ലോക്ഡൗണിലും ലോക്ക് ആകാതെ കുട്ടപ്പായിയും പെങ്ങന്മാരും !, Corona, Covid19, Kuttappai n Sisters, Youtube channel, siblings, kids  Manorama Online

ലോക്ഡൗണിലും ലോക്ക് ആകാതെ കുട്ടപ്പായിയും പെങ്ങന്മാരും !

ലക്ഷ്മി നാരായണൻ

'കുട്ടപ്പായി ആൻഡ് പെങ്ങൾസ്' ഒരു യുട്യൂബ് ചാനലിന്റെ പേരാണ്. പേര് കേട്ടിട്ടിട്ട് അല്പം കൗതുകമൊക്കെ തോന്നുന്നത് സ്വാഭാവികം. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഇത് കുട്ടപ്പായിയുടെയും പെങ്ങന്മാരുടെയും കഥയാണ്. കഴിവും ആത്മവിശ്വാസവും അല്പം കൂടുതലായുള്ളവർക്ക് തങ്ങളുടെ കഴിവ് തെളിയിക്കാൻ ഒരു അവസരം അവരെത്തേടി എത്തേണ്ട കാര്യമില്ല. വല്ലഭനു പുല്ലും ആയുധം എന്ന പോലെ തങ്ങൾക്ക് തിളങ്ങാനുള്ള അവസരങ്ങൾ അവർ സ്വയം കണ്ടെത്തും. ഇത്തരത്തിൽ തങ്ങൾക്ക് തിളങ്ങാനുള്ള അരങ്ങ് സ്വയം കണ്ടെത്തിയവരാണ് കുട്ടപ്പായിയും പെങ്ങന്മാരും. ന്യൂസിലാൻഡിൽ നിന്നും ഫെയ്സ്‌ബുക്കിലൂടെയും യുട്യൂബ് ചാനലിലൂടെയും വ്ലോഗുകളും ഡാൻസുമായി ശ്രദ്ധേയരായ കുട്ടപ്പായിയുടെയും പെങ്ങന്മാരുടെയും കഥയിങ്ങനെ...

എറണാകുളം ജില്ലയിലെ പിറവത്ത് നിന്നും അച്ഛനമ്മാർക്കൊപ്പം ആറു വർഷങ്ങൾക്ക് മുൻപ് ന്യൂസിലാൻഡിലേക്ക് ചേർക്കേറിയവരാണ് കുട്ടപ്പായിയും പെങ്ങന്മാരും. എന്നു വച്ചാൽ മൂത്തയാൾ അക്വില, രണ്ടാമൻ കുട്ടപ്പായി എന്ന അഫ്രയിം, മൂന്നാമത്തെയാൾ അഫ്രിമ. അക്വിലക്ക് വയസ്സ് 15 , കുട്ടപ്പായിക്ക് 13 , അഫ്രിമക്ക് 11 . മൂന്നു പേരും ഡാൻസ് എന്ന കലയെ പ്രാണനായി കരുതുന്നവർ. നാട്ടിലായിരിക്കുമ്പോൾ ഇവരുടെ ഡാൻസ് കാണാനും പ്രോത്സാഹിപ്പിക്കാനുമൊക്കെ ചുറ്റിനും ആളുകളുണ്ടായിരുന്നു.

