ജെസി

ജെസി ടീച്ചറുടെ പാട്ടിനൊത്ത് ചുവടുവച്ച് പെൺകുട്ടി; ഏറ്റടെുത്ത് സോഷ്യൽ ലോകം

കൂടുകൂടി താമസിച്ചീടും കൂട്ടരുടെ
കൂടതൊന്നു നോക്കി വരാമോ...
മാടപ്രാവ് തത്തമൈനയും കൂട്ടും
കൂടതൊന്നു നോക്കി വരാമോ...

ഒന്നാംക്ലാസിലെ ജെസി ടീച്ചർ ആംഗ്യങ്ങളോടെ ഈണത്തിൽ പാടുമ്പോൾ അതിൽ ലയിച്ച് ടീച്ചർ പറയുന്നതൊക്കെ അതേപടി അനുകരിക്കുന്ന ചിന്മയി സൂരജ് എന്ന മിടുമിടുക്കിയുടെ വിഡിയോയാണിത്. നമ്മുടെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഓൺലൈൻ ക്ലാസുകൾ കുട്ടികൾ എത്രമാത്രം ആസ്വദിക്കുന്നുണ്ടെന്നതിന്റെ മറ്റൊരു തെളിവാണ് ഈ നാലുവയസുകാരിയുടെ വിഡിയോ.

ടീച്ചറുടെ പാട്ടിനനുസരിച്ച് ടീച്ചറേക്കാൾ ഉഷാറായാണ് ഈ മിടുക്കിയുടെ ചുവടുവയ്പ്പുകൾ. ഡൽഹിയി‌ലാണ് ചിന്മയിയുടെ താമസം. സ്കൂളിൽ ചേർന്നിട്ടില്ലെങ്കിലും ചിൻമയിയുടെ കസിൻ പറഞ്ഞാണ് ഓൺലൈന്‍ ക്ലാസിൽ പങ്കടെുക്കാൻ തുടങ്ങിയത്. അങ്ങനെയാണ് ജെസിടീച്ചറുടെ ക്ലാസ് കാണുന്നതും അത് ആസ്വദിച്ച് പഠിക്കുന്നതും. ചിന്മയിയുടെ അമ്മയുടെ ബന്ധുവും അധ്യാപികയുമായ ശ്രീലത രമേശ് ആണ് ഈ വിഡിയോ തന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്യുന്നത്. വിഡിയോ വൈറലായതിനെ തുടർന്ന് ജെസി ടീച്ചർ കാണുകയും ചിന്മയിയുമായി ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ പുതിയ വിഡിയോകൾ ടീച്ചർ ചിന്മയിയ്ക്ക് അയച്ചുകൊടുക്കാറുമുണ്ട്. ‌

ഈ അധ്യാപകർ മനോഹരമായാണ് കൊച്ചുകുട്ടികൾക്കായി ക്ലാസുകൾ എടുക്കുന്നത്, അതുകൊണ്ടാണ് ശരിക്കും ക്ലാസ് മുറിയിലെന്നപോലെ കുട്ടികളും ഇത്ര ആസ്വദിച്ച് ക്ലാസിൽ പങ്കടെുക്കുന്നത്. ക്ലാസിനവസാനം 'എല്ലാവരും ഇരുന്നേ' എന്നു ടീച്ചർ പറയുമ്പോൾ ക്ലാസിലെന്നപോലെ വേഗം പോയി ഇരിക്കുകയാണ് ചിന്മയി.

ഡൽഹിയിൽ എസ് എ പി സോഫ്റ്റ്​വെയർ കമ്പനിയിൽ എച്ച് ആർ മാനേജറായ സൂരജ് സുധാകറിന്റേയും കോട്ടയം സ്വദേശിനിയായ ലക്ഷ്മിയുടേയും മകളാണ് ചിന്മയി. ഈ പെൺകുട്ടി പൊതു വിദ്യാലയങ്ങളിലെ മുഴുവൻ കുഞ്ഞുങ്ങളുടെയും പ്രതീകമാണ് എന്നാണ് സോഷ്യൽ ലോകം വിശേഷിപ്പിക്കുന്നത്.

വിഡിയോ കാണാം