‘നല്ലൊരു അച്ഛനെയും കൊണ്ടു തരുമോ?’; സാന്റയ്ക്ക് കുരുന്നിന്റെ കണ്ണു നിറയ്ക്കും കത്ത് , Little-boy-s-letter-to-santa Manorama Online

‘നല്ലൊരു അച്ഛനെയും കൊണ്ടു തരുമോ?’; സാന്റയ്ക്ക് കുരുന്നിന്റെ കണ്ണു നിറയ്ക്കും കത്ത്

നവീൻ മോഹൻ

ഞങ്ങൾക്കു വീട് വിട്ടിറങ്ങേണ്ടി വന്നു. അച്ഛൻ ഭയങ്കര ദേഷ്യത്തിലായിരുന്നു...’ മഞ്ഞിൻതണുപ്പുള്ള ഡിസംബറിൽ ഒരു കുരുന്നുകൈ കുറിച്ച വാക്കുകളാണിത്. അവന്റെ പേര് ബ്ലെയ്ക്. വെറും ഏഴു വയസ്സേ ആയിട്ടുള്ളൂ യുഎസിലെ ടെക്സസിൽ നിന്നുള്ള ഈ കുരുന്നിന്. ലോകമെങ്ങും ക്രിസ്മസ് ആഘോഷിക്കുമ്പോൾ അവനു പക്ഷേ അമ്മയ്ക്കൊപ്പം വീ‌ടു വിട്ടിറങ്ങേണ്ടി വന്നു. ‘അച്ഛന് ആവശ്യമുള്ളതെല്ലാം കിട്ടിക്കഴിഞ്ഞു. ഞങ്ങളാണ് വീട്ടിലെ ജോലിയെല്ലാം ചെയ്യുന്നത്. അപ്പോഴാണ് അമ്മ പറഞ്ഞത് വീട്ടിൽ നിന്നിറങ്ങാൻ സമയമായെന്ന്. പേടിയില്ലാതെ കഴിയാനാകുന്ന ഒരിടത്തേക്കു കൊണ്ടുപോകാമെന്നാണ് അമ്മ പറഞ്ഞത്...’ കുഞ്ഞുബ്ലെയ്ക് എഴുതുന്നു.

അമ്മ പറഞ്ഞ ആ ‘പേടിയില്ലാതെ ജീവിക്കാവുന്ന സ്ഥലം’ ടെക്സസിലെ ഗാർഹിക പീഡനത്തിനിരയായവരെ പാർപ്പിക്കുന്ന ‘സേഫ് ഹെവൻ’ എന്ന ഷെൽട്ടർ ഹോം ആയിരുന്നു. അവിടെ ജീവിക്കുന്നതിനിടെയായിരുന്നു ബ്ലെയ്ക് ഹൃദയസ്പർശിയായ കത്ത് സാന്റായ്ക്ക് അയച്ചത്. കത്ത് പോസ്റ്റ് ചെയ്യാനൊന്നും സാധിച്ചില്ല. ബാഗിൽ നിന്ന് അതു കണ്ടെടുത്തത് ബ്ലെയ്ക്കിന്റെ അമ്മയായിരുന്നു. അധികൃതർ ആ കത്ത് പുറത്തുവിടുകയും ചെയ്തു. ലോകമെമ്പാടുമുള്ളവർ അതേറ്റെടുക്കാനും അധികം ദിവസം വേണ്ടിവന്നില്ല. ‘എന്റെ പേടി ഇപ്പോഴും മാറിയിട്ടില്ല. മറ്റു കുട്ടികളോടൊന്നും സംസാരിക്കാൻ പോലും ആഗ്രഹമില്ല. സാന്റാ, ഇത്തവണത്തെ ക്രിസ്മസിന് നീ വരുന്നുണ്ടോ? ഇവിടെ ഞങ്ങളുടെ കയ്യിൽ സ്വന്തമായൊന്നുമില്ല. എനിക്ക് കുറച്ചു കഥാപുസ്തകങ്ങളും ഒരു ഡിക്‌ഷനറിയും ഒരു വടക്കുനോക്കിയന്ത്രവും ഒരു വാച്ചും കൊണ്ടുത്തരാമോ? എനിക്കൊരു വളരെ നല്ല, നല്ല നല്ല അച്ഛനേയും വേണം. എന്നെ സഹായിക്കില്ലേ..? സ്നേഹത്തോടെ ബ്ലെയ്ക്’ എന്നെഴുതി അവൻ കത്ത് അവസാനിപ്പിക്കുന്നു.

കത്ത് കണ്ടെത്തിയ അമ്മ അത് ഷെൽട്ടർ ഹോം അധികൃതർക്കു കൈമാറി. അവരാണത് ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. 7 വയസ്സുകാരനാണ് എന്നതൊഴിച്ചു ശേഷിച്ച വിവരങ്ങളൊന്നും ബ്ലെയ്ക്കിനെപ്പറ്റി പുറത്തുവിട്ടിട്ടില്ല. പക്ഷേ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒട്ടേറെ പേരാണ് ഈ കത്തിനു മറുപടിയായി ബ്ലെയ്ക്കിന് സമ്മാനങ്ങളയച്ചത്. ‘നിങ്ങളുടെ സ്നേഹസമ്മാനങ്ങൾക്കു നന്ദി. കുഞ്ഞുബ്ലെയ്ക്കിന് അവൻ സാന്റായോട് ചോദിച്ചതെല്ലം കിട്ടിക്കഴിഞ്ഞു. അവനും അമ്മയും ഞങ്ങൾക്കൊപ്പം സുരക്ഷിതരായുണ്ട്..’ ഷെൽട്ടർ ഹോം അധികൃതർ വെബ്സൈറ്റിൽ കുറിച്ചു. 117 കുട്ടികളും അമ്മമാരുമുണ്ട് 40 വർഷമായി പ്രവർത്തിക്കുന്ന ഈ ഷെൽട്ടർ ഹോമിലിപ്പോൾ. അവരുടെ വിവരങ്ങളൊന്നും അധികൃതർ പുറത്തുവിടില്ല. ബ്ലെയ്ക്കിനും അമ്മയ്ക്കുമൊപ്പം ബാക്കിയുള്ളവർക്കും സമ്മാനങ്ങൾ വന്നുകൊണ്ടേയിരിക്കുകയാണ്. ഒരു കുഞ്ഞു കത്ത് കൊണ്ടുവന്നത് ഒരായിരം നന്മകൾ.