പപ്പ സിബിയുടെ അച്ഛനും അമ്മയുമായ എസ്തപ്പാനും മേരിയും 'അമ്മ മഞ്ജുവിന്റെ അച്ഛനമ്മമാരായ വർക്കിയും അമ്മിണിയും കുട്ടിക്കൂട്ടങ്ങൾക്ക് കട്ട സപ്പോർട്ട് ആയിരുന്നു. ന്യൂസിലാൻഡിലേക്ക് ചേക്കേറിയപ്പോൾ ജീവിതത്തിലെ അവസരങ്ങൾ വർധിച്ചു. എന്നാൽ ഇത്തരത്തിൽ കിട്ടിയിരുന്ന ചെറിയ ചെറിയ പ്രോത്സാഹനങ്ങളും കയ്യടികളും ഇല്ലാതായി. മലയാളി അസോസിയേഷനുകളും അതിന്റെ പ്രവർത്തനവും വളരെ കുറവായ പ്രവിശ്യയിലാണ് കുട്ടപ്പായിയുടെയും പെങ്ങന്മാരുടെയും താമസം. അതുകൊണ്ടു തന്നെ ഡാൻസും പാട്ടുമൊക്കെ വീട്ടിൽ തന്നെ ഒതുങ്ങി നിന്നു.
''അങ്ങനെയായാൽ പറ്റിയല്ലലോ, നമുക്ക് കിട്ടേണ്ട കൈയ്യടി നമുക്ക് തന്നെ കിട്ടണ്ടേ ? എന്താണ് അതിനൊരു വഴി?'' മൂത്തവളായ അക്വിലായാണ് ഒരു ഒഴിവ് ദിവസം ഈ ചോദ്യത്തിന് തുടക്കമിട്ടത്. ഉടനടി കുട്ടപ്പായിയുടെ ഉത്തരം വന്നു. ഫെയ്സ്ബുക്കിലിട്ടാലോ ? അതെ.. അങ്ങനെയാണ് കൂട്ടത്തിലെ ഏക ആൺതരിയും കുസൃതിയുമായ കുട്ടപ്പായിയുടെ നേതൃത്വത്തിൽ ഫെയ്സ്ബുക്കിൽ ഒരു ചാനൽ തുടങ്ങുന്നത്. കുട്ടപ്പായി ആൻഡ് പെങ്ങൾസ് എന്ന പേര് നിർദേശിച്ചത് അക്വിലയാണ്. വ്ലോഗുകളും നൃത്തവും ..ഇത് ഞങ്ങളുടെ ലോകം

ഫെയ്സ്ബുക്ക് അക്കൗണ്ട് തുടങ്ങി, ചില ഡാൻസ് വിഡിയോകൾ എടുത്ത് അപ്​ലോഡ് ചെയ്തു. പരിചയക്കാരും സുഹൃത്തുക്കളും വിഡിയോ കണ്ടു നൽകിയ പിന്തുണ മൂവർക്കും കൂടുതൽ വിഡിയോകൾ ചെയ്യാൻ പ്രോത്സാഹനമായി. അങ്ങനെയാണ് കുട്ടപ്പായിയും പെങ്ങന്മാരും തങ്ങളുടെ തട്ടകം വിപുലപ്പെടുത്തുന്നത്. ഒരു യുട്യൂബ് ചാനൽ കൂടി തുടങ്ങി. തങ്ങളുടെ യാത്രകൾ, വീട്ടിലെ ഒരു ദിവസം, ഡാൻസുകൾ, റ്റിക്റ്റോക്കുകൾ, പാചക പരീക്ഷണങ്ങൾ അങ്ങനെ പലവിധ കാര്യങ്ങൾ വിഡിയോകളാക്കി അപ്​ലോഡ് ചെയ്തു. ന്യൂസിലൻഡിലെ ആഘോഷങ്ങളും ന്യൂസിലൻഡിന്റെ ചരിത്രവുമെല്ലാം ഈ കുട്ടിക്കൂട്ടം വിഡിയോ ആക്കിക്കഴിഞ്ഞു.

