ചേച്ചിയെ അറസ്റ്റ് ചെയ്യണമെന്ന് അനിയന്‍; പിന്നിലെ കഥ: ഊഷ്മളം ക്ലൈമാക്സ്  , little boy police complaint against, sister kozhikode ,  kidsclub, Manorama Online

ചേച്ചിയെ അറസ്റ്റ് ചെയ്യണമെന്ന് അനിയന്‍; പിന്നിലെ കഥ: ഊഷ്മളം ക്ലൈമാക്സ്

ബി. എല്‍ അരുൺ

നല്ല രസികന്‍ കൈപ്പട. ഇംഗ്ലീഷിലാണ് എഴുത്ത്. ഉള്ളടക്കം പരിശോധിച്ച പൊലീസുകാര്‍ ആദ്യമൊന്നു സംശയിച്ചു. ഇത് മൂന്നാം ക്ലാസുകാരന്റെ തന്നെ എഴുത്താണോ. അതോ മറ്റുള്ളവരാരെങ്കിലും കബളിപ്പിക്കാന്‍ ശ്രമിച്ചതാണോ. പൊലീസുകാരുടെ സംശയം കണ്ണുകളിലൂടെ വായിച്ചറിഞ്ഞ മൂന്നാം ക്ലാസുകാരന്‍ പറഞ്ഞു. അമ്മയൊന്നുമറിയാതെ ഞാനെഴുതിയ പരാതിയാണ്. ഇത് സ്വീകരിച്ച് സഹോദരിയെയും നാല് കൂട്ടുകാരികളെയും ഉടന്‍ അറസ്റ്റ് ചെയ്യണം. അല്ലാതെ ഒരടി പിന്നോട്ടില്ല. പ്രതിഷേധമെന്ന പോലെ കുട്ടി നിലയുറപ്പിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് മനസിലായി. ഇത് കുട്ടിക്കളിയല്ല. മൂന്നാം ക്ലാസുകാരന്റെ ആവശ്യം അല്‍പം ഗൗരവമുള്ളത് തന്നെയാണ്.

ആദ്യം തമാശ. പിന്നീട് സൗന്ദര്യപ്പിണക്കം. ഒടുവില്‍ പരാതിയും

മുതിര്‍ന്നയാളെന്ന നിലയില്‍ സഹോദരി മൂന്നാം ക്ലാസുകാരനോട് കാട്ടിയ വാല്‍സല്യവും അല്‍പം കുസൃതിയുമാണ് പരാതിക്കിടയാക്കിയത്. ലോക്ഡൗണില്‍ കുട്ടികള്‍ പൂര്‍ണമായും വീട്ടിലിരുന്നപ്പോള്‍ മുറ്റത്തും സമീപ വീടുകളിലും ഇരുവരും കളിക്കാന്‍ വഴി തേടി. ചെറിയ കുട്ടിയായതിനാല്‍ മൂത്തവര്‍ക്കൊപ്പം കളിക്കേണ്ടെന്ന് സഹോദരിയുടെ കൂട്ടുകാരികളും പറഞ്ഞു. ഇത് കുട്ടിയുടെ മനസിലുണ്ടാക്കിയ വേദന ചെറുതായിരുന്നില്ല. ആദ്യമൊക്കെ അവര്‍ക്ക് മുന്നിലെത്തി കളിക്കാന്‍ കൂട്ടണമെന്ന് ആവശ്യപ്പെട്ടു. രക്ഷയില്ലാതെ വന്നപ്പോള്‍ അച്ഛനോടും അമ്മയോടും പറഞ്ഞു. അവരെല്ലാം തമാശയെന്നാണ് ആദ്യം കരുതിയത്. വീണ്ടും കളിക്കാന്‍ കൂട്ടാക്കാതെ വന്നതോടെ ആരുമറിയാതെ പൊലീസില്‍ പരാതി നല്‍കാന്‍ കുഞ്ഞുമനസ് തീരുമാനിക്കുകയായിരുന്നു.

എഴുതി ബാഗില്‍ സൂക്ഷിച്ചു. വീട്ടുകാരറിയാതെ പരാതി പൊലീസുകാര്‍ക്ക്

ജനമൈത്രി പൊലീസിന്റെ ഭാഗമായി മൂന്നാം ക്ലാസുകാരനും കുടുംബവും താമസിക്കുന്ന പുതിയപാലത്തെ വീട്ടില്‍ ഞായറാഴ്ച വിവരശേഖരണത്തിന് എത്തിയതായിരുന്നു കസബ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ യു.പി. ഉമേഷും, കെ.ടി.നിറാസും. വിവരം തിരക്കുന്നതിനിടയിലാണ് കുട്ടി എഴുതി തയാറാക്കി ബാഗില്‍ സൂക്ഷിച്ചിരുന്ന പരാതി വീട്ടുകാരറിയാതെ പൊലീസുകാര്‍ക്ക് കൈമാറിയത്. സഹോദരിയുടെയും കൂട്ടുകാരികളുടെയും പേരും പ്രായവും കത്തില്‍ രേഖപ്പെടുത്തിയിരുന്നു. പ്രാഥമിക വിവരം ശേഖരിച്ച ഉദ്യോഗസ്ഥര്‍ അടുത്തദിവസം കുട്ടിയെയും കൂട്ടി രക്ഷിതാക്കളോട് സ്റ്റേഷനിലെത്താന്‍ നിര്‍ദേശിച്ചു. പരാതിക്കാരനെയും സഹോദരി ഉള്‍പ്പെടെയുള്ള അഞ്ചുപേരെയും രക്ഷിതാക്കളുടെ സഹായത്തോടെ കസബ സ്റ്റേഷനില്‍ വിളിച്ചുവരുത്തി വിവരങ്ങള്‍ തിരക്കുകയായിരുന്നു.