിക്കുറിപ്പോടെയാണ് വിഷ്ണു മകളുടെ ഈ വിഡിയോ പങ്കുവച്ചത്. സാധാരണ ഇത്തരം കുറുമ്പ് വർത്തമാനങ്ങൾ മകള്‍ പറയുന്നതു കൊണ്ട് അതൊക്കെ ക്യാമറയിൽ പകർത്താറുണ്ട്. അങ്ങനെയാണ് ഈ തകർപ്പൻ ഉപദേശവും ഷൂട്ട് ചെയ്തത്.

കളിക്കാനും പുറത്തുപോകാനുമൊക്കെ വാശിപിടിക്കുമ്പോൾ കൊറോണയെക്കുറിച്ച് മുതിർന്നവർ പറഞ്ഞുകൊടുന്ന കാര്യങ്ങള്‍ കുട്ടികളുടെ മനസിലും പതിയുന്നുണ്ട്. കോവിഡ് 19 വ്യാപകമായതോടെ ഈ രോഗത്തെക്കുറിച്ചും കൊറോണ വൈറസിനെ കുറിച്ചും മുതിർന്നവരെപ്പോലെ തന്നെ കൊച്ചുകുട്ടികളും ബോധവാന്മാരാണിപ്പോള്‍. വൈറസ് എന്താണെന്നു അറിയാത്ത കൊച്ചുകുട്ടികള്‍ പോലും ഇതിന്റെ അപകടവും ഭീകരാവസ്ഥയും മനസിലാക്കിയിരിക്കുന്നുവെന്നതിന് തെളിവാണ് ഈ വിഡിയോ.