''വിഡിയോ എടുക്കുന്നതും എഡിറ്റ് ചെയ്യുന്നതും ഞങ്ങൾ തന്നെയാണ്. തുടക്കത്തിൽ ഞാൻ ആണ് വിഡിയോ എഡിറ്റ് ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ കുട്ടപ്പായിയും ചെയ്തു തുടങ്ങി. നാട്ടിലുള്ള ഞങ്ങളുടെ ഫ്രെണ്ട്സിനും റിലേറ്റിവ്‌സിനും എല്ലാം ഇപ്പോൾ ഞങ്ങളുടെ പെർഫോമൻസ് കാണാം. അവർ ഞങ്ങൾ പിന്തുണയ്ക്കുന്നു. അതാണ് ഏറ്റവും വലിയ സന്തോഷം. ഓരോ വിഡിയോ അപ്​ലോഡ് ചെയ്യുമ്പോഴും നിരവധിയാളുകൾ കമന്റുകളും മെസ്സേജുകളും അയക്കാറുണ്ട്. പഠിത്തത്തെ ബാധിക്കാത്ത രീതിയിൽ ഞങ്ങളുടെ ടാലന്റ് പ്രദർശിപ്പിക്കാൻ ഞങ്ങൾ കണ്ടെത്തിയ വഴിയാണിത്'' കുട്ടപ്പായിയുടെ മൂത്ത പെങ്ങളായ അക്വില പറയുന്നു.

ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന 'അമ്മ മഞ്ജുവും സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന പപ്പ സിബിയും മക്കൾക്ക് പൂർണ പിന്തുണയാണ് നൽകുന്നത്. ഇപ്പോൾ ന്യൂസിലാൻഡിൽ കൊറോണ വ്യാപനത്തെത്തുടർന്നു കടുത്ത നിയന്ത്രണവും ലോക്ഡൗണും ആണ്. മഞ്ജുവിന് എന്നിരുന്നാലും ജോലിക്ക് പോകണം. ഈ സമയമത്രയും വീട്ടിലിരുന്ന് തങ്ങളുടേതായ സൈബറിടം ഒരുക്കുന്ന തിരക്കിലാണ് കുട്ടപ്പായിയും പെങ്ങന്മാരും.

കൊറോണ വ്യാപനത്തിന്റെ പ്രതിസന്ധി മറികടക്കാൻ ഓരോ വ്യക്തികളും ചെയ്യേണ്ട കാര്യങ്ങളെപ്പറ്റിയും മാസ്ക് എങ്ങനെ വീട്ടിൽ നിർമിക്കാം എന്നതിനെപ്പറ്റിയുമെല്ലാം ഈ കുട്ടികൾ വിഡിയോ ചെയ്ത് കഴിഞ്ഞു. ഇതിലൂടെ ടാലന്റ് പ്രദർശിപ്പിക്കാൻ മാത്രമല്ല, സാമൂഹിക പ്രതിബദ്ധത കാണിക്കാനും ഞങ്ങൾക്കറിയാം എന്ന് തെളിയിക്കുകയാണ് കുട്ടപ്പായിയും പെങ്ങന്മാരും.

നാട് മിസ് ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് കുട്ടപ്പായിക്കും പെങ്ങന്മാർക്കും ഒരുത്തരമേയുള്ളൂ...'' പിന്നില്ലാതെ.. നാട്, നാട്ടിലെ ഭക്ഷണം...കാപ്പ, ചക്ക, മാങ്ങാ . പിന്നെ എല്ലാത്തിലും ഉപരിയായി ഞങ്ങളുടെ ഗ്രാൻഡ് പാരന്റ്സിനെ ഞങ്ങൾ വല്ലാതെ മിസ് ചെയ്യുന്നുണ്ട്..''

പറഞ്ഞു തീർക്കും മുൻപേ..അടുത്ത വിഡിയോ എടുക്കാനായി ക്യാമറയുമായി തയ്യാറായി കഴിഞ്ഞു മൂവർ സംഘം. മികച്ച അവസരം വരാനും സമയം തെളിയാനുമായി കാത്തിരുന്ന് കഴിവ് നശിപ്പിക്കുന്ന ആർക്കും പിന്തുടരാവുന്നതാണ് ഈ കുട്ടിക്കൂട്ടത്തിന്റെ സ്മാർട്ട് ആശയങ്ങൾ..

വിഡിയോ കാണാം