'എനിക്ക് ചക്ക നല്ലിഷ്ടാണ്, വീട്ടിൽ ചക്കയുണ്ടാകുമ്പോ തരണം'; 'ചക്ക'രക്കുട്ടിയുടെ വിഡിയോ , Social media post, Little girl asking for jackfruit, viral video, Kidsclub, Manorama Online

'എനിക്ക് ചക്ക നല്ലിഷ്ടാണ്, വീട്ടിൽ ചക്കയുണ്ടാകുമ്പോ തരണം'; 'ചക്ക'രക്കുട്ടിയുടെ വിഡിയോ ​

'എനിക്ക് നല്ലിഷ്ടാണ്.. ആരുടെയെങ്കിലും വീട്ടിൽ ചക്കയുണ്ടാകുമ്പോ എനിക്ക് കൊണ്ടുവന്നു തരണം, ആദ്യത്തെ ചക്ക എനിക്ക് കൊണ്ടുവന്നു തരണം, എനിക്ക് ചക്ക നല്ലിഷ്ടാണ്, 'പയുത്ത' ചക്കയാണ് എനിക്ക് നല്ലിഷ്ടം, ചക്കക്കൂട്ടാനും എനിക്ക് നല്ലിഷ്ടാ... ചക്ക ഒത്തിരി ഇഷ്ടമുള്ളൊരു ഒരു കുഞ്ഞു മോളുടെ വിഡിയോയാണിത്. 'നിങ്ങളുടെ വീട്ടിൽ ചക്ക ഉണ്ടാവുകയാണെങ്കിൽ ഈ മോൾക്ക് ഒന്നുകൊണ്ട് കൊടുക്കണേ' എന്ന അടിക്കുറിപ്പോടെ പങ്കുവയ്ക്കപ്പെടുന്ന ഈ വിഡിയോ സോഷ്യൽ ലോകത്ത് വൈറലാകുകയാണ്.

ഈ മോൾക്ക് ചക്ക കൊടുക്കാൻ തയ്യാറായി നിരവധി ആളുകളാണ് വിഡിയോയ്ക്ക് താഴെ കമന്റുമായെത്തിയിരിക്കുന്നത്. കുഞ്ഞിപ്പെണ്ണിന്റെ അഡ്രസ് ഒന്ന് അറിഞ്ഞാൽ ചക്കയുമായെത്താൻ നിരവധിപ്പേർ തയ്യാറായി നിൽക്കുകയാണ്. ചിലരാകട്ടെ തങ്ങളുടെ ഫോൺ നമ്പർ കമന്റ് ചെയ്തിട്ടുണ്ട്, ആ നമ്പരിൽ വിളിച്ചാൽ മോൾ എവിടെയാണെങ്കിലും ചക്ക എത്തിക്കാൻ റെഡിയാണെന്ന് മറ്റു ചിലർ. കൊറിയറായി ചക്ക എത്തിക്കാമെന്ന വാഗ്ദാനവുമായെത്തിയവരുമുണ്ട്.

ഈ 'ചക്ക' രക്കുട്ടിയുടെ വിഡിയോ കണ്ടാൽ ആർക്കാണ് ചക്ക എത്തിക്കാൻ തോന്നാത്തത്. ഈ കുഞ്ഞിന്റെ പേരോ മറ്റുവിവരങ്ങളോ ലഭ്യമല്ല. ഈ വിഡിയോ വൈറലായതോടെ മോൾക്ക് കൊതിതീരെ കഴിക്കാൻ ചക്ക കിട്ടിയിട്ടുണ്ടാകുമെന്ന വിശ്വാസവും പങ്കുവയ്ക്കുന്നുണ്ട് ചിലർ.

വിഡിയോ കാണാം