ഇടിച്ചിട്ടയാൾക്ക് അറിയില്ലല്ലോ ആ ജീവൻ ഈ കുഞ്ഞിന് പ്രിയപ്പെട്ടതാണെന്ന്; കണ്ണുനിറയ്ക്കും വിഡിയോ
,Social media post, little boy's. pet dog, killed,  accident, viral vodeo, Kidsclub, Manorama Online

ഇടിച്ചിട്ടയാൾക്ക് അറിയില്ലല്ലോ ആ ജീവൻ ഈ കുഞ്ഞിന് പ്രിയപ്പെട്ടതാണെന്ന്; കണ്ണുനിറയ്ക്കും വിഡിയോ

നിരത്തുകളിലൂടെയുള്ള വാഹനങ്ങളുടെ കുതിച്ചു പായലിന് ഏതൊക്കെ രീതിയിലുള്ള നിയന്ത്രണം ഏർപ്പെടുത്തിയിട്ടും ഇന്നും അപകടങ്ങൾക്ക് കുറവൊന്നുമില്ല. പ്രത്യേകിച്ച് ഹൈവേകളിലാണ് നിലം തൊടാതെയുള്ള ഈ പാച്ചിൽ നടക്കുന്നത്. കാറുകളും ബൈക്കുകളും മറ്റു വാഹനങ്ങളും അമിത വേഗത്തിൽ ഇങ്ങനെ പായുമ്പോൾ അതിന് ഇരയാകേണ്ടി വരുന്നത് പൂച്ചകളും പട്ടികളും ഉൾപ്പെടെയുള്ള നാൽക്കാലികളാണ്.

ഉടമസ്ഥർ ഇല്ലാത്തതുകൊണ്ടല്ലേ ഈ മൃഗങ്ങൾ ഇങ്ങനെ അലഞ്ഞു തിരിയുന്നത് എന്ന ധാരണയിൽ ഇവയെ ഇടിച്ചിട്ടാൽ പോലും ഡ്രൈവർമാർ ഒന്ന് തിരിഞ്ഞു നോക്കില്ല. അങ്ങനെ ആവശ്യമായ ചികിത്സ കിട്ടാതെ വണ്ടിയിടിച്ച് വീണ മൃഗങ്ങൾ ചത്ത് പോകുന്നു. ചില മൃഗങ്ങൾ അപകടം നടക്കുന്ന നിമിഷം തന്നെ ചത്തു പോകുന്നു.

എന്നാൽ ഇത്തരത്തിൽ നടന്ന ഒരു അപകടം ഇവിടെ ഒരു കുട്ടിയുടെ പ്രിയപ്പെട്ട നായയുടെ ജീവന്‍ അപഹരിച്ചിരിക്കുകയാണ്. ഉടമക്കൊപ്പം റോഡ് ക്രോസ് ചെയ്യുന്നതിനിടയിൽ അമിതവേഗത്തിൽ വന്ന വാഹനം ഇടിച്ച് ജീവൻ പോയ നായയുടെ ശരീരത്തിന് അടുത്ത നിന്ന് കരയുന്ന ആ കുട്ടിയുടെ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്.

മനഃസാക്ഷിയിട്ടുള്ള ഏതൊരു വ്യക്തിയുടെയും കണ്ണുകളെ ഈറനണിയിക്കുന്നതാണ് കുട്ടിയുടെ കരച്ചിൽ. റോഡരികിൽ കിടക്കുന്ന തന്റെ പ്രിയപ്പെട്ട നായ ചത്തെന്ന് വിശ്വസിക്കാൻ അവനാകുന്നില്ല. അതിനെ അവിടെ ഉപേക്ഷിച്ചു പോകാനും സാധിക്കുന്നില്ല. ഇത്തരത്തിൽ ധർമ്മസങ്കടത്തിലായ കുട്ടി വേദനയോടെ ചുറ്റുപാടും നോക്കുന്നുണ്ട്. ഇടിച്ചിട്ടയാൾക്ക് അറിയില്ലല്ലോ, ആ ജീവൻ ഈ കുഞ്ഞിന് പ്രിയപ്പെട്ടവനാണെന്ന്.

സോഷ്യൽ മീഡിയയിൽ വൈറലായ വിഡിയോക്ക് താഴെ കമന്റുകളും സഹതാപവാക്കുകളുമായി ധാരാളം ആളുകൾ എത്തുന്നുണ്ട്. നിരത്തുകളിൽ പാലിക്കേണ്ട സാമാന്യ മര്യാദ ഡ്രൈവർമാർക്ക് മനസിലാക്കാൻ ഈ വിഡിയോയും ആ കുഞ്ഞിന്റെ വേദനയും സഹായിക്കുമെന്നാണ് ഒരു കൂട്ടർ അഭിപ്രായപ്പെടുന്നത്.