പ്രളയ സഹായമായി പണക്കുടുക്കയിലെ സമ്പാദ്യം; അഭിനന്ദിച്ച്  കലക്ടർ, Four year old, Riaan, Car, Zomatto, Balloons, Irshad Daftari, Social Media, Viral Post, Manorama Online

പ്രളയ സഹായമായി പണക്കുടുക്കയിലെ സമ്പാദ്യം; അഭിനന്ദിച്ച് കലക്ടർ

കേരളം പ്രളയത്തിൽ മുങ്ങിനിൽക്കുന്ന ഈ മഴക്കാലത്ത് കരുണയുടെ നിരവധി കരങ്ങൾ നാം കണ്ടു. പ്രളയ സഹായം തേടിയെത്തിയ സന്നദ്ധപ്രവർത്തകർക്ക് ചാക്കുകൾ നിറയെ വസ്ത്രം കൊടുത്ത തെരുവോര കച്ചവടക്കാരനായ നൗഷാദും തെരുവിലിരുന്ന സുഖമില്ലാത്ത ആ ബാലനുമൊക്കെ കരുണയുടെ മാലാഖമാരാണ്. അതുപോലെ നിരവധിയാളുകളാണ് പ്രളയത്തിലകപ്പെട്ടവർക്ക് സഹായവുമായെത്തുന്നത്. അതുപോലൊരു കൊച്ചുമിടുക്കിയെ പരിചയപ്പെടുത്തുകയാണ് ആലപ്പുഴ കലക്ടർ ഡോ. അദീല അബ്ദുല്ല. തന്റെ പണക്കുടുക്കയിലെ സമ്പാദ്യമായ പതിനായിരം രൂപയുമായാണ് ഭവ്യ ബസന്ത് എന്ന നാലാം ക്ലാസുകാരി കലക്ടറെ കാണാനെത്തിയത്. ഡോ. അദീല അബ്ദുല്ല പങ്കുവച്ച പോസ്റ്റിന് താഴെ ആ കൊച്ചുമിടുക്കിയ്ക്ക് അഭിനന്ദനങ്ങൾ നിറയുകയാണ്.

കലക്ടർ ഡോ. അദീല അബ്ദുല്ലയുടെ കുറിപ്പ്

'കഴിഞ്ഞ ദിവസം എന്നെ കാണുവാൻ ഒരു കൊച്ചുമിടുക്കി എത്തിയിരുന്നു. കുവൈറ്റിലെ ഭവൻസ് സ്മാർട്ട് ഇന്ത്യൻ സ്കൂളിൽ പഠിക്കുന്ന കുമാരി ഭവ്യ ബസന്ത് എന്ന നാലാം ക്ലാസുകാരി. കുവൈറ്റിലെ സ്കൂളുകളിൽ നിന്നും ബെസ്റ്റ് സ്റ്റുഡന്‍റായി തെരഞ്ഞെടുത്ത കുമാരി ഭവ്യ - ഗ്ലോബൽ റോഡിയോ 91.2 എഫ്.എം. ലെ പ്രാതിഭാലോകം എന്ന പരിപാടിയിൽ പങ്കെടുക്കവെ ആർ .ജെ. - രശ്മിയോട് തനിക്ക് കളക്ടറെ കാണണമെന്ന ആഗ്രഹം അറിയിച്ചത്. അപ്പുപ്പന്‍ ശ്രീ. ഗംഗാദത്തൻ രശ്മി എന്നിവരോടൊപ്പമെത്തിയ കുമാരി ഭവ്യ അവളുടെ പണകുടുക്കയിലെ സമ്പാദ്യമായ 10,000/- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കുന്നതിനായി എന്നെയേല്‍പ്പിച്ചാണ് മടങ്ങിയത്. പോകുന്നതിനു മുന്‍പ് അവൾക്കും കളക്ടറാകണമെന്ന ആഗ്രഹം എന്നോട് പറഞ്ഞു. ആ കൊച്ചുമിടുക്കിയുടെ ആഗ്രഹങ്ങളെല്ലാം സാധിക്കട്ടേയെന്ന് ഞാന്‍ പ്രാർത്ഥിക്കുന്നു.....'